സ്വകാര്യ ബാങ്കിന്റെ സി.ഡി.എമ്മില്‍ പണം നിക്ഷേപിച്ചവര്‍ അങ്കലാപ്പില്‍
കോതമംഗലം: പ്രമുഖ സ്വകാര്യ ബാങ്കിന്റെ സി.ഡി.എമ്മിന്റെ മെഷീനില്‍ പണം നിക്ഷേപിച്ചവര്‍ അങ്കലാപ്പില്‍. ചെറുപള്ളി താഴത്തെ സി.ഡി.എമ്മില്‍ പണമിട്ട നിരവധി പേരാണ് പരാതിയുമായി രംഗത്ത്. പണം നിക്ഷേപിച്ച ശേഷം കൈപ്പറ്റിയ രസീത് ലഭിക്കാതെ 'ഇടപാട് റദ്ദാക്കിയിരിക്കുന്നു ബാങ്കുമായി ബന്ധപ്പെടുക 'എന്ന രസീതാണ് നിക്ഷേപകര്‍ക്ക് ലഭിക്കുന്നത്.
ഇന്നലെ പന്ത്രണ്ട് മണിയോടെ പണം നിക്ഷേപിച്ച നെല്ലിക്കുഴി ചിറപ്പടി അബിക്കും പണം കൈപറ്റിയ രസീത് ലഭിക്കാത്തതിനെ തുടര്‍ന്ന് ബാങ്കില്‍ ചെന്നപ്പോള്‍ പരാതി വാങ്ങി തിരിച്ചയക്കുകയായിരുന്നു. ഈ സമയം സമാന രീതിയില്‍ മെഷിന്‍ തകരാറ് മൂലം പണം അക്കൗണ്ടില്‍ കയറാതിരുന്ന നിരവധി പേര്‍ എത്തിയിരുന്നു. സാധാരണ സംഭവമെന്ന രീതിയില്‍ തിരക്ക് അഭിനയിച്ച് ഉപഭോക്താതാക്കളെ മടക്കി അയക്കുകയായിരുന്നുവെന്നും അബി പറഞ്ഞു.
തനിക്ക് ഇ.എം.ഐ അടക്കേണ്ട പണമാണ് ബാങ്കില്‍ നിക്ഷേപിച്ചതെന്നും ബാങ്കിന്റെ പിഴവ്മൂലം തുക അക്കൗണ്ടില്‍ വരാത്തതിനാല്‍ താന്‍പിഴ ഒടുക്കേണ്ട ഗതികേടിലായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം കുട്ടിയുടെ ഫീസടക്കാനായി അജിത് കുമാര്‍ അടച്ച രണ്ട് ലക്ഷത്തോളം വരുന്ന തുകയും ദിവസങ്ങള്‍ക്ക് ശേഷമാണ് അക്കൗണ്ടിലേക്കെത്തിയത്. ഇത്തരത്തില്‍ സമയം ലാഭം പ്രതീക്ഷിച്ച് സി.ഡി.എം മെഷീനെ ആശ്രയിക്കുന്ന നിരവധി പേരാണ് ബാങ്കിന്റെ സാങ്കേതിക തകരാറ് മൂലം കെണിയില്‍ പെടുന്നത്.
എന്നാല്‍ മെഷീന്‍ തകരാറുകളോ ഹാര്‍ഡ് വെയര്‍ പ്രശ്‌നങ്ങളുമല്ല, ഓണ്‍ലൈന്‍ ഡ്രോപ്പിങ് മൂലമാണ് പണമിടപാട് പൂര്‍ത്തീകരിക്കാനാകത്തതെന്ന് ബ്രാഞ്ച് മാനേജര്‍ പറഞ്ഞു. ഏഴ് ദിവസത്തിനുള്ളില്‍ പണം അക്കൗണ്ടില്‍ കയറുമെന്നും ആരുടേയും പണം നഷ്ടമാവില്ലെന്നും മാനേജര്‍ ഉറപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."