രക്തം എടുക്കാതെ പ്രമേഹം അറിയാം: വീട്ടുപടിക്കലെത്തും സഹൃദയയിലെ വിദ്യാര്‍ഥികള്‍
കൊടകര: ശരീരത്തിലെ ഒരു തുള്ളി പോലും രക്തം എടുക്കാതെ തന്നെ പ്രമേഹം കണ്ടു പിടിക്കാനുള്ള ഉപകരണങ്ങളുമായി സഹൃദയ എന്‍ജിനീയറിങ് കോളജിന്റെ ഇലക്ട്രിക് കാര്‍ വീടുകളുടെ പടിക്കലെത്തുന്നു. വേദനയില്ലാതെ തന്നെ പ്രമേഹം കണ്ടു പിടിക്കാനാകും എന്നതാണ് ഈ സൗജന്യ പദ്ധതിയുടെ പ്രത്യേകത. ആധുനിക രീതിയിലുള്ള ഗ്ലൂക്കോമീറ്ററില്‍ ചൂണ്ടു വിരല്‍ വച്ചാല്‍ ഉടന്‍ തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഫോണിലെത്തും. ഇത് ഡോക്ടര്‍മാരുടെ മൊബൈല്‍ ഫോണിലേക്കും കൈമാറാനാകും. ഇതുവഴി പ്രമേഹം കണ്ടുപിടിക്കാനും തുടര്‍ ചികിത്സക്കും അവസരമൊരുങ്ങും. ആരോഗ്യ കാര്യങ്ങളെപ്പറ്റിയുള്ള നിര്‍ദ്ദേശങ്ങളും ഭക്ഷണ ക്രമങ്ങളും ഫോണിലേക്ക് സൗജന്യമായി ലഭിക്കും.
കിടക്ക നിര്‍മാണ കമ്പനിയായ ഡ്യൂറോഫ്‌ളെക്‌സിന്റെ സാമൂഹ്യ സേവന പദ്ധതിയുടെ ഭാഗമായി സഹൃദയയും ചാലക്കുടി അവാര്‍ഡുമായി ചേര്‍ന്നാണ് ഈ പദ്ധതി തയാറാക്കിയിരിക്കുന്നത്. തൃശൂര്‍ ലയണ്‍സ് ക്ലബ്ബിന്റെ സഹകരണത്തോടെയാണ് പരിപാടി. സഹൃദയ കോളജില്‍ ഡ്യൂറോഫ്‌ളക്‌സ് ചെയര്‍മാന്‍ ജോര്‍ജ് മാത്യു പദ്ധതി ഉദ്ഘാടനം ചെയ്തു. സഹൃദയ മാനേജര്‍ മോണ്‍.ഡോ.ലാസര്‍ കുറ്റിക്കാടന്‍ അധ്യക്ഷനായി. ഡയറക്ടര്‍ ഫാ.ഡോ.ജോസ് കണ്ണംമ്പുഴ, അവാര്‍ഡ് ഡയറക്ടര്‍ ഫാ.ജോസ് റാഫി അമ്പൂക്കന്‍, ലയണ്‍സ് ക്ലബ്ബ് സോണ്‍ ചെയര്‍മാന്‍ ജെയിംസ് വളപ്പില, ജില്ലാ ചെയര്‍മാന്‍ സാജു പാത്താടന്‍, വി.എ തോമാച്ചന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."