അനിശ്ചിതത്വത്തിന് വിരാമം: ഫറോക്ക് നഗരസഭാധ്യക്ഷ സ്ഥാനം യു.ഡി.എഫിന്
ഫറോക്ക്: രണ്ട് ദിവസം നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിനു ഒടുവില്‍ ഫറോക്ക് നഗരസഭയുടെ പുതിയ അധ്യക്ഷയായി യു.ഡി.എഫിലെ പി. റുബീന തെരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ നടന്ന അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ എം. സുധര്‍മ്മയെയാണ് റുബീന പരാജയപ്പെടുത്തിയത്. പതിനെട്ടിനെതിരേ 19 വോട്ടുകള്‍ക്കാണ് റുബീനയുടെ വിജയം. ബി.ജെ.പിയുടെ ഒരു അംഗം കൗണ്‍സിലില്‍ ഹാജരായെങ്കിലും തെരഞ്ഞെടുപ്പില്‍ പങ്കെടുത്തില്ല. നഗരസഭാധ്യക്ഷയായിരുന്ന ടി.സുഹറാബി ലീഗ് നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം രാജിവച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
രണ്ടു ദിവസം നീണ്ട അനിശ്ചിതത്വത്തിനും രാഷ്ട്രീയ നടാകങ്ങള്‍ക്കും ഒടുവിലാണ് ഇന്നലെ തെരഞ്ഞെടുപ്പ് നടന്നത്. വ്യാഴാഴ്ച നടക്കേണ്ട തെരഞ്ഞെടുപ്പ് ക്വാറം തികയാത്തതിനാല്‍ ഇന്നലത്തേക്ക് മാറ്റിവക്കുകയായിരുന്നു. കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കത്തെ തുടര്‍ന്നു കോതാര്‍ത്തോടില്‍ നിന്നു വിജയിച്ച കെ. മൊയ്തീന്‍ കോയ കൗണ്‍സിലിലെത്താത്തതിനെ തുടര്‍ന്നാണ് യു.ഡി.എഫ് അംഗങ്ങള്‍ വിട്ടുനിന്നത്. ബി.ജെ.പിയുടെ കൗണ്‍സിലറും യോഗത്തില്‍ പങ്കെടുക്കില്ലെന്നറിഞ്ഞതോടെ യു.ഡി.എഫ് അംഗങ്ങളും വിട്ടുനില്‍ക്കാനുളള തന്ത്രപരമായ തീരുമാനം നേതൃത്വം എടുക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നു വരണാധികാരി യോഗം ഇന്നലത്തേക്ക് മാറ്റിവക്കുകയായിരുന്നു.
ഇന്നലെ യോഗം തുടങ്ങുന്നതിനു മിനുട്ടുകള്‍ക്ക് മുന്‍പ് കാണാതായ കൗണ്‍സിലറെ ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖിന്റെ നേതൃത്വത്തില്‍ നഗരസഭയിലെത്തിച്ചതോടെയാണ് യു.ഡി.എഫ് അണികള്‍ക്ക് ശ്വാസം നേരെ വീണത്. ഇന്നലെ വോട്ടെടുപ്പിനുള്ള നടപടിക്രമങ്ങള്‍ കൃത്യം രാവിലെ പതിനൊന്നിന് തന്നെ വരണാധികാരി പി. രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. എന്നാല്‍ വോട്ടിങ് രീതിയെ ചൊല്ലിയുള്ള തര്‍ക്കം വോട്ടെടുപ്പ് ആരംഭിക്കുന്നത് അരമണിക്കൂറോളം വൈകിപ്പിച്ചു. ബാലറ്റ് പേപ്പര്‍ അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യണമെന്നു യു.ഡി.എഫും ഓരോരരുത്തരെ വിളിച്ചു വരുത്തി ബാലറ്റ് നല്‍കി വോട്ട് ചെയ്യിപ്പിക്കണമെന്നു എല്‍.ഡി.എഫും ആവശ്യപ്പെട്ടതാണ് തര്‍ക്കത്തിനു കാരണം. അവസാനം ഓരോരുത്തരെ വിളിച്ചു വരുത്തി ബാലറ്റ് നല്‍കി വോട്ട് രേഖപ്പെടുത്താനുള്ള തീരുമാനം വരണാധികാരി എടുക്കുകയും പരാതിയുള്ളവര്‍ക്ക് എഴുതി നല്‍കാമെന്നും അറിയിച്ചതോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട നഗരസഭാധ്യക്ഷ 23-ാം ഡിവിഷന്‍ മുതുവാട്ടുപ്പാറയില്‍ നിന്നു വിജയിച്ച മുസ്‌ലിം ലീഗിന്റെ കൗണ്‍സിലറാണ്. 127 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടത്. ഇതു രണ്ടാം തവണയാണ് ജനപ്രതിനിധിയാകുന്നത്. ഫറോക്ക് ഗ്രാമപഞ്ചായത്തായിരുന്നപ്പോള്‍ 15വാര്‍ഡില്‍ നിന്നു വിജയിച്ചിരുന്നു. ഭര്‍ത്താവ് അബ്ദുല്‍ റഷീദ്, മക്കള്‍ മുഹമ്മദ് റിഷാം, റിഷ്‌വാ, റൗഷാനി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."