യമുനയില്‍ ബോട്ട് മറിഞ്ഞ് 22 പേര്‍ മരിച്ചു
ഭാഗ്പത്: ഉത്തര്‍പ്രദേശിലെ ഭാഗ്പതിനടുത്ത് യമുനാ നദിയില്‍ യാത്രാ ബോട്ട് തലകീഴായ് മറിഞ്ഞ് 22 പേര്‍ മരിച്ചു. 60 പേരുമായി പോവുകയായിരുന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ഭവാനി സിങ് അറിയിച്ചു. ഇന്നലെ പുലര്‍ച്ചെയോടെയായിരുന്നു അപകടം.
ഭാഗപത് ജില്ലയിലെ കത്താ ഗ്രാമത്തിനടുത്താണ് പുഴയില്‍ ബോട്ട് തലകീഴായ് മറിഞ്ഞത്.
പൊലിസും ദ്രുതകര്‍മ സേനയും സംയുക്തമായി നടത്തിയ തെരച്ചിലില്‍ 22 മൃതദേഹങ്ങള്‍ കണ്ടെടുത്തു. അപകടത്തില്‍പ്പെട്ടവരില്‍ 10 പേരെ രക്ഷപ്പെടുത്തി. മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.
ബോട്ടില്‍ ഉള്‍കൊള്ളാവുന്നതിലധികം ആളുകളെ കയറ്റിയതാണ് അപകടത്തില്‍പ്പെടാന്‍ കാരണമായതെന്നാണ് വിവരം. ബോട്ടില്‍ കൂടുതലും സ്ത്രീകളായിരുന്നു ഉണ്ടായിരുന്നത്. ബോട്ട് പുഴയുടെ മധ്യത്തിലെത്തിയപ്പോഴാണ് തലകീഴായ് മറിഞ്ഞത്.
അതിനിടയില്‍ അപകടം നടന്നതോടെ ജില്ലാ ഭരണകൂടത്തിനെതിരേ പ്രതിഷേധവുമായി ഭാഗപത് നഗരത്തില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി എത്തി. അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള കാര്യത്തില്‍ ജില്ലാ ഭരണകൂടം അലംഭാവം കാണിച്ചുവെന്നാരോപിച്ചാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. പ്രതിഷേധക്കാര്‍ റോഡ് ഉപരോധിക്കുകയും ഏതാനും വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു. മൃതദേഹങ്ങളുമായാണ് നാട്ടുകാര്‍ റോഡ് ഉപരോധിച്ചത്. പ്രതിഷേധം ശക്തമായതോടെ സംഭവത്തെ കുറിച്ച് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലിസ് സൂപ്രണ്ട് പ്രശാന്ത് കുമാര്‍ അറിയിച്ചു.
ബോട്ട് അപകടത്തില്‍ മുഖ്യമന്ത്രി ആദിത്യനാഥ് നടുക്കം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം അദ്ദേഹം ധനസഹായം പ്രഖ്യാപിച്ചു.
അപകടത്തില്‍ രക്ഷപ്പെട്ടവര്‍ക്ക് എല്ലാ വിധത്തിലുള്ള സഹായവും നല്‍കാന്‍ ജില്ലാ ഭരണകൂടത്തിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മുഖ്യമന്ത്രി ജില്ലാ ഭരണകൂടത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ജനുവരിയില്‍ പട്ടംപറത്തല്‍ ആഘോഷത്തില്‍ പങ്കെടുക്കാനായി എത്തിയ യാത്രക്കാരുമായി വന്ന ബോട്ട് ഗംഗാനദിയില്‍ മറിഞ്ഞ് 19 പേര്‍ മരിച്ചിരുന്നു. ഇതിനുശേഷമുണ്ടാകുന്ന ഏറ്റവും വലിയ നദീദുരന്തമാണ് ഇന്നലെയുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."