ഖത്തറില്‍ നിക്ഷേപ അവസരങ്ങള്‍ സൃഷ്ടിക്കും: കഹ്‌റമാ
ദോഹ: 2022നുള്ളില്‍ 19 ബില്യണ്‍ ഖത്തര്‍ റിയാലിന്റെ നിക്ഷേപ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ജനറല്‍ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ കോര്‍പറേഷന്‍ (കഹ്‌റമാ) പ്രസിഡന്റ് ഈസ ബിന്‍ ഹിലാല്‍ അല്‍ കുവാരി അറിയിച്ചു. 2022 വരെ ഏഴ് ബില്യന്‍ ഖത്തര്‍ റിയാലിന്റെ ഉത്പന്നങ്ങള്‍ കഹ്‌റമായ്ക്ക്
ആവശ്യമുണ്ട്. 12 ബില്യണ്‍ ഖത്തര്‍ റിയാലിന്റെ നേരിട്ടുള്ള കരാറുകളില്‍ കഹ്‌റമാ ഏര്‍പ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രാദേശിക വിപണിക്കായിരിക്കും കരാറുകളില്‍ ഊന്നല്‍ നല്‍കുക. മെഗാ ജല സംഭരണിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നുണ്ട്. അടുത്ത വര്‍ഷം ആദ്യ പാദത്തില്‍ തന്നെ ഈ പദ്ധതിയുടെ ആദ്യ ഘട്ടം തുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ച് വ്യത്യസ്ത പ്രദേശങ്ങളില്‍ 24 സംഭരണികള്‍ നിര്‍മിക്കുകയാണ് പദ്ധതി.
സംഭരണത്തില്‍ ചില മേഖലകളുടെ ശേഷി കൂടുതല്‍ ഉപയോഗിക്കുന്നതിന് അവിടങ്ങളില്‍ ഒന്നിലേറെ ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുക. ഉപരോധം തുടരുന്നുവെങ്കിലും പ്രഖ്യാപിച്ച പദ്ധതികള്‍ നിശ്ചിത സമയത്തിനുള്ളില്‍ മികച്ച നിലവാരത്തോടെ യാഥാര്‍ഥ്യമാക്കാന്‍ കഹ്‌റമ പ്രതിജ്ഞാബദ്ധമാണ്. കേബിള്‍, ട്രാന്‍സ്‌ഫോര്‍മര്‍, സ്വിച്ച് തുടങ്ങിയവയുടെ നിര്‍മാണത്തില്‍ പ്രാദേശിക കമ്പനികളുടെ വര്‍ധിച്ച പങ്കാളിത്തമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."