വൃദ്ധദമ്പതികളുടെ കൊലപാതകം: മരുമകളും അറസ്റ്റില്‍
പാലക്കാട്: വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയ സംഭവത്തില്‍ മരുമകള്‍ ഷീജയെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ജില്ലാ ആശുപത്രിയില്‍ കഴിയുന്ന ഷീജയെ ഇന്നലെ ഉച്ചയ്ക്കു ശേഷം കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്ത ശേഷം രാത്രി അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ഭര്‍തൃപിതാവ് സ്വാമിനാഥനോടുള്ള മുന്‍വൈരാഗ്യം തീര്‍ക്കാന്‍ വേണ്ടി കൊലപ്പെടുത്താന്‍ സുഹൃത്തായ സദാനന്ദനെ ചുമതലപ്പെടുത്തുകയായിരുന്നുവെന്ന് ഷീജ പൊലിസിനോട് സമ്മതിച്ചിട്ടുണ്ട്. കൊലപ്പെടുത്തിയാല്‍ ഓട്ടോറിക്ഷയും അഞ്ചു സെന്റ് സ്ഥലവും വാങ്ങി നല്‍കാമെന്ന് ഷീജ വാഗ്ദാനം നല്‍കിയതായും കഴിഞ്ഞ ദിവസം പിടിയിലായ സദാനന്ദന്‍ പൊലിസിനോട് പറഞ്ഞു.
സദാനന്ദനെ ഇന്നലെ സ്വാമിനാഥന്റെ വീട്ടിലെത്തിച്ച് തെളിവെടുത്തു. തെളിവെടുപ്പില്‍ കൊലപാതകത്തിനുപയോഗിച്ച കത്തി ഒരു കിലോമീറ്റര്‍ അകലെയുള്ള പൂളക്കുണ്ടില്‍ നിന്നും ചുറ്റിക, താഴ് എന്നിവ വീടിനോട് ചേര്‍ന്നുള്ള കിണറ്റില്‍ നിന്നും കണ്ടെടുത്തു. രാവിലെ തുടങ്ങിയ തെളിവെടുപ്പ് ഉച്ചയ്ക്ക് രണ്ട് മണിയോടെ പൂര്‍ത്തിയായി.
തോലനൂര്‍ കുന്നിന്‍മേല്‍ വീട്ടില്‍ വിമുക്തഭടനായ സ്വാമിനാഥന്‍ (75), ഭാര്യ പ്രേമകുമാരി (66) എന്നിവരാണ് ചൊവ്വാഴ്ച്ച രാത്രിയില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ മകന്റെ ഭാര്യ ഷീജയുടെ സുഹൃത്ത് എറണാകുളം പറവൂര്‍ സ്വദേശി സദാനന്ദനെ ബുധനാഴ്ച്ച പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ കൊലപാതക കുറ്റവും സ്വാമിനാഥനെ ഓഗസ്റ്റ് 31 ന് ഷോക്കടിപ്പിച്ച് വധിക്കാന്‍ ശ്രമിച്ചതും സമ്മതിച്ചതായി പൊലിസ് പറഞ്ഞു. സൈബര്‍ സെല്ലിന്റെ നേതൃത്വത്തില്‍ ഫോണ്‍ കോളുകള്‍ പരിശോധിച്ചതിലാണ് സദാനന്ദനുമായുള്ള ഷീജയുടെ ബന്ധം മനസിലായത്. മങ്കര തേനൂരിലുള്ള ഷീജയുടെ തറവാട് വീടിനോട് ചേര്‍ന്നുള്ള ഔട്ട് ഹൗസിലാണ് ഇയാള്‍ വാടകയ്ക്ക് താമസിക്കുന്നത്. 19 വര്‍ഷം മുന്‍പാണ് പ്രദീപ്കുമാര്‍ ഷീജയെ വിവാഹം ചെയ്തത്. പ്രണയത്തിലായിരുന്ന ഇവരുടെ ബന്ധത്തെ സ്വാമിനാഥന്‍ എതിര്‍ത്തിരുന്നുവത്രെ.വിവാഹശേഷം ഷീജ നിരന്തരമായ മാനസിക പീഡനത്തിന് ഇരയായിരുന്നു. ഇതിലുള്ള വിദ്വേഷമാണ് കൊലയ്ക്ക് വഴിവച്ചതെന്ന് പൊലിസ് പറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരം 6.30 ഓടെ സംഭവസ്ഥലത്തെത്തിയ പ്രതി രാത്രി ഒരു മണിയോടെയാണ് കൃത്യം നടത്തിയതെന്ന് തെളിവെടുപ്പിനിടെ പൊലിസിനോട് സമ്മതിച്ചു. ഈ പ്രദേശത്തെ കുറിച്ചും ബസ് റൂട്ടുകളെ കുറിച്ചും ഷീജയില്‍ നിന്ന് പ്രതി വ്യക്തമായി മനസിലാക്കിയിരുന്നു. കൊലപാതകങ്ങള്‍ നടത്തിയ ശേഷം ഷീജയെ കെട്ടിയിട്ട് പ്രതി ബസ് കയറി സ്ഥലം വിടുകയായിരുന്നു. തെളിവെടുപ്പിനിടെ യാതൊരു സങ്കോചവുമില്ലാതെ സംഭവങ്ങളെല്ലാം പ്രതി പൊലിസിനോട് സമ്മതിച്ചു.
തെളിവെടുപ്പിന് പ്രതിയെ കൊണ്ടുവരുന്നതറിഞ്ഞ് നാട്ടുകാര്‍ തടിച്ചുകൂടിയിരുന്നു. ഇടയ്ക്ക് നാട്ടുകാര്‍ പ്രകോപിതരായി അസഭ്യവര്‍ഷവും കൂക്കിവിളിയും നടത്തി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വീട്ടിലെത്തിച്ച സ്വാമിനാഥന്റെയും പ്രേമകുമാരിയുടെയും മൃതദേഹങ്ങള്‍ തിരുവില്വാമല ഐവര്‍മഠം ശ്മശാനത്തില്‍ സംസ്‌കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."