ഭിന്നശേഷിക്കാരായ 12,000 വിദ്യാര്‍ഥികള്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ ഉറപ്പ്: ക്ഷേമ പദ്ധതികളില്‍നിന്ന് പുറത്താകില്ല
കോഴിക്കോട്: ഭിന്നശേഷിക്കാരാണെന്നു തെളിയിക്കാനുള്ള സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ വിവിധ ക്ഷേമ പദ്ധതികളില്‍നിന്ന് പുറത്താകുന്ന വിദ്യാര്‍ഥികള്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ കൈത്താങ്ങ്. ജില്ലയില്‍ ഇത്തരത്തിലുള്ള 12,000 വിദ്യാര്‍ഥികള്‍ക്ക് ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്, രക്ഷാകര്‍തൃ സര്‍ട്ടിഫിക്കറ്റ് എന്നിവ ലഭ്യമാക്കുന്നതിനുള്ള അദാലത്തിന്റെ രണ്ടാം ഘട്ടം ഉടന്‍ ആരംഭിക്കും. ഇതോടെ ചെക്ക് മാറി ലഭിക്കുന്നതിനുള്ള സാങ്കേതിക തടസമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ക്കു പരിഹാരമാകും.
ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള മെഡിക്കല്‍ ക്യാംപുകള്‍ ഇന്നലെ മുതല്‍ ആരംഭിച്ചിരുന്നു. 22 ക്യാംപുകളാണ് ഈ മാസം 28 വരെയുള്ള ദിവസങ്ങളില്‍ നടക്കുക. ജില്ലയില്‍ 20,000ത്തോളം ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളാണുള്ളത്. സാധാരണയായി അപേക്ഷകളുടെ സൂക്ഷ്മ പരിശോധന, മെഡിക്കല്‍ നാഷനല്‍ ട്രസ്റ്റ് ബോര്‍ഡുകളുടെ തീരുമാനം, സര്‍ക്കാര്‍ സ്ഥിരം സംവിധാനങ്ങളിലൂടെയുള്ള തീര്‍പ്പാക്കല്‍ തുടങ്ങിയ നടപടിക്രമം കഴിഞ്ഞതിനു ശേഷമേ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാറുള്ളൂ. ഇതിനു കാലതാമസമെടുക്കും. ഈ സാഹചര്യത്തിനു പരിഹാരമെന്ന നിലയിലാണ് സംസ്ഥാനത്തുതന്നെ ആദ്യമായി ഇത്തരത്തിലുള്ള അദാലത്ത് നടത്താന്‍ തീരുമാനിച്ചതെന്ന് ജില്ലാ കലക്ടര്‍ യു.വി ജോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആദ്യഘട്ടത്തില്‍ 5,000 പരാതികളില്‍ തീര്‍പ്പു കല്‍പ്പിക്കാനാകും. ഇന്നു ബീച്ച് ഹോസ്പിറ്റല്‍, കൊയിലാണ്ടി, വടകര, കുറ്റ്യാടി, 19ന് ബീച്ച് ഹോസ്പിറ്റല്‍, കൊയിലാണ്ടി, വടകര, നാദാപുരം 20ന് താമരശ്ശേരി, 22ന് ബീച്ച് ഹോസ്പിറ്റല്‍, കൊയിലാണ്ടി, കുറ്റ്യാടി 23ന് വടകര, 25ന് താമരശേരി, കുറ്റ്യാടി 26ന് വടകര, നാദാപുരം, 28ന് കുറ്റ്യാടി താമരശേരി, നാദാപുരം എന്നിവിടങ്ങളിലാണ് അദാലത്ത് നടക്കുക.
രക്ഷകര്‍തൃ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള അദാലത്ത് ഒക്‌ടോബര്‍ അവസാന വാരത്തില്‍ നടത്തുമെന്നും കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."