രാജ്യത്ത് വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിച്ചു ഹിന്ദുത്വവല്‍ക്കരിക്കാനാണ് മോഡി സര്‍ക്കാരും സംഘപരിവാറും ശ്രമിക്കുന്നത്: കെ.ഇ ഇസ്മയില്‍
കയ്പമംഗലം: രാജ്യത്ത് വര്‍ഗീയ കലാപങ്ങള്‍ സൃഷ്ട്ടിച്ചു ഹിന്ദുത്വവല്‍ക്കരിക്കാനാണ് മോഡി സര്‍ക്കാരും സംഘപരിവാര്‍ ശക്തികളും ശ്രമിക്കുന്നതെന്നും നാടിന്റെ ശത്രുക്കളെ ഒറ്റപ്പെടുത്തിയില്ലെങ്കില്‍ വന്‍ദുരന്തം ഏറ്റുവാങ്ങേണ്ടി വരുമെന്നും സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ.ഇ.ഇസ്മയില്‍.
സി പി ഐ നേതാവും മുന്‍ ഡെപ്യൂട്ടി സ്പീക്കറുമായ പി.കെ ഗോപാലകൃഷ്ണന്‍ അനുസ്മരണ സമ്മേളനം ശ്രീനാരായണപുരം പോള ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഇസ്മയില്‍. ജനാധിപത്യവും ബഹുസ്വരതയും മതേതരത്വവുമാണ് രാജ്യത്തിന്റെ ശക്തി. എന്നാല്‍ ഇതിനെയൊക്കെ ഇല്ലായ്മ ചെയ്തു രാജ്യത്തെ ഹിന്ദുത്വവല്‍ക്കരിക്കാനുള്ള ശക്തമായ ശ്രമങ്ങളാണ് മോഡി സര്‍ക്കാരും സംഘപരിവാര്‍ ശക്തികളും നടത്തിക്കൊണ്ടിരിക്കുന്നത്.
തങ്ങളുടെ നിലപാടുകളെ ചോദ്യം ചെയ്യുന്ന, നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നവരെ ഏതു വിധേനെയും ഇല്ലായ്മ ചെയ്യുകയാണ് സംഘപരിവാര്‍ ശക്തികള്‍. തങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്തുകയും ഇല്ലായ്മ ചെയ്യുകയും ചെയ്യുന്ന ബ്രിട്ടീഷുകാരുടെ അതേരീതി തന്നെയാണ് ഇപ്പോഴത്തെ മോഡി സര്‍ക്കാരും ആര്‍.എസ് .എസ് സംഘപരിവാര്‍ ശക്തികള്‍ ചെയ്തു വരുന്നത്. ജനാതിപത്യ സംവിധാനത്തില്‍ സര്‍ക്കാരിന്റെ തെറ്റായ നിലപാടുകള്‍ എതിര്‍ക്കുന്നതും പ്രതിഷേധിക്കുന്നതും സ്വാഭാവികമാണ്. എന്നാല്‍ പ്രതികരിക്കുന്ന ജനങ്ങളെ കൂട്ടക്കുരുതി നടത്തി ഇല്ലായ്മ ചെയ്യുകയാണ് മോഡി സര്‍ക്കാര്‍. രാജ്യത്തെ ചെറുപ്പക്കാരെയും ചിന്തകന്മാരെയും സാംസ്‌ക്കാരിക നായകന്മാരെയും കൊല്ലുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു.
സ്വതന്ത്ര സമരത്തെ എതിര്‍ത്തവരാണ് ബി.ജെ.പി. സ്വന്തന്ത്യ സമര പെന്‍ഷന്‍ വാങ്ങുന്ന ഒരു ബി ജെ പി പ്രവര്‍ത്തകനെയെങ്കിലും ചൂണ്ടിക്കാണിക്കാന്‍ അവര്‍ക്കു സാധിക്കില്ല. ശാസ്ത്രത്തെ നിഷേധിക്കുകയും പുരാണങ്ങളിലെയും ഇതിഹാസങ്ങളിലെയും കാര്യങ്ങളെ അടിച്ചേല്‍പ്പിക്കാനും ശക്തമായ ശ്രമങ്ങള്‍ രാജ്യത്ത് നടക്കുന്നുണ്ട്. ദേശീയ തലത്തില്‍ ചരിത്രം പൊളിച്ചെഴുതാന്‍ ശ്രമമവും നടക്കുന്നുണ്ട്. ഇതിനു ചുക്കാന്‍ പിടിക്കുന്നത് ആര്‍ .എസ് .എസ് സംഘപരിവാര്‍ ശക്തികളാണ്.
ഹിന്ദുത്വ രാജ്യമെന്ന ലക്ഷ്യം നിറവേറ്റാന്‍ സംഘപരിവാര്‍ ശക്തികള്‍ രാജ്യത്തെ പല രീതികളിലും ശിഥിലമാക്കുകയാണ്. ഇതിനെതിരെ രാജ്യത്ത് പണ്ട് ബ്രിട്ടീഷുകാര്‍ക്കെതിരെ ഉണ്ടായ ഐക്യപ്പെടല്‍ പോലെ എല്ലാ വിഭാഗം ജനങ്ങളുടെയും ശക്തമായ ഐക്യപ്പെടല്‍ ഉണ്ടാകേണ്ടത് അനിവാര്യമായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ധന വില ഓരോ ദിവസവും വര്‍ധിപ്പിച്ചു ജനങ്ങള്‍ക്ക് ദുരിതം നല്‍കുകയും അതേ സമയം രാജ്യത്തെ കോര്‍പ്പറേറ്റുകള്‍ക്കു വന്‍ലാഭം ഉണ്ടാക്കി കൊടുക്കുകയും ചെയ്യുകയുമാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. ജനങ്ങള്‍ക്ക് വേണ്ടിയല്ല കുത്തകകള്‍ക്ക് വേണ്ടിയാണ് മോഡി സര്‍ക്കാര്‍ ഭരണം നടത്തുന്നതെന്നും ഇസ്മായില്‍ പറഞ്ഞു.
ശ്രീനാരായണ ദര്‍ശനങ്ങള്‍ക്ക് ഘടകവിരുദ്ധമായാണ് ഇപ്പോള്‍ എസ്.എന്‍.ഡി.പി പ്രവര്‍ത്തിക്കുന്നതെന്നും ഇസ്മായില്‍ പറഞ്ഞു. ഇ.ടി.ടൈസണ്‍ മാസ്റ്റര്‍ എം എല്‍ എ അധ്യക്ഷനായി. സി പി ഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ്, കെ.ശ്രീകുമാര്‍, പി.വി.മോഹനന്‍, ടി.പി.രഘുനാഥ്, മിനി ഷാജി,അഡ്വ എ. ഡി. സുദര്‍ശനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."