ഹജ്ജ് ക്യാംപ്: രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കാന്‍ ഉന്നതതല യോഗം
നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഈ വര്‍ഷത്തെ ഹജ്ജ് ക്യാംപിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കാന്‍ നെടുമ്പാശ്ശേരിയില്‍ ഉന്നതതല യോഗം ചേര്‍ന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റി. സിയാല്‍, സഊദി എയര്‍ലൈന്‍സ്, കസ്റ്റംസ്, എമിഗ്രേഷന്‍, സി.ഐ.എസ്.എഫ്, മെഡിക്കല്‍ തുടങ്ങിയ വിഭാഗങ്ങളിലെ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്. ഈ മാസം 21 നാണ് ആദ്യ സംഘം ഹാജിമാര്‍ നെടുമ്പാശ്ശേരിയില്‍ മടങ്ങിയെത്തുന്നത്. അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടി 3 ടെര്‍മിനലില്‍ വന്നിറങ്ങുന്ന ഹാജിമാര്‍ക്ക് നമസ്‌ക്കരിക്കുന്നതിനും, വിശ്രമിക്കുന്നതിനും ടെര്‍മിനലില്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രത്യേക മെഡിക്കല്‍ ടീമും പ്രവര്‍ത്തിക്കും. ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുന്ന ഹാജിമാരെ അടിയന്തരമായി അങ്കമാലി ലിറ്റില്‍ ഫഌവര്‍ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കാനും പ്രത്യേകം ക്രമീകരണം ഏര്‍പ്പെടുത്തുന്നുണ്ട്. ടി 3 ടെര്‍മിനലിന്റെ പുറത്ത് ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹെല്‍പ് ഡെസ്‌ക്കും, ഹജ്ജ് കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കും. ഹാജിമാര്‍ വിമാനത്തില്‍ നിന്ന് ഇറങ്ങി ഒരു മണിക്കൂര്‍ സമയം കൊണ്ട് പരിശോധനകള്‍ പൂര്‍ത്തിയാക്കി പുറത്തെത്തിക്കാനുള്ള ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. പരിശോധനകള്‍ പൂര്‍ത്തിയാക്കുന്ന ഓരോ ഹാജിമാരുടെയും ലഗേജുകളും, സംസം വെള്ളവും അടക്കം വളണ്ടിയര്‍മാര്‍ ടി 3 ക്ക് പുറത്ത് ഹജ്ജ് ഹെല്‍പ് ഡെസ്‌ക്ക് വരെ എത്തിച്ചു നല്‍കും. ഇതിന് ആവശ്യമായ വളണ്ടിയര്‍മാരെ നിയമിക്കാന്‍ സിയാല്‍ അധികൃതരുമായി ധാരണയായിട്ടുണ്ട്.
ഈ മാസം 21 മുതല്‍ ഒക്ടോബര്‍ നാലുവരെയാണ് ഹാജിമാരുടെ മടക്കയാത്ര. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാര്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സിയാല്‍ ഡയറക്ടര്‍ എ.സി.കെ നായര്‍, എക്‌സി.ഡയറക്ടര്‍ എ.എം ഷബീര്‍, ഹജ്ജ് കമ്മിറ്റി അസി.സെക്രട്ടറി അഡ്വ.ടി.കെ അബ്ദുല്‍ റഹ്മാന്‍, സ്‌പെഷല്‍ ഓഫിസര്‍ റിട്ട.എസ്.പി യു.അബ്ദുല്‍ കരീം,ഹജ്ജ് കമ്മിറ്റി ഉദ്യോഗസ്ഥരായ ഹസൈന്‍, യാസീര്‍, ഉമര്‍, ജില്ലാ ട്രെയിനര്‍ മുസ്തഫ മുത്തു തുടങ്ങിയവരും സംബന്ധിച്ചു. വളണ്ടിയര്‍മാരായി സെലക്ഷന്‍ ലഭിച്ചിരിക്കുന്നവര്‍ 20 ന് വൈകിട്ട് നാലിന് ഒന്നാം ഘട്ട ഹജ്ജ് ക്യാംപ് പ്രവര്‍ത്തിച്ച എയര്‍ ക്രാഫ്റ്റ് മെയിന്റനന്‍സ് ഹാങ്കറില്‍ എത്തിച്ചേരണമെന്ന് ഹജ്ജ് കമ്മിറ്റി ചെയര്‍മാര്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."