മലപ്പുറത്തിന്റെ മനസ്സറിഞ്ഞ്...
നാലാം വയസിലേക്കു പ്രവേശിച്ച സുപ്രഭാതം മലപ്പുറത്തിന്റെ മണ്ണിനേകുന്നത് അഭിമാനത്തിന്റെ മൂന്നു വര്‍ഷങ്ങളാണ്. പിറവിയെടുത്ത നാള്‍മുതല്‍ മലപ്പുറത്തിന്റെ ഹൃദയത്തുടിപ്പുകള്‍ ഏറ്റുവാങ്ങി മുന്നേറാന്‍ സുപ്രഭാതത്തിനു കഴിഞ്ഞുവെന്ന് മലപ്പുറത്തുകാര്‍ അഭിമാനത്തോടെ പറയുന്നു.
സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ജില്ലയായ മലപ്പുറത്ത് ഭൂരിപക്ഷം വായനക്കാരുടെയും പ്രിയപത്രമായി സുപ്രഭാതം മാറിക്കഴിഞ്ഞു. സമൂഹത്തിന്റെ സ്പന്ദനങ്ങള്‍ ഏറ്റുവാങ്ങി, നാടിന്റെ വികസനത്തിനായി ജനപക്ഷത്തുനിന്നുള്ള ഇടപെടല്‍ നടത്തി മലപ്പുറത്ത് ഏറ്റവും കൂടുതല്‍ വരിക്കാരുള്ള പത്രമായി മുന്നേറാന്‍ മൂന്ന് വയസ് പിന്നിട്ട സുപ്രഭാതത്തിനു കഴിഞ്ഞിരിക്കുന്നു. മാധ്യമങ്ങളില്‍ പലതും വേട്ടക്കാര്‍ക്കൊപ്പം ഓടിക്കൊണ്ടിരിക്കെ ഇരകളുടെ പക്ഷത്തു നിലയുറപ്പിച്ച സുപ്രഭാതത്തെ മലപ്പുറത്തുകാര്‍ നെഞ്ചോടുചേര്‍ക്കുക തന്നെ ചെയ്തു.
മലപ്പുറത്തിന്റെ അടിസ്ഥാനവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ എന്നും മുന്തിയ പരിഗണനയാണു സുപ്രഭാതം നല്‍കിയത്. ജില്ലാ വിഭജന സാധ്യതകള്‍, വികസനച്ചിറകുകള്‍, വിദ്യാഭ്യാസ, ആരോഗ്യമേഖലകളിലെ ആവശ്യങ്ങള്‍, ജനകീയ വികസന നയങ്ങള്‍ എന്നിവ പത്രം അജണ്ടയായി സ്വീകരിക്കുകയായിരുന്നു. മലപ്പുറത്തിന്റെ വികസനപുരോഗതിക്കു പുതിയ ജില്ല കൂടി വേണമെന്ന ആവശ്യം സുപ്രഭാതത്തിന്റെ പിറവിയോടനുബന്ധിച്ചു ആദ്യപതിപ്പില്‍ ഉന്നയിച്ചിരുന്നു. പുതുതായൊരു ജില്ലയ്ക്കുള്ള സാധ്യതകളായിരുന്നു അന്നു മുന്നോട്ടുവച്ചത്.
ഒന്നാംവാര്‍ഷികത്തോടനുബന്ധിച്ചും ഇക്കാര്യത്തില്‍ ഊന്നിപ്പറയാനും മലപ്പുറത്തെ രാഷ്ട്രീയ, സാമൂഹിക ഇടങ്ങളുടെ അഭിപ്രായം സ്വരൂപിച്ച് പൊതുചര്‍ച്ചയ്ക്കുവയ്ക്കാനും സുപ്രഭാതത്തിനു സാധിച്ചു.
വിദ്യാഭ്യാസ, ആരോഗ്യമേഖലകളില്‍ ജില്ലയുടെ പ്രതീക്ഷയായ മഞ്ചേരി മെഡിക്കല്‍ കോളജിന്റെ കുതിപ്പും കിതപ്പും നേര്‍യാഥാര്‍ഥ്യങ്ങളായി മനസിലാക്കിയുള്ള ഇടപെടലുകളാണു സുപ്രഭാതം നടത്തിയത്.
മലബാറിന്റെ വികസനച്ചിറകായ കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വിഷയത്തിലും സുപ്രഭാതം ഏറ്റെടുത്ത ദൗത്യം ഏറെ ശ്ലാഘിക്കപ്പെട്ടു. അവഗണനയുടെ നിലയില്ലാക്കയത്തിലേക്കു വിമാനത്താവളത്തെ തള്ളിയിടാനുള്ള നീക്കങ്ങള്‍ക്കെതിരേ ശക്തമായി പൊരുതി. വിമാനത്താവള വികസനം, ദേശീയപാതാവികസനം, ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ പദ്ധതി തുടങ്ങിയ വിഷയങ്ങളില്‍ ഇരയുടെ നാവായി മാറുകയുകയാണു സുപ്രഭാതത്തിന്റെ ശൈലി. ഇരയുടെ പക്ഷംപിടിക്കുന്നിടത്ത് പത്രം സ്വീകരിച്ച ഈ നിലപാട് മലപ്പുറത്തിന്റെ പൊതുമനസ് ഏറ്റെടുക്കുകയായിരുന്നു.
മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസിനു നേരേ നടക്കുന്ന അവഗണനക്കെതിരേ രൂപംകൊണ്ട പ്രതിരോധനിരയുടെ മുന്‍നിരയില്‍ സുപ്രഭാതമുണ്ടായിരുന്നു. മലപ്പുറം പാസപോര്‍ട്ട് ഓഫിസ് അടച്ചുപൂട്ടാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ രണ്ടാമതും നടക്കുമ്പോള്‍ പ്രതിരോധനിര തീര്‍ക്കുകയെന്നത് പ്രധാന ചുമതലയായി കാണേണ്ടതുണ്ട്. മലപ്പുറത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം, ഹയര്‍ സെക്കന്‍ഡറി സീറ്റുകള്‍, ഉന്നത വിദ്യാഭ്യാസരംഗത്തെ ആവശ്യങ്ങള്‍ എന്നിവ അവതരിപ്പിക്കുന്നതിലും പത്രം ജാകരൂകമാണ്. വിദ്യാഭ്യാസ, തൊഴില്‍, ആരോഗ്യ, ക്ഷേമ, വികസന മേഖലയിലെല്ലാം ആവശ്യങ്ങളറിഞ്ഞു ഇടപെടുകയായിരുന്നു സുപ്രഭാതം. ജനകീയവികസന വിഷയങ്ങളും ലഹരി, സൈബര്‍ കുറ്റകൃത്യങ്ങളും സാമൂഹികജീര്‍ണതകളും സൃഷ്ടിക്കുന്ന മലീമസ ചുറ്റുപാടുകള്‍ക്കെതിരേ ജാഗ്രതയോടെ നിലകൊണ്ടു.
മതസാഹോദര്യം, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍, വികസനക്കൂട്ടായ്മകള്‍ എന്നിവയെ വായനക്കാര്‍ക്കു മുന്നിലെത്തിക്കാന്‍ പ്രത്യേകം ശ്രദ്ധചെലുത്തുന്നു. മലപ്പുറത്തിന്റെ രീതിശാസ്ത്രത്തെ തെറ്റിദ്ധരിപ്പിക്കാനും മിഥ്യാധാരണകള്‍ സൃഷ്ടിച്ചു ഭീതിപ്പെടുത്താനുമുള്ള സകലശ്രമങ്ങള്‍ക്കും മുന്നില്‍ പ്രതിരോധനിര തീര്‍ത്തിട്ടുണ്ട് സുപ്രഭാതം.
ഏറ്റവും കൂടുതല്‍ വായനക്കാരെ അനുദിനം സൃഷ്ടിച്ച സുപ്രഭാതത്തിനു ജില്ലയിലെ വിദ്യാലയങ്ങളില്‍ ഇതിനകം വന്‍സ്വീകാര്യതയാണ് ലഭിച്ചത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 'സ്‌നേഹപൂര്‍വം സുപ്രഭാതം', വായനശാലകളില്‍ 'സൗഹൃദം' എന്നീ പദ്ധതികള്‍ക്ക് മലപ്പുറത്ത് നല്ല സ്വീകാര്യതയാണ് ലഭിച്ചത്. മദ്‌റസാ അധ്യാപകരുടെ നിസ്സീമമായ പ്രവര്‍ത്തനങ്ങള്‍, ഏറ്റവും സ്വീകാര്യമായ പ്രാദേശിക വായനയായി സുപ്രഭാതത്തെ മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."