അറിയാതെ പോകരുത്, ഈ ആംഗലേയ കവിയെ
കോഴിക്കോട്: അഷ്‌റഫിന്റെ ഇഷ്ടഭാഷ ഇംഗ്ലീഷാണ്. ബിരുദമെടുത്തതു മുതല്‍ തുടങ്ങിയതാണ് ആംഗലേയത്തോടുള്ള അടങ്ങാത്ത പ്രേമം. അന്നു മുതല്‍ ഇംഗ്ലീഷ് കവിതകള്‍ എഴുതി തുടങ്ങിയിട്ടുണ്ട്. ആദ്യത്തെ കവിത സണ്‍ മാഗസിനാണ് പ്രസിദ്ധീകരിച്ചത്. പിന്നെ അതു നിര്‍ത്താന്‍ കഴിഞ്ഞില്ല, കഥകളും കവിതകളും എഴുതും. ആദ്യമൊക്കെ കാര്യമായി എഴുതിയത് ഫേസ്ബുക്കിലായിരുന്നു. കോഴിക്കോട് കോര്‍പറേഷന്‍ ഓഫിസിലെ ജനറല്‍ വിഭാഗത്തിലെ ക്ലര്‍ക് ജോലിക്കിടയിലും കവിതയോടുള്ള ഇഷ്ടം തുടര്‍ന്നു കൊണ്ടേയിരുന്നു.
ഫേസ്ബുക്കില്‍ നിരന്തരമായി കവിതകള്‍ എഴുതിയെങ്കിലും അതു പ്രസിദ്ധീകരിക്കാനോ സമാഹരിക്കാനോ അഷ്‌റഫ് ഒരുങ്ങിയിരുന്നില്ല. ഇതിനിടെ തന്റെ കവിതകളില്‍ ചിലതു വിദേശ രാജ്യങ്ങളില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന പ്രസാദകര്‍ക്കു വെറുതു അയച്ചു കൊടുക്കുകയായിരുന്നു. തുടര്‍ന്ന് അഷ്‌റഫ് അറിയുന്നത് തന്റെ കവിത ലോകത്തെ പ്രമുഖ കവികളുടെ കവിതാ സമാഹാരത്തില്‍ അച്ചടിച്ചുവരുന്നുണ്ടെന്ന കാര്യമാണ്. തന്റെ പ്രതിഭയെ അഷ്‌റഫ് തന്നെ തിരിച്ചറിഞ്ഞത് അന്നായിരുന്നു. ഇന്നു അഷ്‌റഫിന്റെ അറുപതോളം ഇംഗ്ലീഷ് കവിതകള്‍ പല മാഗസിനുകളിലായി പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ബ്രിട്ടീഷ്, കൊളംബിയ, കാനഡ എന്നീ രാജ്യങ്ങള്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആര്‍ഡസ് പബ്ലിക്കേഷനാണ് കൂടുതല്‍ കവിതകള്‍ പ്രസിദ്ധീകരിച്ചത്. പ്രകൃതിയും, പ്രണയവും, വിരഹവുമൊക്കെയാണ് അധിക കവിതകളിലെയും പ്രമേയം. യു.കെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലോസ്റ്റ് ടവര്‍ പബ്ലിക്കേഷനും നിരവധി കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വോയിസ് ഓഫ് ഹ്യൂമാനിറ്റി, എ. ഡിവൈന്‍ മാഡ്‌നസ് തുടങ്ങിയ കവിതാ സമാഹാരങ്ങളിലും അഷ്‌റഫിന്റെ കവിതകള്‍ പ്രസിദ്ധീകരിച്ചു. ഭാവനയുടെ ചിറകുമുളയ്ക്കുന്ന ചില നിമിഷങ്ങളില്‍ പിറവിയെടുക്കുന്ന കവിതകള്‍ ഫേസ്ബുക്കില്‍ കുറിക്കുകയാണ് പതിവ്. ഇവയാണ് പിന്നീട് പ്രസിദ്ധീകരിക്കപ്പെടുന്നത്. താന്‍ എഴുതിയ കവിതകളില്‍ ചിലതു പ്രസാധകര്‍ എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ചപ്പോഴാണ് തന്റെ കവിതകളുടെ അകക്കാമ്പ് തനിക്കു തന്നെ ബോധ്യപ്പെട്ടതെന്ന് അഷ്‌റഫ് പറയുന്നു. സര്‍ക്കാര്‍ ഓഫിസിലെ ജോലിക്കിടയിലും കവിമനസ് ഉണര്‍ന്നു തന്നെയിരിക്കും. ആനുകാലികങ്ങളില്‍ കഥയും ലേഖനങ്ങളും എഴുതാറുണ്ട്. നരിക്കുനിക്കടുത്ത വട്ടപ്പാറപ്പൊയിലിലാണ് താമസം. സ്വദേശമായ പന്നൂരിലെ സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും അഷ്‌റഫ് സജീവമാണെങ്കിലും ആംഗലേയ കവിയാണെന്ന കാര്യം നാട്ടുകാര്‍ക്ക് പലര്‍ക്കും അറിയില്ല. അഷ്‌റഫ് വി. നെടിയനാട് എന്ന പേരിലാണ് കവിതകളെല്ലാം പ്രസിദ്ധീകരിക്കപ്പെട്ടത്. ഫബീനയാണ് ഭാര്യ. മക്കള്‍ അന്‍ഫിഖ് ഹുസൈന്‍, റിദ ഫാത്തിമ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."