ഹജ്ജിന്റെ പുണ്യം നുകര്‍ന്ന് ഹാജിമാര്‍ നാളെ മുതല്‍ മടങ്ങിയെത്തും
കൊണ്ടോട്ടി: പരിശുദ്ധ ഹജ്ജിലൂടെ മനസും ശരീരവും സ്ഫുടം ചെയ്ത ഹാജിമാര്‍ നാളെ മുതല്‍ നെടുമ്പാശ്ശേരി വഴി ജന്മനാട്ടില് തിരിച്ചെത്തിത്തുടങ്ങും. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ പോയ ഹാജിമാരാണ് നാളെ മുതല്‍ നെടുമ്പാശ്ശേരി വഴി മടങ്ങിയെത്തുന്നത്.
വ്യാഴാഴ്ച പുലര്‍ച്ചെ 5.45നാണ് 300 ഹാജിമാരുമായി ആദ്യവിമാനം മദീനയില്‍നിന്ന് നെടുമ്പാശ്ശേരിയില്‍ എത്തുക. അവസാന ഹജ്ജ് വിമാനം ഒഴികെ എല്ലാ ദിവസവും മൂന്ന് വിമാനങ്ങളിലായി മുന്നൂറ് പേര് വീതം നെടുമ്പാശ്ശേരിയിലെത്തും.ഒക്ടോബര്‍ 4 നുള്ള അവസാന വിമാനത്തില്‍ 407 ഹാജിമാരാണ് എത്തുക.
ഹാജിമാര്‍ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി മദീനയിലെത്തിയിട്ടുണ്ട്. എട്ട് ദിവസമാണ് ഓരോ ഹാജിക്കും മദീനയില്‍ അനുവദിച്ച സമയം. തീര്‍ഥാടകരുടെ യാത്ര ജിദ്ദ വഴി ആയതിനാലാണ് മടക്കം മദീന വഴി സഊദി എയര്‍ലൈന്‍സ് ക്രമീകരിച്ചത്.
മടങ്ങിയെത്തുന്ന ഹാജിമാര്‍ക്കായി നെടുമ്പാശ്ശേരിയില്‍ വിപുലമായ ഒരുക്കങ്ങള്‍ നടത്തിയതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്മാന് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു. വിമാനമിറങ്ങുന്ന ഓരോ ഹാജിയേയും പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രത്യേക ഹാളില്‍ ഇരുത്തും. ലഘുഭക്ഷണവും നിസ്കരിക്കാനുളള സൗകര്യവും നല്‍കും. പിന്നീട് ഇവരുടെ ലഗേജ് വളന്റിയര്‍മാര്‍ മുഖേന വിമാനത്താവളത്തിന് പുറത്തുള്ള ഹെല്‍പ്പ് ഡെസ്ക്കില്‍ നല്‍കും. ഇവിടെവച്ച് അഞ്ചു ലിറ്റര്‍ സംസം വെള്ളവും നല്‍കിയാണ് ഓരോ ഹാജിയേയും ബന്ധുക്കളോടൊപ്പം അയക്കുക. വിമാനത്താവളത്തില്‍ ഹജ്ജ് കമ്മിറ്റിയുടേയും വളന്റിയര്‍മാരുടേയും ഹജ്ജ് സെല്ലിന്റെയും സേവനങ്ങളും ലഭ്യമാക്കും. തിരിച്ചെത്തുന്ന ആദ്യ സംഘത്തെ ഹജ്ജ് കമ്മിറ്റി ചെയര്മാന് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."