ചുമരുകളില്‍ വിരിയുന്ന അരവിന്ദം
അരവിന്ദം എന്നു പറഞ്ഞാല്‍ താമര. ചുമരുകളില്‍ ചിത്രങ്ങളുടെ അരവിന്ദം വിരിയിക്കുന്ന ഒരാളുണ്ട്. ചിത്രകലയെ ആവിഷ്‌കാരത്തിന്റെ ആഘോഷമാക്കുന്ന എടപ്പാള്‍ നടുവട്ടം സ്വദേശി അരുണ്‍ അരവിന്ദ് എന്ന യുവ ചുമര്‍ചിത്രകാരന്‍. പത്തുവര്‍ഷത്തിനിടയില്‍ അരുണ്‍ വരച്ചത് മുപ്പതിനായിരത്തിലധികം ചുമര്‍ചിത്രങ്ങള്‍. അരുണിനു ചിത്രകലയാണു ജീവിതം.
ഇരുപത്തിമൂന്നാം വയസില്‍ ഗുരുവായൂര്‍ ചുമര്‍ചിത്രകലാ കേന്ദ്രത്തില്‍നിന്നു പഠനം പൂര്‍ത്തിയാക്കിയ അരുണ്‍ ചിത്രങ്ങള്‍ക്കായി ജീവിതം തന്നെ സമര്‍പ്പിച്ചു. ക്ഷേത്രച്ചുമരുകളില്‍ അരുണിന്റെ വിരലുകള്‍ തീര്‍ത്ത വിസ്മയക്കാഴ്ചകള്‍ ചിത്രത്തിലെ പാട്ടുകാരന്റെ ഗാനം പോലെ അനശ്വരമാണ്. ചുമര്‍ചിത്ര കലകളെ പുരാണങ്ങളുടെ ബന്ധനങ്ങളില്‍നിന്നു വ്യത്യസ്തമായി പുതിയ പരിണാമങ്ങള്‍ക്കു വിധേയമാക്കുകയാണ് ഈ കലാകാരന്‍.
മനസില്‍ കണ്ട ആശയത്തെ അതിന്റെ സാധ്യത മുഴുവനും വ്യക്തമാകുന്ന തരത്തില്‍ ചുമരിലേക്കു പകര്‍ത്തുക എന്ന ആവേശമാണ് അരുണിനെ മറ്റു ചുമര്‍ചിത്രകാരില്‍നിന്നു വ്യത്യസ്തനാക്കുന്നത്. പുരാണ കഥകളെ ചുമര്‍ചിത്രങ്ങളാക്കുക എന്ന പതിവു ചട്ടക്കൂട്ടില്‍നിന്ന് അരുണിനു പുറത്തുകടക്കാനായതും ഇതു കൊണ്ടാണ്. എടപ്പാള്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഓപണ്‍ ഓഡിറ്റോറിയത്തിന് (ഗുരുവൃക്ഷ രംഗപീഠം) തയാറാക്കിയ ചുമര്‍ചിത്രങ്ങള്‍ ഈ രീതിയുടെ സാധ്യത മുഴുവന്‍ വ്യക്തമാക്കുന്ന ഒന്നാണ്.
വാക്കുകള്‍ക്കു മുന്‍പ് ബിംബങ്ങളുണ്ടായി
വാക്കുകള്‍ക്കു മുന്‍പുണ്ടായതു ബിംബങ്ങളാണെന്നു പറയാറുണ്ട്. മനുഷ്യന്റെ ഇന്ദ്രിയാനുഭവങ്ങളുടെയും സര്‍ഗശേഷിയുടെയും ആദ്യശ്രമം ബിംബങ്ങള്‍ നിര്‍മിക്കുന്നതില്‍നിന്നാണു തുടങ്ങുന്നത്. ചിത്രകലയുമായി ബന്ധപ്പെട്ട സങ്കല്‍പങ്ങള്‍ അടിമുടി മാറുന്ന പുതിയ കാലത്താണു സര്‍ഗപരമായി വ്യാഖ്യാനത്തിനും ആഖ്യാനത്തിനും വലിയ സാധ്യതകള്‍ നല്‍കുന്ന ചിത്രകലയുമായി അരുണ്‍ അരവിന്ദ് വിസ്മയം തീര്‍ക്കുന്നത്. ശുദ്ധമായ കാഴ്ചയുടെ ആവിഷ്‌കാരം എന്ന നിലയിലേക്കു സ്വന്തം ചിന്താരീതിയെയും പുരാണങ്ങളെയും മാറ്റിയെടുക്കുന്നു എന്നതാണ് അരുണിന്റെ ചിത്രങ്ങളെ ശ്രദ്ധേയമാക്കുന്നത്. അരവിന്ദന്റെ ചുമര്‍ചിത്രങ്ങളില്‍ വ്യാഖ്യാനത്തിനും ആഖ്യാനത്തിനുമുള്ള ഇടങ്ങള്‍ ധാരാളമുണ്ട്.
സിമന്റുകളില്‍ റിലീഫ് ചിത്രങ്ങള്‍ വരക്കുന്നതില്‍ സ്വന്തമായൊരു ശൈലി രൂപപ്പെടുത്തിയ അരുണ്‍ ഇതിനകം സിനിമകള്‍ക്കും ആര്‍ട്ട് പ്രൊഡക്ഷനില്‍ സഹായിയായിട്ടുണ്ട്. എം.ടി-ഹരിഹരന്‍ കൂട്ടുകെട്ടിന്റെ 'പഴശ്ശിരാജ', 'ചിത്രശലഭങ്ങള്‍' തുടങ്ങിയ എതാനും ചിത്രങ്ങള്‍ക്ക് ആര്‍ട്ടൊരുക്കാന്‍ അരുണിനെ പ്രാപ്തനാക്കിയതു ചിത്രകലയോടുള്ള അടങ്ങാത്ത അഭിനിവേശമാണ്.
വരയില്‍ പിച്ചവച്ചു
കുട്ടിക്കാലം മുതല്‍ അരുണ്‍ അരവിന്ദ് ചിത്രങ്ങളുടെ കൂടെയായിരുന്നു. നേരാംവണ്ണം സംസാരിച്ചു തുടങ്ങുന്നതിനു മുന്‍പു തന്നെ വരയ്ക്കാനാരംഭിച്ചു . നോക്കിക്കാണുന്നതും അനുഭവിക്കുന്നതുമായ ലോകത്തെ വരകളിലൂടെ പുനര്‍നിര്‍മിച്ചു. പിന്നെപ്പിന്നെ വരകളിലൊക്കെ വ്യതിചലനങ്ങള്‍ വന്നെന്ന് അരുണ്‍ അരവിന്ദ് പറയുന്നു.
ചിത്രകലക്കു ശിക്ഷണമൊന്നും കിട്ടിയില്ലെങ്കിലും വീട്ടുകാര്‍ പ്രോത്സാഹിപ്പിച്ചതാണ് അരുണ്‍ അരവിന്ദിലെ ചിത്രകാരനെ വളര്‍ത്തിയത്. സ്‌കൂളുകളില്‍ സമര്‍ത്ഥരായ കലാധ്യാപകര്‍ ഇല്ലാതിരുന്നിട്ടുകൂടി പല മത്സരങ്ങളിലും വിജയിച്ചു. ആള്‍രൂപങ്ങളും ചലനാത്മകമായ പ്രകൃതിയും ജനജീവിതവും പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന രചനാരീതിയായിരിന്നു കൗമാരക്കാലത്ത്. സമര്‍ത്ഥമായി ഛായാചിത്രങ്ങളും ശില്‍പങ്ങളും രചിക്കാനുള്ള കഴിവിനെ കൂടുതല്‍ വികസിപ്പിച്ചതു ചിത്രരചനാ പഠനകാലത്താണ്.
സ്‌കൂള്‍ പഠനകാലത്ത് ചിത്രരചനാ മത്സരങ്ങളില്‍ രണ്ടും മൂന്നും സ്ഥാനം നേടിയിരുന്ന അരുണ്‍ ചിത്രകലയെ ഗൗരവമായി എടുത്തത് കുന്ദംകുളത്ത് പ്രീഡിഗ്രി പഠിക്കുമ്പോഴാണ്. ഗുരുവായൂര്‍ ചുമര്‍ ചിത്രകലാ കേന്ദ്രത്തില്‍ അഡ്മിഷന്‍ കിട്ടിയതോടെ ഡിഗ്രി പഠനം ഉപേക്ഷിച്ച് അഞ്ചുകൊല്ലം ചിത്രകല പഠിച്ചു. മൂന്നു വര്‍ഷം കൂടുമ്പോള്‍ പത്തുപേര്‍ക്കു മാത്രം പ്രവേശനം ലഭിക്കുന്ന സ്ഥാപനമായതിനാല്‍ കിട്ടിയ അവസരം കളഞ്ഞില്ലെന്ന് അരുണ്‍ അരവിന്ദ് പറയുന്നു. അത്രമേല്‍ ചിത്രകലയെ ഇഷ്ടപ്പെട്ടിരുന്നു അരുണ്‍.
കലയുടെ സാമൂഹികവല്‍ക്കരണം
സ്വന്തം കേമത്തങ്ങളെക്കുറിച്ചു സ്വയം വിളിച്ചുപറയുന്ന 'മിടുക്കന്മാരുടെ' കൂട്ടത്തില്‍ അരുണ്‍ അരവിന്ദില്ല. പണത്തിനപ്പുറം സ്വന്തം നാടിനെ അടയാളപ്പെടുത്താനാണു ചുമര്‍ചിത്രങ്ങളെ അരുണ്‍ ഉപയോഗപ്പെടുത്തുന്നത്. അതിന്റെ ഭാഗമാണ് പൊന്നാനി നഗരസഭക്കും എടപ്പാള്‍ സര്‍ക്കാര്‍ സ്‌കൂളിനും കുളങ്കര ഭഗവതി ക്ഷേത്രത്തിനും ചുമര്‍ചിത്രങ്ങളൊരുക്കിയത്. 'ചാര്‍കോള്‍' എന്നൊരു ചിത്രകാരന്മാരുടെ കൂട്ടായ്മയൊരുക്കി കലയിലും സാഹിത്യത്തിലും ഇടപെടാന്‍ അരുണിനു കഴിഞ്ഞിട്ടുണ്ട് . 'ചാര്‍കോളി'ന്റെ സെക്രട്ടറി കൂടിയാണ് അരുണ്‍. കുട്ടികള്‍ക്കായി ക്യാംപുകള്‍ സംഘടിപ്പിച്ചു അവരിലെ കുഞ്ഞുവരകളെ ആത്മകഥകളാക്കുകയാണു ലക്ഷ്യം.
പൊതുസ്ഥലത്തേക്കുള്ള കലയുടെ വ്യാപനം ജനങ്ങളിലേക്കുള്ള ഇറങ്ങിച്ചെല്ലലാണെന്ന് അരുണ്‍ വിശ്വസിക്കുന്നു. ചുമര്‍ചിത്രകല സ്വകാര്യ ഇടങ്ങളെ ലംഘിക്കട്ടെ. അതുകൊണ്ടുതന്നെയാണ് ചങ്ങരംകുളം കേന്ദ്രീകരിച്ചു ചിത്രകലയില്‍ താല്‍പര്യമുള്ളവര്‍ക്കു പരിശീലനം നല്‍കാനും ഈ യുവാവ് തയാറായതും. ലോകത്തെ ആവിഷ്‌കരിക്കാനുപയോഗിക്കുന്ന സാങ്കേതികഭാഷയിലൂടെ കുട്ടികളെ പരിശീലിപ്പിക്കുമ്പോള്‍ കുട്ടിയുടെ തനതുശീലങ്ങള്‍ സര്‍ഗപരമാകുമെന്നാണ് ഈ കലാകാരന്‍ പറയുന്നത്. തീവ്രമായ തനിമയുള്ള കുട്ടികളായി മാറാന്‍ ഇതു സഹായിക്കും.
റെക്കോര്‍ഡുകളും
വര്‍ത്തമാനകാലത്തിന്റെ പ്രതിനിധാനങ്ങളാണ് അരുണിന്റെ വരകളില്‍ കൂടുതല്‍ ആവിഷ്‌കരിക്കപ്പെടുന്നത്. സൈനികര്‍ക്കും കര്‍ഷകര്‍ക്കും ഐക്യദാര്‍ഢ്യവുമായി എടപ്പാള്‍ പൂക്കരത്തറ ഹൈസ്‌കൂളില്‍ കൂറ്റന്‍ കാന്‍വാസില്‍ ഒരുക്കിയ ചിത്രം അരുണിനു വലിയ അംഗീകാരമാണു നേടിക്കൊടുത്തത്. 1500 ചതുരശ്ര അടിയുള്ള പ്രതലത്തില്‍ തള്ളവിരലൊപ്പുകൊണ്ടു കൂറ്റന്‍ ചിത്രമൊരുക്കി. ഒരു ലക്ഷം പേരുടെ തള്ളവിരലൊപ്പുകളാണ് അരവിന്ദ് കാന്‍വാസിലാക്കിയത്. 20 വര്‍ഷം മുന്‍പ് ചെന്നൈയില്‍ സ്ഥാപിച്ച ആയിരം അടിയില്‍ തീര്‍ത്ത തംബ് ചിത്രരചനയുടെ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡാണ് ഇതുവഴി അരുണ്‍ തകര്‍ത്തത്. ഈ ചിത്രത്തിന് യു.ആര്‍.എഫ് ഏഷ്യന്‍ റെക്കോര്‍ഡും ലഭിച്ചു.
ലോകപ്രശസ്തമായ തിരുപ്പതി വെങ്കിടാചല ക്ഷേത്രം, കൂത്താട്ടുകുളം ഓണംകുന്ന് ഭഗവതി ക്ഷേത്രം അങ്ങനെ ഒത്തിരിയൊത്തിരി ക്ഷേത്രങ്ങളില്‍ പുരാണകഥകള്‍ ചുമര്‍ചിത്രങ്ങളായി വിസ്മയം സമ്മാനിക്കുന്നത് അരുണിന്റെ വിരലുകളില്‍നിന്നാണ്. ഒന്നാന്തരമായി കലാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിട്ടും കലയുടെ ചരിത്രത്തില്‍ ഇടംകിട്ടാതെപോയ ആയിരക്കണക്കിനു പേരില്‍ ഒരാളാണ് ഈ യുവാവ്. ഭാഷയില്ലാത്ത വിലാപങ്ങളുടെ സാന്നിധ്യമാണ് അരുണിന്റെ ചിത്രങ്ങളിലെ പക്ഷികളും മൃഗങ്ങളും. എടപ്പാള്‍ സ്‌കൂളില്‍ വരച്ച ബുദ്ധന്റെ ചിത്രത്തിലെ വള്ളിപ്പടര്‍പ്പുകളും മൃഗങ്ങളും പക്ഷികളും കലയുടെ രാഷ്ട്രീയമാണ് നമ്മോടു പറയുന്നത്.
ചിത്രകല പഠിച്ചിറങ്ങുന്ന നല്ലൊരു ശതമാനം പേരും ചെന്നുചേരുന്നത് ഗ്രാഫിക് ഡിസൈനിലും പിന്നീട് വലിയ പരസ്യകമ്പനികളിലും മാധ്യമ സ്ഥാപനങ്ങളിലുമാണ്. ഒടുവില്‍ ചിത്രകലയിലേക്കു തിരിച്ചുവരാന്‍ കഴിയാത്തവിധം ഒന്നാന്തരം പ്രൊഫഷനലുകളായി അവര്‍ മാറുന്നു. എന്നാല്‍ ഇതില്‍നിന്നെല്ലാം വ്യത്യസ്തനാണ് അരുണ്‍ അരവിന്ദ്. തന്റെ തട്ടകം ചുമര്‍ചിത്രങ്ങളുടെയും ശില്‍പങ്ങളുടെയും ലോകമായ സര്‍ഗാത്മകമായ കലാരംഗമെന്ന് ഈ യുവാവ് തീര്‍ച്ചപ്പെടുത്തിയിരിക്കുന്നു.
സംഗീതാധ്യാപികയായ ഭാര്യ സൗമ്യയും ഏക മകള്‍ ലാവണ്യയും അരുണിന്റെ കലാജീവിതത്തില്‍ കൂടെയുണ്ട്. മകള്‍ ലാവണ്യ കുഞ്ഞുപ്രായത്തില്‍ തന്നെ അച്ഛനെപ്പോലെ വരയുടെ ലോകത്താണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."