'റോഹിംഗ്യ: മ്യാന്മറില്‍ നടക്കുന്നത് മഹാദുരന്തം': അക്രമം അവസാനിപ്പിക്കാന്‍ അടിയന്തര നടപടി വേണം: യു.എന്‍
ജനീവ: റോഹിംഗ്യകള്‍ക്കെതിരേ നടക്കുന്ന മ്യാന്മര്‍ സൈനിക നടപടിക്കെതിരേ ശക്തമായി പ്രതികരിച്ച് യു.എന്‍ രക്ഷാസമിതി. റോഹിംഗ്യന്‍ വംശജര്‍ക്കെതിരേ മ്യാന്മര്‍ സര്‍ക്കാര്‍ നടത്തുന്ന വംശഹത്യ ഉടന്‍ അവസാനിപ്പിക്കണമെന്നു കഴിഞ്ഞ ദിവസം ചേര്‍ന്ന രക്ഷാസമിതി യോഗം ആവശ്യപ്പെട്ടു.
റോഹിംഗ്യകള്‍ക്കെതിരേ തുടരുന്ന അതിക്രമത്തില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലാണ് യു.എന്‍ രക്ഷാസമിതി യോഗം വിളിച്ചുചേര്‍ത്തത്. ഐക്യരാഷ്ട്ര സഭയുടെ വിപുലമായ യോഗം അടുത്ത 19നു നടക്കാനുള്ളതിനാല്‍ സ്വകാര്യയോഗമാണു കഴിഞ്ഞ ദിവസം നടന്നത്. മ്യാന്മറില്‍ നടക്കുന്നത് മഹാദുരന്തമാണെന്നും യോഗം പ്രതികരിച്ചു. ചൈന ഉള്‍പ്പടെയുള്ള രക്ഷാസമിതിയിലെ മുഴുവന്‍ അംഗങ്ങളും മ്യാന്മര്‍ സര്‍ക്കാരിന്റെ നടപടിയെ അപലപിച്ചു. സുരക്ഷയുടെ പേരില്‍ റാഖിന്‍ പ്രദേശങ്ങളില്‍ മ്യാന്മര്‍ സൈന്യം നടത്തുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ അടിയന്തര നടപടികള്‍ വേണമെന്നു സുരക്ഷാസമിതി അംഗങ്ങള്‍ ഐക്യകണ്ഠമായി ആവശ്യപ്പെട്ടു. ബ്രിട്ടനും സ്വീഡനുമാണ് യു.എന്‍ അടിയന്തര യോഗം വിളിച്ചുചേര്‍ക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചിരുന്നത്.
റാഖിന്‍ പ്രദേശങ്ങളിലെ മ്യാന്മര്‍ സൈനികനീക്കം അവസാനിപ്പിക്കണമെന്നും റോഹിംഗ്യകളുടെ പലായനം വംശഹത്യയിലേക്കാണു നീങ്ങുന്നതെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് മുന്നറിയിപ്പു നല്‍കി. ന്യൂയോര്‍ക്കില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റോഹിംഗ്യക്കാരുടെ ഗ്രാമങ്ങളില്‍ സുരക്ഷയുടെ പേരില്‍ സൈന്യം നടത്തുന്ന ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പക്കണം. അഭയാര്‍ഥികളായി പലായനം ചെയ്തവര്‍ക്ക് മ്യാന്മറിലേക്കു തിരിച്ചുവരാനുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്നും ഗുട്ടറസ് ആവശ്യപ്പെട്ടു.റോഹിംഗ്യന്‍ ജനസംഖ്യയിലെ മൂന്നില്‍ ഒന്നും മ്യാന്മര്‍ വിട്ടു പലായനം ചെയ്തതു വംശഹത്യക്കു തെളിവാണ്. പൗരത്വമോ അല്ലെങ്കില്‍ പ്രത്യേക നിയമപരിരക്ഷയോ റോഹിംഗ്യന്‍ ജനതക്കു സര്‍ക്കാര്‍ നല്‍കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റോഹിംഗ്യന്‍ വിഷയത്തില്‍ മ്യാന്മര്‍ തുടരുന്ന നടപടികളെ കുറ്റപ്പെടുത്തിയ രക്ഷാസമിതി റാഖിന്‍ പ്രദേശങ്ങളില്‍ മാനുഷിക സഹായങ്ങള്‍ നല്‍കാനുള്ള സൗകര്യങ്ങള്‍ ഉറപ്പുവരുത്തണമെന്നു സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. റോഹിംഗ്യകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒന്‍പതു വര്‍ഷത്തിനിടെ ആദ്യമായാണ് സുരക്ഷാസമിതി ഐക്യത്തോടെ തീരുമാനമെടുക്കുന്നതെന്ന് ബ്രിട്ടന്‍ അംബാസഡര്‍ മാത്യൂ റെയ്‌ക്രോഫ്റ്റ് പറഞ്ഞു. നിലവിലെ റോഹിംഗ്യന്‍ വിഷയത്തില്‍ ഞങ്ങള്‍ ഒരുമിച്ച് ഉത്കണ്ഠ രേഖപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, റോഹിംഗ്യക്കാരുടെ പ്രദേശങ്ങളില്‍നിന്നു ജനങ്ങള്‍ വന്‍തോതില്‍ പലായനം ചെയ്തതായി മ്യാന്മര്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വടക്കന്‍ റാഖിന്‍ പ്രദേശങ്ങളിലെ 471 റോഹിംഗ്യന്‍ ഗ്രാമങ്ങളില്‍ 176 ഗ്രാമങ്ങളും ശൂന്യമാണെന്നു സര്‍ക്കാര്‍ വക്താവ് സോ താ പറഞ്ഞു. പുതിയ അക്രമസംഭവങ്ങള്‍ക്കു തുടക്കമായ ഓഗസ്റ്റ് 25 മുതല്‍ ഇതുവരെയായി 3,80,000 റോഹിംഗ്യകള്‍ അഭയംതേടി ബംഗ്ലാദേശില്‍ എത്തിയിട്ടുണ്ടെന്നാണ് യു.എന്‍ സ്ഥിരീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."