സുഹൃത്തുക്കളുടെ ദാരുണാന്ത്യം; തേങ്ങലടക്കാനാകാതെ നാട്
പേരാമ്പ്ര: സുഹൃത്തുക്കളായ യുവാക്കളുടെ ദാരുണാന്ത്യത്തില്‍ തേങ്ങലടക്കാനാകാതെ നാട്.
പേരാമ്പ്ര ടാക്‌സി സ്റ്റാന്‍ഡില്‍ ഡ്രൈവറായ ഫഹദും കോണ്‍ട്രാക്ടറായി പ്രവര്‍ത്തിക്കുന്ന ശ്രീകാന്തും ഉറ്റമിത്രങ്ങളും അയല്‍വാസികളും എന്നതിലപ്പുറം പരസ്പരം മനസുതുറന്ന് കാര്യങ്ങള്‍ പങ്കുവയ്ക്കുന്ന മനഃസ്ഥിതിയുള്ളവരായിരുന്നു.
ബില്‍ഡിങ് കോണ്‍ട്രാക്ടറായിരുന്ന ശ്രീകാന്ത് ഫഹദിനെയാണ് എന്നും ഡ്രൈവറായി കൂടെ കൂട്ടാറുള്ളത്. ടാക്‌സി സ്റ്റാന്‍ഡില്‍നിന്ന് ഇന്നലെ വൈകിട്ട് 4.50ന് സാധാരണ പോകുന്ന കാര്‍ ഒഴിവാക്കി സ്വിഫ്റ്റ് കാറില്‍ ബംഗളൂരുവിലേക്കു പോവുകയായിരുന്നു ഇരുവരും.
സംസ്ഥാന പാതയില്‍ കല്ലോട് എരഞ്ഞി അമ്പലത്തിനടുത്ത് വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാറും കുറ്റ്യാടിയില്‍നിന്ന് ഉള്ള്യേരിയിലേക്ക് പോവുകയായിരുന്ന സിനുദാന്‍ എന്ന സ്വകാര്യബസും നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ബസിനുള്ളിലകപ്പെട്ട കാര്‍ വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.
നാട്ടുകാരുടെയും ഫയര്‍ഫോഴ്‌സിന്റെയും പൊലിസിന്റെയും ഏറെ പ്രയത്‌നത്തിനൊടുവിലാണ് ഇരുവരെയും പുറത്തെടുക്കാനായത്. ഫഹദിന്റെയും ശ്രീകാന്തിന്റെ മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കുറഞ്ഞ കാലം കൊണ്ടുതന്നെ എല്ലാവരിലും വിശ്വാസം നേടിയ ശ്രീകാന്ത് നിരവധി തൊഴിലാളികള്‍ക്ക് അത്താണിയായിരുന്നു.
ബംഗളൂരുവില്‍നിന്ന് മാര്‍ബിള്‍ എടുക്കുന്നതിനായാണ് സുഹൃത്തിനെയും കൂട്ടി യാത്രതിരിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്നു ശ്രീകാന്തിനെ വീട്ടുവളപ്പിലും ഫഹദിനെ ചേനോളി പള്ളി ഖബര്‍സ്ഥാനിലും മറവുചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."