മരണക്കളമായി മെക്‌സിക്കോ; മരിച്ചവരില്‍ 21 സ്‌കൂള്‍ വിദ്യാര്‍ഥികളും
മെക്‌സിക്കോ സിറ്റി: കളിച്ചും രസിച്ചുമിരിക്കുന്നതിനിടയിലാണ് ആ കുരുന്നുകളെ മരണം വിളിച്ചു കൊണ്ടു പോയത്. ഒരു നിമിഷത്തിന്റെ ദൈര്‍ഘ്യം പോലുമുണ്ടായിരുന്നില്ല അവരുടെ കളി ചിരികള്‍ക്കും മരണത്തിനുമിടയിലെന്നു വേണമെങ്കില്‍ പറയാം. ഭൂമി സംഹാരതാണ്ഡവമാടിയ മെക്‌സിക്കോയിലെ കാഴചകളെല്ലാം ഇപ്പോള്‍ ഹൃദയം തകര്‍ക്കുന്നതാണ്. തകര്‍ച്ചയുടെ ശേഷിപ്പുകള്‍ക്കിടിയല്‍ നിന്ന് ഒരനക്കമായി പ്രിയപ്പെട്ടവര്‍ തിരിച്ചു വരുമോ എന്നൊരാശയില്‍ സമയം തള്ളി നീക്കുന്നവരും തങ്ങളെ തനിച്ചാക്കി പോയവരുടെ വേര്‍പാടില്‍ വിലപിക്കുന്നവരും.
നഗരമധ്യത്തിലെ എന്റിക് റബ്‌സ്മന്‍ പ്രൈമറി സ്‌കൂള്‍ പരിസരത്ത് നിന്നുള്ളതാണ് ഇതില്‍ ഏറ്റവും ഹൃദയഭേദകം. കുഞ്ഞുമക്കള്‍ ബാക്കിയുണ്ടോ എന്നറിയാതെ വല്ലത്തൊരു ആധിയില്‍ കഴിയുകയാണ് ഇവിടെ മിക്ക രക്ഷിതാക്കളും.
സ്‌കൂളിന്റെ മൂന്ന് നില കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്ന് നിലത്തമര്‍ന്നിരുന്നു. 21 കുട്ടികളുടെ മരണം സ്ഥിരീകരിച്ചെങ്കിലും 30 കുട്ടികള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം. സ്‌കൂള്‍ പരിസരത്തെങ്ങും രക്ഷിതാക്കള്‍ തങ്ങളുടെ മക്കളുടെ തിരിച്ചുവരവിനായി അക്ഷമരായി കാത്തിരിക്കുകയാണ്.
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പെട്ട കുരുന്നുകളെ ജീവനോടെ വീണ്ടെടുക്കാനുള്ള കഠിന പരിശ്രമത്തിലാണ് പൊലിസ്. പട്ടാളവും ജനങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പൊലിസിനോടൊപ്പമുണ്ട്.
അതേസമയം ഭൂചലനത്തില്‍ മരണപ്പെട്ടവരുടെ എണ്ണം നിലവില്‍ 248 ആയി ഉയര്‍ന്നു. മരണ സംഖ്യ ഇനിയും കൂടുമെന്നാണ് അധികൃതര്‍ പറയുന്നത്.1985ല്‍ മെക്‌സിക്കോയില്‍ ഉണ്ടായ ഭൂകമ്പത്തിന്റെ വാര്‍ഷികത്തിലാണ് മറ്റൊരു ശക്തമായ ഭൂചലനത്തിന് രാജ്യം സാക്ഷ്യം വഹിച്ചത്.
ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. തകര്‍ന്നവയില്‍ ഭൂരിഭാഗവും പാര്‍പ്പിട സമുച്ചയങ്ങളാണ്. ഒരു സ്‌കൂളും ഫാക്ടറിയും സൂപ്പര്‍മാര്‍ക്കറ്റും തകര്‍ന്ന കെട്ടിടങ്ങളില്‍ ഉള്‍പ്പെടും.
ആഴ്ചകള്‍ക്ക് മുമ്പ് ഇവിടെയുണ്ടായ ഭൂചലനത്തില്‍ 90 ജീവനുകള്‍ പൊലിഞ്ഞിരുന്നു. അന്ന് റിക്ടര്‍ സ്‌കെയിലില്‍ 8.1 തീവ്രതയാണ് രേഖപ്പെടുത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."