എണ്ണക്കമ്പനികളുടെ പകല്‍കൊള്ള അവസാനിപ്പിക്കണം
സാധാരണക്കാരന്റെ ക്ഷമയെ വെല്ലുവിളിച്ചുകൊണ്ടാണ് കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോടെ എണ്ണക്കമ്പനികള്‍ ദിനേനയെന്നോണം ഇന്ധനവില വര്‍ധിപ്പിച്ചു കൊണ്ടിരിക്കുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും വില ദിവസംതോറും മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് അനുവാദം നല്‍കിയതോടെയാണ് ഈ തീവെട്ടിക്കൊള്ള ആരംഭിച്ചിരിക്കുന്നത്. കുത്തകകളായ റിലയന്‍സ് കമ്പനിയെയും എസ്സാറിനെയും സഹായിക്കാന്‍ കൂടിയാണ് ഈ വില വര്‍ധന എന്നുവേണം കരുതാന്‍. നേരത്തെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരുന്ന സബ്‌സിഡി നിര്‍ത്തലാക്കിയത് ഇതുമായി കൂട്ടിവായിക്കണം. സബ്‌സിഡി ലഭിച്ചിരുന്ന പൊതുമേഖലാ എണ്ണക്കമ്പനികള്‍ കുറഞ്ഞ വിലക്ക് പെട്രോളും ഡീസലും വിറ്റുകൊണ്ടിരുന്നപ്പോള്‍ റിലയന്‍സിനെയും എസ്സാറിനെയും ജനങ്ങള്‍ കൈയൊഴിയുക സ്വാഭാവികം. ഇപ്പോള്‍ സബ്‌സിഡി എടുത്ത് കളഞ്ഞതിനാല്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്കൊപ്പം തന്നെ വില ഈടാക്കാന്‍ റിലയന്‍സിനും എസ്സാറിനും കഴിയുന്നു. ജനമാകട്ടെ അടിക്കടി ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ധനവിലയില്‍ പൊറുതിമുട്ടുകയാണ്. രൂക്ഷമായിക്കൊണ്ടിരിക്കുന്ന വിലക്കയറ്റത്തെ കൂടുതല്‍ ദുസ്സഹമാക്കാന്‍ മാത്രമെ ഇന്ധന വിലയിലെ വര്‍ധനവ് ഉതകൂ.
കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ഡീസല്‍, പെട്രോള്‍ വിലയില്‍ ക്രമാതീതമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. എന്നിട്ടും കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറയുന്നത് എണ്ണക്കമ്പനികളുടെ വില നിര്‍ണയത്തില്‍ ഇടപെടുകയില്ലെന്നാണ്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില വര്‍ധിച്ചതിനാലാണ് ഇന്ധന വില കൂടിയതെന്നാണ് മന്ത്രിയുടെ ന്യായീകരണം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുത്തനെ കുറഞ്ഞിരിക്കുകയാണ്. എന്നാല്‍, ഇതിന്റെ കുറവ് ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് ലഭിക്കാതെപോയത് കേന്ദ്ര സര്‍ക്കാരിന്റെ കനത്ത നികുതി കാരണമായിരുന്നു. 2008 ജൂലൈ മാസത്തില്‍ ക്രൂഡ് ഓയിലിന്റെ അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 145.29 ഡോളര്‍ വിലയാണുണ്ടായിരുന്നതെങ്കില്‍ 2016 ഫെബ്രുവരിയില്‍ അത് 27.69 ഡോളറായി കുത്തനെ കുറഞ്ഞു. എന്നിട്ടുപോലും ബി.ജെ.പി സര്‍ക്കാര്‍ എണ്ണവില കുറച്ചില്ലെന്ന് മാത്രമല്ല വര്‍ധിപ്പിക്കുകയും ചെയ്തു. നികുതിയില്‍ നിന്നു കിട്ടുന്ന വരുമാനം വികസനത്തിനായി ഉപയോഗിക്കുകയാണെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം. എന്നാല്‍ ആരോഗ്യ,വിദ്യാഭ്യാസ രംഗത്ത് തകര്‍ച്ചയുടെ കഥയാണ് ഉള്ളത്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കുള്ള ഫണ്ട് വെട്ടിക്കുറച്ചതിനെതിരേ കേന്ദ്രമന്ത്രി മേനകാഗാന്ധി തന്നെ പ്രതിഷേധവുമായി രംഗത്ത് വന്നു. തൊഴിലില്ലായ്മ വര്‍ധിച്ചിരിക്കുന്നു. തൊഴിലുറപ്പ് പദ്ധതി മുടങ്ങിയിരിക്കുന്നു. ആഭ്യന്തര ഉല്‍പാദന തോതിലെ വളര്‍ച്ച കുറഞ്ഞത് പരിഹരിക്കുവാന്‍ ഇന്ധനവില അടിക്കടി കൂട്ടുകയായിരുന്നു കേന്ദ്ര സര്‍ക്കാരും എണ്ണക്കമ്പനികളും. ആഭ്യന്തര ഉല്‍പാദന തോത് കുറഞ്ഞതാകട്ടെ തലതിരിഞ്ഞ നോട്ട് റദ്ദാക്കല്‍ പരിപാടിയിലൂടെയും. 2008ല്‍ ക്രൂഡ് ഓയിലിന് ലിറ്ററിന് 39 രൂപ ഉണ്ടായിരുന്നപ്പോള്‍ പെട്രോള്‍ ലിറ്ററിന് ഇന്ത്യയില്‍ 50 രൂപ ഈടാക്കി. 2016ല്‍ ക്രൂഡ് ഓയിലിന്റെ വില ലിറ്ററിന് 11.9 രൂപയായി കുത്തനെ ഇടിഞ്ഞപ്പോഴും കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍ ലിറ്ററിന് 59.63 രൂപ ഈടാക്കി സാധാരണക്കാരനെ പിഴിഞ്ഞു.
ഇപ്പോള്‍ ക്രൂഡ് ഓയിലിന്റെ വില ലിറ്ററിന് ഇരുപത് രൂപയാണ്. ഗതാഗത ചെലവും സംസ്‌കരണ ചെലവും നികുതിയും കഴിച്ചാല്‍ ഇന്ത്യയില്‍ ഇപ്പോള്‍ ലിറ്റര്‍ പെട്രോള്‍ 30 രൂപക്ക് ലഭിക്കേണ്ടതാണ്. അതാണിപ്പോള്‍ 70.38 രൂപക്ക് ജനം വാങ്ങി കൊണ്ടിരിക്കുന്നത്. ഡീസലിനാകട്ടെ 58.72 രൂപ കൊടുക്കണം. 10 മുതല്‍ 15 പൈസ ദിനംപ്രതി എണ്ണക്കമ്പനികള്‍ ഇന്ധനത്തിന് വില വര്‍ധിപ്പിച്ചപ്പോള്‍ ജനം അത് ശ്രദ്ധിക്കാതെപോയി. എന്നാല്‍ കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ലിറ്ററിന് 7 രൂപയോളമാണ് എണ്ണക്കമ്പനികള്‍ കൊള്ളയടിച്ചിരിക്കുന്നത്. 80 രാജ്യങ്ങളില്‍ പെട്രോളിന്റെ വില ലിറ്ററിന് ഇന്ത്യയേക്കാള്‍ കുറവാണ്.
ഡീസലിനാകട്ടെ 60 രാജ്യങ്ങളില്‍ ഇന്ത്യയേക്കാള്‍ താഴെയാണ് ഈടാക്കുന്നത്. ഈ അന്തരം നിലനില്‍ക്കുമ്പോഴാണ് യാതൊരു ചാഞ്ചല്യവുമില്ലാതെ കേന്ദ്രമന്ത്രി വിലക്കയറ്റത്തെ ന്യായീകരിക്കുന്നത്. ഇത് ജനങ്ങളോടുള്ള പരസ്യമായ വെല്ലുവിളിയാണ്. ഇടതുസര്‍ക്കാരാകട്ടെ വര്‍ധിപ്പിച്ച വിലയിലെ നികുതി വേണ്ടെന്ന് വച്ച് ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നുമില്ല. യു.ഡി.എഫ് സര്‍ക്കാര്‍ അങ്ങനെ ചെയ്തിരുന്നു. ഇന്ധന വിലയിലെ പകല്‍ കൊള്ളക്കെതിരേ ജനകീയ പ്രക്ഷോഭം ഉയര്‍ന്നുവരേണ്ട സമയമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."