ഭിന്നശേഷി താരങ്ങള്‍ക്ക് അവഗണന
കൊച്ചി: ഭിന്നശേഷിക്കാരുടെ ദേശീയ തയ്ക്വാണ്ടോ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ മലയാളി താരങ്ങള്‍ യാത്ര തിരിച്ചത് സംസ്ഥാന സര്‍ക്കാരിന്റെയും സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും അവഗണനയും പേറി. നാളെയും, 17നുമായി ഹിമാചല്‍ പ്രദേശിലാണ് ശാരീരിക വൈകല്യമുള്ളവരുടെ അഞ്ചാമത് ദേശീയ തയ്ക്വാണ്ടോ ചാംപ്യന്‍ഷിപ്പിന് തുടക്കമാകുന്നത്. 17നാണ് കേരള താരങ്ങളുടെ മത്സരങ്ങള്‍. ഇന്നലെ മംഗള- ലക്ഷദ്വീപ് എക്‌സ്പ്രസിലാണ് സംഘം യാത്ര തിരിച്ചത്. ദേശീയ മീറ്റില്‍ പങ്കെടുക്കാന്‍ പോകുന്നതിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടായതാണ് യാത്ര വൈകാന്‍ കാരണമായത്. സ്വന്തം കൈയില്‍ നിന്ന് 8000 രൂപയോളം മുടക്കിയാണ് താരങ്ങള്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്.
സംസ്ഥാന സര്‍ക്കാരിനെയും സ്‌പോര്‍ട്‌സ് കൗണ്‍സിലിനെയും സമീപിച്ചെങ്കിലും സഹായം ലഭിച്ചില്ല. ഫിസിക്കലി ചലഞ്ചഡ് ഓള്‍ സ്‌പോര്‍ട്‌സ് അസോസിയേഷന്‍ സ്‌പോണ്‍സര്‍ഷിപ്പിന് വേണ്ടി ശ്രമിച്ചെങ്കിലും ആരുടെയും സഹായവും കിട്ടിയില്ല. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭിന്നശേഷിക്കാരുടെ കായിക മത്സരങ്ങള്‍ അംഗീകരിക്കാത്തതാണ് സര്‍ക്കാര്‍ സഹായത്തിന് തടസമായത്. ഭിന്നശേഷിക്കാരുടെ കായിക മേഖലയില്‍ നാല് സംഘടനകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതാണ് സഹായം നല്‍കാത്തതിന് കാരണമായി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ചൂണ്ടിക്കാട്ടുന്നത്.
കേരള തയ്ക്വാണ്ടോ അസോസിയേഷന് കീഴില്‍ ഗുരുവായൂര്‍ പേരകത്തുള്ള അക്കാദമിയില്‍ ആന്റോ തോമസിന് കീഴിലാണ് താരങ്ങള്‍ പരിശീലിക്കുന്നത്. സുജിന എസ്. സാബു (കൊട്ടാരക്കര), എന്‍ മുഹമ്മദ് അനസ് (മലപ്പുറം), എം.ആര്‍ വിനീഷ് (വടക്കാഞ്ചേരി), എം.ജെ റാഫേല്‍ ജോണ്‍ (എറണാകുളം), എ ഖിലാബ് (മലപ്പുറം), എം.എസ് സനോജ് (ഗുരുവായൂര്‍), കെ മുഹമ്മദ് ഷഫീഖ് (മലപ്പുറം), കെ അബ്ദുല്‍മുജീബ് (കോഴിക്കോട്) എ.എം കിഷോര്‍ (ഇരിങ്ങാലക്കുട) എന്നിവരാണ് ദേശീയ ചാംപ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച് മത്സരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."