ഭാഗ്യ നഗരത്തില്‍ മഞ്ഞപ്പടയുടെ പടയൊരുക്കം
കൊച്ചി: ദക്ഷിണേന്ത്യയിലെ ഭാഗ്യ നഗരത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ നാലാം പാദത്തിലേക്ക് പന്തടിക്കാന്‍ മഞ്ഞപ്പട പടയൊരുക്കം തുടങ്ങി. അടിമുടി അഴിച്ചു പണിത കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലന ക്യാംപ് ഹൈദരാബാദില്‍ ആരംഭിച്ചു. വിദേശ പരിശീലനത്തിന് മുന്നോടിയായി തുടക്കമിട്ട പരിശീലന ക്യാംപില്‍ ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണ് പങ്കെടുക്കുന്നത്. ബ്ലാസ്റ്റേഴ്സിന്റെ അസിസ്റ്റന്റ് കോച്ച് താങ്ബോയ് സിങ്തോയുടെ നേതൃത്വത്തിലാണ് ക്യാംപ്. ഇന്ത്യന്‍ ദേശീയ ടീമിലെ താരങ്ങളായ സന്ദേശ് ജിങ്കന്, ലാല്‍റുത്താര, ജാക്കിചന്ദ് സിങ് എന്നിവര്‍ അടുത്ത ആഴ്ച ടീമിനൊപ്പം ചേരും. എ.എഫ്.സി ഏഷ്യന്‍ കപ്പ് യോഗ്യത റൗണ്ടില്‍ മക്കാവുവിനെതിരായ മത്സരത്തിനും തുടര്‍ന്ന് ഇന്ത്യയില്‍ നടക്കുന്ന ത്രിരാഷ്ട്ര മത്സരങ്ങളിലും കളിക്കുന്നതിനുള്ള തയാറെടുപ്പിലാണ് മൂവരും. അതിന് ശേഷമേ താരങ്ങള്‍ ബ്ലാസ്റ്റേഴ്സ് ക്യാംപില്‍ എത്തൂ.
മുഖ്യ പരിശീലകന് റെനെ മ്യുളെന്‍സ്റ്റീനും അടുത്ത ആഴ്ച ഹൈദരാബാദില്‍ എത്തി ടീമിനൊപ്പം ചേരും. രണ്ടാം ഘട്ടത്തില്‍ വിദേശ പരിശീലനമാണ് ലക്ഷ്യമിടുന്നത്. വിദേശ പരിശീലനത്തിനായി ബ്ലാസ്റ്റേഴ്സ് സംഘം ഈ മാസം 30ന് സ്പെയിനിലേക്ക് പറക്കും. സ്പെയിനിലെ തീരദേശ നഗരമായ മാര്‍ബെല്ലയിലാണ് കൊമ്പന്മാരുടെ പരിശീലനം ഒരുക്കിയിട്ടുള്ളത്. വിദേശ താരങ്ങള്‍ മാര്‍ബെല്ലയില്‍ ടീമിനൊപ്പം ചേരും. നവംബര്‍ 17 നാണ് ഐ.എസ്.എല്‍ നാലാം പതിപ്പിന് തുടക്കമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."