മുക്കത്ത് വിദ്യാര്‍ഥികളെ ബസില്‍ കയറ്റുന്നില്ലെന്ന് പരാതി
മുക്കം: നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നൂറുകണക്കിനു വിദ്യാര്‍ഥികള്‍ ദിവസവും ആശ്രയിക്കുന്ന മുക്കം ബസ് സ്റ്റാന്‍ഡില്‍നിന്ന് വിദ്യാര്‍ഥികളെ ബസില്‍ കയറ്റുന്നില്ലെന്ന പരാതി വ്യാപകമാകുന്നു. കണ്‍സെഷന്‍ നിരക്കില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളെ ബസില്‍ കയറ്റിയാല്‍ നഷ്ടം വരുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ബസ് ജീവനക്കാരുടെ നടപടി.
പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ഥികളെ ചോദ്യം ചെയ്താണ് പലപ്പോഴും ബസില്‍ കയറ്റാറുള്ളതെന്ന ആരോപണവുമുണ്ട്. ബസ് പോകാനായി സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ മാത്രമാണ് വിദ്യാര്‍ഥികളെ ബസില്‍ കയറ്റുന്നത്. ഇത് ബസില്‍ കയറിപ്പറ്റാനുള്ള അവസരങ്ങളില്‍ പലപ്പോഴും അപകടത്തിനു കാരണമാകുന്നുണ്ട്. യാത്രക്കാരെയും വിദ്യാര്‍ഥികളെയും വേര്‍തിരിച്ച് കാണരുതെന്ന നിയമം നിലനില്‍ക്കുമ്പോഴാണ് ഇവിടെ നഗ്നലംഘനം നടക്കുന്നത്.
ബസ് ജീവനക്കാര്‍ വിദ്യാര്‍ഥികളോട് മോശമായി പെരുമാറാറുണ്ടെന്ന പരാതിയുമുണ്ട്. ബസുകളിലെ ഒഴിഞ്ഞ സീറ്റിലിരിക്കാനും പലപ്പോഴും വിദ്യാര്‍ഥികളെ അനുവദിക്കാറില്ല. ബസ് ജീവനക്കാരെ നിയന്ത്രിക്കാന്‍ മുക്കം ബസ് സ്റ്റാന്‍ഡില്‍ പൊലിസ് എയ്ഡ്‌പോസ്റ്റ് വീണ്ടും സ്ഥാപിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."