കുതിച്ചുയരുന്ന ഇന്ധനവില, വിഡ്ഢികളാകുന്ന പൊതുജനം
പെട്രോളിയംഉല്‍പന്നങ്ങളുടെ വില അനുദിനമെന്നോണം ഉയര്‍ന്നുകൊണ്ടിരിക്കുന്നു. ഇതു പിടിച്ചുനിര്‍ത്താന്‍ യാതൊരു നീക്കവും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കില്ലെന്നും ദിവസേനയുള്ള വിലനിര്‍ണയരീതി മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ വ്യക്തമാക്കിയത്. പെട്രോള്‍, ഡീസല്‍ ഉള്‍പ്പെടെ എല്ലാ പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കും കഴിഞ്ഞ മൂന്നു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിപ്പോള്‍. കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ മാത്രം പെട്രോളിനു ലിറ്ററിന് ഏഴു രൂപയും ഡീസലിനു നാലു രൂപയും കൂടി.
സര്‍ക്കാരിനു വിലനിയന്ത്രണ അധികാരം ഉണ്ടായിരുന്നപ്പോള്‍ സ്വകാര്യ കമ്പനികള്‍ക്ക് എണ്ണ വ്യാപാരത്തില്‍ വലിയ താല്‍പര്യമുണ്ടായിരുന്നില്ല. നിയന്ത്രണമില്ലാതായതോടെ അവര്‍ കച്ചവടത്തില്‍ സജീവമായി. മോദി സര്‍ക്കാരിന്റെ എണ്ണനയം കൊള്ളലാഭത്തിനു വഴിയൊരുക്കിക്കൊടുക്കുകയും ചെയ്തു.അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുത്തനെ താഴ്ന്നുകൊണ്ടിരുന്നപ്പോള്‍ ഇന്ത്യയില്‍ പെട്രോളിന്റെയും ഡീസലിന്റെയുമൊക്കെ വില കുത്തനെ ഉയര്‍ന്നു. 2008 ജൂണില്‍ ഒരു ബാരല്‍ ക്രൂഡ്ഓയിലിന് അന്താരാഷ്ട്ര വില 147 ഡോളറായിരുന്നപ്പോള്‍ ഇന്ത്യയില്‍ ഒരു ലിറ്റര്‍ പെട്രോള്‍ 50.56 രൂപയ്ക്കു കിട്ടിയിരുന്നു. പൊതുമേഖലാ എണ്ണക്കമ്പനികളുടെ അന്നത്തെ നഷ്ടത്തിന്റെ ഭാരം സര്‍ക്കാരിന്റെ ചുമലിലായിരുന്നു.
2014 മെയില്‍ മോദി സര്‍ക്കാര്‍ വരുമ്പോള്‍ ഒരു ബാരല്‍ ക്രൂഡ്ഓയില്‍ ഇന്ത്യ വാങ്ങിയതു 106.85 ഡോളറിനായിരുന്നെങ്കില്‍ താമസിയാതെ വില കുറഞ്ഞുതുടങ്ങി. ഈയാഴ്ച അത് 53.06 ഡോളറായി. അതായത് , അന്താരാഷ്ട്രവില പകുതിയിലും താഴെയായിരിക്കുന്നു. 147 ഡോളറായിരുന്നപ്പോള്‍ വില 50.56 . 53.06 ആയപ്പോള്‍ വില പകുതിയിലും താഴെ വരണം. എന്നാല്‍ കുതിച്ചുയരുകയാണ്. ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഇതിന് ചെറിയ തോതിലെങ്കിലും പരിഹാരം വന്നേക്കാം. അതിനാലതിനും മുതിരില്ല. എന്നാല്‍ തങ്ങളെ ഞെക്കിപ്പിഴിയുന്ന ഭരണകൂടത്തില്‍ അവര്‍ അടിമകളാക്കപ്പെട്ടു കഴിഞ്ഞു.ഈ അടിമത്വം തുടരുന്ന കാലമത്രയും നാം അനുഭവിക്കുക തന്നെ വേണ്ടി വരും. സര്‍ക്കാര്‍ സമ്മതത്തോടെ എണ്ണ മുതലാളിമാര്‍ ഇനിയും വില അനിയന്ത്രിയമായി ഉയര്‍ത്തും. പാവം പൊതുജനം എല്ലാം സഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."