കനത്ത മഴ: ഹൈറേഞ്ചില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും; വ്യാപക നാശനഷ്ടം
തൊടുപുഴ: കനത്ത മഴയിലും കാറ്റിലും ഹൈറേഞ്ച് മേഖലയില്‍ കനത്ത നാശനഷ്ടം. പീരുമേട്ടില്‍ ദേശീയപാതയില്‍ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും. ബുധനാഴ്ച്ച വൈകുന്നേരം മുതല്‍ മണിക്കൂറുകള്‍ നിലയ്ക്കാതെ പെയ്ത കനത്ത മഴയാണ് വന്‍നാശം വിതച്ചത്.
ദേശീയപാത 183ല്‍ വെള്ളപ്പൊക്കത്തില്‍ കക്കികവല, നെല്ലിമല, പശുമല കവല തുടങ്ങിയ പ്രദേശങ്ങളില്‍ റോഡിലും കടകളിലും വെള്ളം കയറി. പാമ്പനാര്‍ മുതല്‍ മുണ്ടക്കയം വരെയുള്ള കോട്ടയം കുമളി റോഡില്‍ വിവിധ ഇടങ്ങളിലായി മണ്ണിടിഞ്ഞ് ഗതാഗതം സ്തംഭിച്ചു. അഴുത ആറ്റിലെ കുത്തൊഴുക്കില്‍ പീരുമേട് ഗ്ലെന്‍മേരി റോഡില്‍ താലൂക്ക് ആശുപത്രിക്ക് സമീപത്തെ പാലം പൂര്‍ണമായി തകര്‍ന്നു.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ആരംഭിച്ച മഴ രാത്രി പത്ത് വരെ ശക്തമായി തുടര്‍ന്നു. വ്യാഴാഴ്ച രാവിലെ എട്ടുമണി വരെ 174 മി.മീ മഴയാണ് രേഖപ്പെടുത്തിയത്. പീരുമേട് താലുക്ക് ആശുപത്രിക്ക് സമീപം അഭിലാഷിന്റെ വീടിന്റെ ഭിത്തി ഇടിഞ്ഞ് തകര്‍ന്നു. വീട്ടില്‍ ഉണ്ടായിരുന്ന കുട്ടികളയും സ്ത്രീകളേയും നാട്ടുകര്‍ അത്ഭുതകരമായി രക്ഷപ്പെടുത്തി. പീരുമേട് കോടതിപ്പടി, മത്തായി കൊക്ക എന്നിവിടങ്ങളില്‍ റേഡില്‍ മണ്ണ് ഇടിഞ്ഞു വീണതില്‍ മണിക്കുര്കള് ഗതാഗതം സ്തംഭിച്ചിരുന്നു. പീരുമേട് അഗ്നിശമന സേനപ്രവര്‍ത്തകര്‍ എത്തിയാണ് ഗതാഗതം പുനസ്ഥാപിക്കുവാന്‍ സഹായിച്ചത് കൊക്കയാര്‍, പെരുവന്താനം പഞ്ചായത്തുകളില്‍ ഉരുള്‍പൊട്ടി വ്യാപക കൃഷി നാശം ഉണ്ടായി. നാല്പതോളം വീടുകളും, 50 ഏക്കറോളം കൃഷിയിടങ്ങളും നശിച്ചു. കോടികളുടെ നാശനഷ്ടങ്ങളാണ് കണക്കാക്കിയിരിക്കുന്നത്. ചെറുവള്ളിക്കുളത്ത് ഉരുള്‍ പൊട്ടലില്‍ മണ്ണിടിഞ്ഞു ഷെഡില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും ജീപ്പും തകര്‍ന്നു. താഴോത്ത്കോരോത്ത് സന്തോഷിന്റെ ഓട്ടോയും ജീപ്പുമാണ് മണ്ണിലിടയില് പെട്ടത്.
പുറക്കയം, കണയങ്കവയല്‍, ചെറുവള്ളിക്കുളം, അഴങ്ങാട്, കൊയിനാട്, കൊങ്ങാട് എന്നിവിടങ്ങളിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായത്. റബ്ബര്‍, കുരുമുളക്, ഗ്രാമ്പൂ, കൊക്കോ, തെങ്ങ്, ജാതി, തുടങ്ങിയ കൃഷികളും നശിച്ചു. പുല്ലുപാറ തുരുത്തിപള്ളി സണ്ണി, ടോമി എന്നിവരുടെ ഏക്കര്‍ കണക്കിന് സ്ഥലം ഉരുള്‍ പൊട്ടലില്‍ ഒലിച്ചു പോയി. ചെറുവള്ളിക്കുളത്ത് പൂവത്താനികുന്നേല്‍ ലൂയിസ്, കണിയാംപറമ്പില്‍ അപ്പച്ചന്, ഉപ്പുകുന്നേല്‍ ജോര്‍ജ്, പുറത്തേല്‍ സണ്ണി, ജോസഫ്, പ്ലാക്കല്‍ സിബിച്ചന് എന്നിവരുടെ ഏക്കറുകണക്കിന് കൃഷിയിടങ്ങള്‍ മഴ വെള്ളപാച്ചിലില്‍ ഒലിച്ചു പോയി. അപ്പച്ചന് പാലത്തുങ്കല്‍ എന്നയാളുടെ വീട് പൂര്‍ണ്ണമായും നശിച്ചു. മണ്ണ് ഒലിച്ചു പോയതിനെ തുടര്‍ന്ന് അങ്കണവാടി കെട്ടിടവും ഭീഷണിയിലാണ്. പഞ്ചായത്ത്, വില്ലേജ് അധികൃതര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ദുരിത സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. നിരവധി വീടുകളുടെ പുറം മിതലുകള് ഇടിഞ്ഞു വീണു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."