രക്തസമ്മര്‍ദം വില്ലനായി; നാദിര്‍ഷയെ ചോദ്യംചെയ്യാനായില്ല
ആലുവ: രക്തസമ്മര്‍ദവും ദേഹാസ്വാസ്ഥ്യവും വില്ലനായതിനെതുടര്‍ന്ന് നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍ നാദിര്‍ഷയെ ചോദ്യംചെയ്യാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കോടതി നിര്‍ദേശപ്രകാരം അന്വേഷണ സംഘം ഇന്നലെ നാദിര്‍ഷയെ വീണ്ടും ചോദ്യംചെയ്യാന്‍ തിരുമാനിച്ചത്. ഇനി അടുത്ത കോടതി ഉത്തരവ് വരുംവരെ കാത്തിരിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
വീണ്ടും ചോദ്യംചെയ്യാനുള്ള അന്വേഷണ സംഘത്തിന്റെ നീക്കത്തെ തുടര്‍ന്ന് അറസ്റ്റ് ഒഴിവാക്കാന്‍ നാദിര്‍ഷ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. മുന്‍കൂര്‍ ജാമ്യം പരിഗണിക്കവെയാണ് ഇന്നലെ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘം മുന്‍പാകെ ഹാജരാകാന്‍ ഹൈക്കോടതി നാദിര്‍ഷയോട് നിര്‍ദേശിച്ചത്.
ഇതനുസരിച്ച് ഇന്നലെ രാവിലെ 9.45ന് മൂന്ന് ബന്ധുക്കളോടൊപ്പം ഇദ്ദേഹം ആലുവ പൊലിസ് ക്ലബ്ബിലെത്തി. അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കുന്ന റൂറല്‍ എസ്.പി എ.വി ജോര്‍ജ്, അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസ് എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യംചെയ്യലിന് ഒരുക്കം നടത്തിയിരുന്നത്. എന്നാല്‍, ചോദ്യംചെയ്യലിന്റെ ആരംഭത്തില്‍തന്നെ നാദിര്‍ഷ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചു.
തുടര്‍ന്ന് ഡോക്ടര്‍മാര്‍ പൊലിസ് ക്ലബില്‍ എത്തി നടത്തിയ പരിശോധനയില്‍ ഉയര്‍ന്നതോതില്‍ രക്തസമ്മര്‍ദമുള്ളതായും രക്തത്തിലെ പഞ്ചസാരയുടെ തോത് വന്‍തോതില്‍ താഴ്ന്നതായും കണ്ടെത്തി. ഇതോടെ ഡോക്ടര്‍മാരുടെ നിര്‍ദേശമനുസരിച്ച് അന്വേഷണ സംഘം ചോദ്യംചെയ്യാനുള്ള ശ്രമം നിര്‍ത്തിവച്ചു. 11.30ഓടെ നാദിര്‍ഷാ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടുകയും ചെയ്തു.
തുടര്‍ന്ന് ഉച്ചക്കുശേഷം, ഇന്നുതന്നെ താന്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ തയാറാണെന്ന് നാദിര്‍ഷ വീണ്ടും പൊലിസിനെ അറിയിച്ചെങ്കിലും ഇനി കോടതി നിര്‍ദേശം വന്നിട്ടുമതി അടുത്തനീക്കം എന്ന നിലപാടിലേക്ക് പൊലിസ് എത്തി.
ആരോഗ്യനില തൃപ്തികരമാണെന്ന് ഉറപ്പുകിട്ടിയിട്ടേ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകൂ എന്ന് റൂറല്‍ എസ്.പി എ.വി ജോര്‍ജ് സൂചിപ്പിക്കുകയും ചെയ്തു. ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇന്നലെ ചോദ്യംചെയ്യല്‍ വേണ്ടെന്ന് വച്ചത് എന്ന കാര്യവും കോടതിയെ അറിയിക്കും.
പള്‍സര്‍സുനിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ രണ്ടാംവട്ടവും ചോദ്യംചെയ്യലിന് ഹാജരാകാന്‍ പൊലിസ് നിര്‍ദേശം നല്‍കിയയുടന്‍ ശാരീരിക അസ്വാസ്ഥ്യത്തിന്റെ പേരില്‍ നാദിര്‍ഷ ആശുപത്രിയില്‍ ചികിത്സതേടിയിരുന്നു. ഇതിനൊപ്പമാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കിയത്. ഈ ഹരജിയില്‍ തിങ്കളാഴ്ച കോടതിയുടെ ഉത്തരവ് ഉണ്ടാകുമെന്നാണ് സൂചന. അതുകൂടി കണക്കിലെടുത്തേ അന്വേഷണ സംഘത്തിന്റെ അടുത്ത നീക്കമുണ്ടാകൂ.
നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനാ കുറ്റം ചുമത്തി ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ അടുത്ത സുഹൃത്തായ നാദിര്‍ഷയെ ചോദ്യംചെയ്യുന്നതിലൂടെ സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് പൊലിസ്.
ഒന്നാംവട്ടം ചോദ്യംചെയ്തപ്പോള്‍ നാദിര്‍ഷാ നല്‍കിയ മൊഴിയില്‍ പലതും വസ്തുതാപരമല്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."