ബോവിക്കാനം സംഘര്‍ഷം: സ്റ്റേഷനറിക്കട തീവച്ചു നശിപ്പിച്ചു
ബോവിക്കാനം: സി.പി.എം-ബി. ജെ.പി സംഘര്‍ഷം നിലനില്‍ക്കുന്ന ബോവിക്കാനത്ത് സ്റ്റേഷനറിക്കട തീവച്ചു നശിപ്പിച്ചു. ബോവിക്കാനം നഗരത്തിലെ പഞ്ചായത്ത് റോഡിലുള്ള തേജസ് കേളനിയിലെ രാജന്റെ ഉടമസ്ഥതയിലുള്ള കടയാണു അഗ്നിക്കിരയായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടോടെയാണു സംഭവം. രാത്രികാല പട്രോളിങ് നടത്തുകയായിരുന്ന പൊലിസ് സംഘമാണു കടയ്ക്കു തീപിടിക്കുന്നതു കണ്ടത്. ഉടന്‍ തന്നെ രാജനെ വിളിച്ചു വരുത്തി പൊലിസ് തീയണക്കുകയായിരുന്നു.
കടക്കകത്തെ ഫോട്ടോസ്റ്റാറ്റ് സാമഗ്രികളും ഫ്രീസറിന്റെ ഒരു ഭാഗവും കത്തിനശിച്ചു. അരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പെട്ടെന്നു തന്നെ തീയണക്കാന്‍ സാധിച്ചതിനാല്‍ കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായില്ല. സംഭവവുമായി ബന്ധപ്പെട്ട് രാജന്റെ പരാതിയില്‍ ആദൂര്‍ പൊലിസ് കേസെടുത്തു.
വ്യാപര സ്ഥാപനത്തിനു നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ചു വ്യാപാരി വ്യവസായി ഏകോപന സമിതി ബോവിക്കാനം നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
ശോഭായാത്രയുമായി ബന്ധപ്പെട്ട ബോവിക്കാനത്ത് ഉടലെടുത്ത സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തില്‍ മുളിയാര്‍ പഞ്ചായത്തംഗവും സി.പി.എം മുന്‍ മുളിയാര്‍ ലോക്കല്‍ കമ്മിറ്റി അംഗവുമായ എം. മാധവന്റെ വീടിനു നേരെ അക്രമമുണ്ടായിരുന്നു.
എസ്.എഫ്.ഐ-എ.ബി.വി.പി പ്രവര്‍ത്തകര്‍ക്കും അക്രമത്തില്‍ പരുക്കേറ്റിരുന്നു.
എം. മാധവന്റെ വീടിനു നേരെ അക്രമണം നടത്തിയ സംഭവത്തില്‍ എട്ടുപേര്‍ക്കെതിരേ പൊലിസ് കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."