മുക്കത്ത് മൃതദേഹം കണ്ടെത്തിയ സംഭവം പൊലിസ് അന്വേഷണം അവസാനിപ്പിക്കുന്നു
മുക്കം: മാസങ്ങള്‍ക്ക് മുന്‍പ് മുക്കം കുമാരനെല്ലൂര്‍ ഗേറ്റുംപടിയില്‍ മനുഷ്യന്റെ തലയും കൈകാലുകളും വെട്ടിമാറ്റിയ മൃതദേഹം ചാക്കില്‍ കെട്ടി അറവ് മാലിന്യങ്ങളോടൊപ്പം റോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കാര്യമായ തെളിവുകള്‍ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ പൊലിസ് അന്വേഷണം അവസാനിപ്പിക്കുന്നു. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഇതുവരേ കാര്യമായ പുരോഗതിയുണ്ടാവാത്തതിനാലാണ് അന്വേഷണം അവസാനിപ്പിക്കാന്‍ പൊലിസ് തീരുമാനിച്ചതെന്നാണ് സൂചന.
ശാസ്ത്രീയമായ പരിശോധനകളിലും ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും കാര്യമായ തെളിവുകളൊന്നും തന്നെ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നില്ല. കണ്ടെടുത്ത മൃതദേഹത്തോട് സാമ്യമുള്ള സമീപകാലത്ത് സംസ്ഥാനത്ത് നിന്ന് കാണാതായ ആളുകളെ കുറിച്ചുള്ള വിവരങ്ങള്‍ പൊലിസ് ശേഖരിച്ചിരുന്നുവെങ്കിലും നിരാശയായിരുന്നു ഫലം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത് സംബന്ധിച്ച അറിയിപ്പുകള് നല്‍കിയിട്ടും കാര്യമായ പ്രതികരണങ്ങളും ഉണ്ടായിട്ടില്ല.
കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഒട്ടുമിക്ക പൊലിസ് സ്റ്റേഷനുകളിലുമെത്തി അന്വേഷണ സംഘം കാണാതായവരുടെ കണക്കെടുത്തിട്ടുണ്ട്. എന്നാല്‍ ഈ നീക്കവും ഗുണം ചെയ്തിട്ടില്ല. സംശയത്തെ തുടര്‍ന്ന് അഞ്ചോളം മിസ്സിങ് കേസുകള്‍ വിശദമായി പരിശോധിച്ചെങ്കിലും തുമ്പ് ലഭിച്ചില്ല. ഇതോടെയാണ് കൊല്ലപ്പെട്ടത് ഇതര സംസ്ഥാന തൊഴിലാളിയാകാമെന്ന നിഗമനത്തില്‍ പൊലിസ് എത്തിയതും അവരെ കേന്ദ്രീകരിച്ച് അന്വേഷണം മുന്നോട്ട് കൊണ്ട് പോയതും. ഇതിന്റെ ഭാഗമായി പൊലിസ് നിരവധി തവണ മറ്റ് സംസ്ഥാനങ്ങളില്‍ പോയെങ്കിലും ഫലമുണ്ടായില്ല.
കേരളത്തിലേക്ക് വ്യാപകമായി ഇതര സംസ്ഥാനക്കാര്‍ വരുന്ന ബംഗാള്‍, ഒറീസ, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് അന്വേഷണ സംഘം തിരിച്ചത്. എന്നാല്‍ മൃതദേഹത്തെ കുറിച്ച് യാതൊന്നും വ്യക്തമാവാത്ത സാഹചര്യത്തില്‍ എങ്ങിനെ അന്വേഷണം മുന്നോട്ട് കൊണ്ടുപോവുമെന്നതാണ് അന്വേഷണ സംഘത്തെ കുഴക്കുന്നത്. സംഭവ ദിവസത്തേയും സമീപ ദിവസങ്ങളിലേയും നിരവധി ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും എങ്ങുമെത്തിയില്ല.അതിനിടെ വെട്ടിമാറ്റിയ കൈകള്‍ കണ്ടെത്തിയ ചാലിയം കടല്‍ തീരത്ത് നിന്ന് കഴിഞ്ഞ മാസം തലയോട്ടിയും കണ്ടെത്തിയതോടെ അന്വേഷണ സംഘം വലിയ പ്രതീക്ഷയിലായിരുന്നു. ചാലിയം ലൈറ്റ് ഹൗസിന് സമീപത്ത് നിന്നാണ് തലയോട്ടി ലഭിച്ചത്.
ഇതും മുക്കത്ത് നിന്ന് ലഭിച്ച ശരീര ഭാഗവും ചാലിയത്ത് നിന്ന് ലഭിച്ച കൈകളും ഒരാളുടെ തന്നെയെന്ന് പൊലിസ് ഏകദേശം ഉറപ്പിച്ചിട്ടുണ്ട്. എന്നാല്‍ ശാസ്ത്രീയ പരിശോധനാ ഫലം കൂടി വന്നാലേ സ്ഥിരീകരിക്കാനാവൂ. പൊലിസിന്റേയോ സംസ്ഥാന സര്‍ക്കാരിന്റേയോ അടുത്ത് യാതൊരു രേഖകളുമില്ലാത്ത ആയിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികളാണ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കഴിയുന്നത്.
ഇതിന്റെയടിസ്ഥാനത്തില്‍ മലയോര മേഖലയില്‍ ഇത്തരം തൊഴിലാളികളെ കൂട്ടത്തോടെ കൊണ്ട് വന്ന് പാര്‍പ്പിച്ചിരിക്കുന്ന ആളുകളില്‍ നിന്നും പൊലിസ് വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും കാര്യമായ വിവരങ്ങള്‍ ലഭിച്ചില്ല. കൊടുവള്ളി സി.ഐ.എന്‍ ബിശ്വാസിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."