പാടിയില്‍ കടവില്‍ പാലം വരുമോ..? കടത്തു നിലച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞു
തൃക്കരിപ്പൂര്‍: പയ്യന്നൂര്‍ നഗരസഭയെയും തൃക്കരിപ്പൂര്‍ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാടിയില്‍ കടവില്‍ കടത്തു നിലച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ഏതാണ്ട് ഒരു പതിറ്റാണ്ടു മുന്‍പ് പയ്യന്നൂര്‍ നഗരസഭ 70000 രൂപ ചെലവഴിച്ചു ഫൈബര്‍ പാണ്ടി ഒരുക്കിയിരുന്നു. കാലാ കാലങ്ങളില്‍ ഇവിടുത്തെ ജനങ്ങള്‍ പലരില്‍ നിന്നു പണം സ്വരൂപിച്ചാണ് പാണ്ടിയുടെ അറ്റകുറ്റ പ്രവൃത്തി നടത്തിയിരുന്നത്. മഴക്കാലത്ത് അപകട സാധ്യത ഏറെയാണെങ്കിലും സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം ഈ പാണ്ടിയെയാണ് ആശ്രയിച്ചിരുന്നത്. ഇവിടെ പാലം നിര്‍മിക്കണമെന്ന ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
നിലവില്‍ പുഴയുടെ വീതി 30 മീറ്റര്‍ മാത്രമാണ്. പാലം പണിയാന്‍ വലിയ സാമ്പത്തിക ബാധ്യതയുമുണ്ടാവില്ല. പുഴയുടെ ഇരുഭാഗത്തും അനുബന്ധ റോഡ് നിലവിലുണ്ട്.
പയ്യന്നൂര്‍ നഗരസഭയിലെ അന്നൂര്‍, കാറമേല്‍ പ്രദേശങ്ങളെ തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ ചെറുകാനവുമായി ബന്ധിപ്പിക്കുന്ന പാടിയില്‍ കടവ് ഇരു ഭാഗത്തെയും ജനങ്ങള്‍ക്കു പ്രധാനമാണ്. ചെറുകാനം, തങ്കയം, എടാട്ടുമ്മല്‍ പ്രദേശത്തുള്ളവര്‍ക്കു ദേശീയപാത, അന്നൂര്‍, വെള്ളൂര്‍ എന്നിവിടങ്ങളിലേക്ക് എത്തിപ്പെടാന്‍ മിനുട്ടുകള്‍ മതിയാകും. തിരിച്ചു വെള്ളൂര്‍, കാറമേല്‍ ഭാഗത്തുള്ള ഉദ്യോഗസ്ഥരടക്കമുള്ളവര്‍ക്ക് തൃക്കരിപ്പൂര്‍ റെയില്‍വെ സ്റ്റേഷനിലേക്ക് എളുപ്പത്തില്‍ എത്താന്‍ കഴിയും. ചെറുകാനം ആലുവളപ്പ് ഭാഗങ്ങളിലുള്ള ഭൂരിഭാഗം ആളുകളുടെയും കൃഷി സ്ഥലങ്ങള്‍ പുഴക്കപ്പുറമാണ്. നേരത്തെ മൂന്നു വിള കൃഷി ചെയ്തിരുന്ന കര്‍ഷകര്‍ യാത്രാപ്രശ്‌നം കാരണം ഒരു വിളയിലൊതുക്കി. കിലോമീറ്ററുകള്‍ ദൂരം താണ്ടിയാണു കര്‍ഷകര്‍ ഇപ്പോള്‍ കൃഷിസ്ഥലത്തെത്തുന്നത്. കഴിഞ്ഞ വര്‍ഷം എം. രാജഗോപാലന്‍ എം.എല്‍.എ ജനങ്ങളുടെ ആവശ്യപ്രകാരം പാടിയില്‍ പുഴ സന്ദര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."