ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കേണ്ടത് ഖത്തറെന്ന് സഊദി
റിയാദ്: ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനുള്ള മാര്‍ഗം ഖത്തറിന്റെ കരങ്ങളില്‍ തന്നെയാണെന്ന് സഊദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ പ്രസ്താവിച്ചു. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസുമായി ന്യൂയോര്‍ക്കില്‍ നടന്ന കൂടിക്കാഴ്ചയ്ക്കുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.എന്‍ ജനറല്‍ അസംബ്ലിക്കായി എത്തിയതായിരുന്നു ആദില്‍ അല്‍ ജുബൈര്‍.
ഐക്യരാഷ്ട്രസഭക്ക് ഖത്തര്‍ പ്രതിസന്ധി തീര്‍ക്കുന്നതില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. അതിനായി ഖത്തര്‍ തന്നെ കരുതണം. ഖത്തറിന്റെ ഭാഗത്തുള്ള കാര്യങ്ങള്‍ ശരിയായാല്‍ പ്രതിസന്ധിക്ക് ഉടന്‍ പരിഹാരം കാണാന്‍ സാധിക്കുമെന്നും യു.എന്‍ ജനറല്‍ അസംബ്ലിയിലെ സഊദി സംഘതലവന്‍ കൂടിയായ ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞു. യമന്‍, സിറിയ, ഇറാഖ്, മ്യാന്മര്‍ തുടങ്ങിയ രാജ്യങ്ങളിലെ പ്രതിസന്ധിയുടെ ഒടുവിലത്തെ സ്ഥിതിവിശേഷങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു.
വാഷിങ്ടണിലെ സഊദി അംബാസഡര്‍ പ്രിന്‍സ് ഖാലിദ് ബിന്‍ സല്‍മാനും ചര്‍ച്ചയില്‍ പങ്കെടുത്തു. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയും ഐക്യരാഷ്ട്രസഭാ യോഗത്തില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കില്‍ എത്തിയിട്ടുണ്ട്.
അതേസമയം, ഖത്തറിനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയ സഊദി അറേബ്യ, ബഹ്‌റൈന്‍, യു.എ.ഇ, ഈജിപ്ത് എന്നീ നാലു രാജ്യങ്ങളുടെ കൂട്ടായ്മയെ യു.എന്‍ അസംബ്ലിക്കു മുന്‍പായി ശിഥിലപ്പെടുത്താനുള്ള ശ്രമം ഖത്തര്‍ ആരംഭിച്ചതായി ഫോര്‍ബ്‌സ് റിപ്പോര്‍ട്ട് ചെയ്തു. 2014ല്‍ ഹമാസ് കൊലപ്പെടുത്തിയ ഇസ്‌റാഈലി ഓഫിസറുടെ മൃതദേഹവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ അമേരിക്കയിലെ ജൂതനേതാക്കളുമായി ഖത്തര്‍ അമീര്‍ ചര്‍ച്ച നടത്തുമെന്നും വാര്‍ത്തയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."