വരുന്നു... ബീച്ച് ഫയര്‍ സ്റ്റേഷന് പുതിയ കെട്ടിടം
കോഴിക്കോട്: മൂന്നാലിങ്ങല്‍ ബീച്ച് ഫയര്‍ സ്റ്റേഷന് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ കെട്ടിടം ഒരുങ്ങുന്നു. ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് ഭീഷണിയായി നിലനില്‍ക്കുന്ന നിലവിലുള്ള പഴകിയ കെട്ടിടം പൊളിച്ചു നീക്കിയാണ് പുതിയ കെട്ടിടം പണിയുന്നത്. ഇതിന്റെ ഭാഗമായി പി.ഡബ്ല്യു.ഡി അധികൃതര്‍ നിലവിലുള്ള സ്ഥലം അളന്ന് തിട്ടപ്പെടുത്തി.
എന്‍പതോളം സെന്റ് സ്ഥലത്ത് നിലവില്‍ സ്ഥിതി ചെയ്യുന്ന ഇരുനില കെട്ടിടത്തോടൊപ്പം അതേ കോംപൗണ്ടില്‍ സ്ഥിതി ചെയ്യുന്ന ജീവനക്കാരുടെ ഹോസ്റ്റലും നിര്‍മാണത്തിന് വേണ്ടി പൊളിച്ചു നീക്കും. മൂന്ന് മൊബൈല്‍ ടാങ്ക്, ജീപ്പ്, ആംബുലന്‍സ്, ക്രാസ്‌ടെന്‍ഡര്‍, എമര്‍ജന്‍സി ടെന്‍ഡര്‍, മിനി വാട്ടര്‍ മിസ്ട് ടെന്‍ഡര്‍ എന്നിവ ഓരോന്ന് വീതം പാര്‍ക്ക് ചെയ്യാനവശ്യമായ ഗ്യാരേജ്, ഓഫിസ്, ഉദ്യോഗസ്ഥര്‍ക്ക് വിശ്രമിക്കാനുള്ള മുറി, വാട്ടര്‍ ടാങ്ക് എന്നിവയാണ് കെട്ടിടത്തില്‍ ഉള്‍കൊള്ളിക്കുന്നത്. മീഞ്ചന്ത ഫയര്‍ സ്റ്റേഷനിലെ ഹോസ്റ്റലിലേക്ക് ഇവിടെ താമസിക്കുന്ന 16 കുടുംബങ്ങളെ മാറ്റാനുമാണ് പദ്ധതി.
1976 ല്‍ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കെ. കരുണാകരന്‍ ഉദ്ഘാടനം ചെയ്തതാണ് നിലവിലെ കെട്ടിടം. നിലവിലുള്ള കെട്ടിടം ഒരു സ്‌റ്റേഷന്‍ ഓഫിസറും, രണ്ട് അസി.സ്‌റ്റേഷന്‍ ഓഫിസറും, 45 ജീവനക്കാരും, എട്ട് ഹോംഗാര്‍ഡുകളുമടക്കം അന്‍പതോളം വരുന്ന ഉദ്യോഗസ്ഥരുടെ ജീവന് ഭീഷണിയാണ്. കനത്ത മഴയില്‍ ചോര്‍ന്നൊലിക്കുകയും ഏതു നിമിഷവും നിലം പൊത്താറായ അവസ്ഥയിലുമാണ് നിലവിലെ കെട്ടിടം. ചുമരുകള്‍ പലയിടത്തും പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. ജീവനക്കാര്‍ വിശ്രമിക്കുന്ന മുറിയുടെ സീലിങ്ങ് അടര്‍ന്നു വീണ സംഭവമുണ്ടായിരുന്നു. ഇതില്‍ നിന്നു ജീവനക്കാര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
കൂടാതെ ഏകദേശം മുപ്പതിനായിരം ലിറ്റര്‍ വെള്ളം സംഭരിക്കുന്ന വാട്ടര്‍ ടാങ്കും അപകട ഭീഷണിയിലാണ്. ടാങ്കിന്റെ ചുമരുകള്‍ നശിക്കുകയും തൂണുകള്‍ ദ്രവിച്ച് കമ്പി പുറത്തുവരികയും ചെയ്തിട്ടുണ്ട്. വാട്ടര്‍ ടാങ്ക് തകര്‍ന്നാല്‍ വന്‍ അപകടത്തിനും സാധ്യതയുണ്ട്. വാട്ടര്‍ ടാങ്കിന് തൊട്ടടുത്താണ് ജീവനക്കാരുടെ വിശ്രമമുറി. തകര്‍ന്നു വീഴാറായ ടാങ്കിന്റെ തൊട്ടരികില്‍ വിശ്രമിക്കുന്നത് ജീവനക്കാരെ കൂടുതല്‍ അപകടത്തിലാക്കുന്നുമുണ്ട്. നിലവില്‍ ഇവിടെ എട്ട് വാഹനങ്ങള്‍ നിര്‍ത്തിയിടാനുള്ള സൗകര്യം കുറവാണ്. എട്ട് വാഹനങ്ങള്‍ ബീച്ച് ഫയര്‍സ്റ്റേഷനിലുണ്ട്. എന്നാല്‍, ഇത്രയും വാഹനങ്ങള്‍ നിര്‍ത്തിയിടാനുള്ള സൗകര്യം ഫയര്‍സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നയിടത്തു പ്രവര്‍ത്തിക്കുന്ന ഗ്യാരേജില്‍ ഇല്ല.
ജീവനക്കാര്‍ തന്നെ കെട്ടിയുണ്ടാക്കിയ താര്‍പായ മേല്‍ക്കൂരയാക്കിയാണ് വാഹനങ്ങള്‍ നിര്‍ത്തുന്നത്. ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സിന്റെ അവസ്ഥയും പരിതാപകരമാണ്. എന്നാല്‍ പുതിയ കെട്ടിടം വരുന്നതോടെ ഇതിനെല്ലാം പരിഹാരമാവുമെന്ന ആശ്വാസത്തിലാണ് ബീച്ച് ഫയര്‍സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍. നിലവിലുള്ള സര്‍ക്കാരിന്റെ കാലത്ത് തന്നെ നിര്‍മാണം ആരംഭിക്കാനാവുമെന്ന പ്രതീക്ഷയിലാണിവര്‍.
സ്റ്റേഷന്‍ ഓഫിസര്‍ കെ.എം ജോമി നിലംപൊത്താറായ നിലവിലെ കെട്ടിടം സംബന്ധിച്ച് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നീങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."