റോഹിംഗ്യ: യു.എന്‍ അന്വേഷണസംഘത്തിന് പ്രവേശനാനുമതി നല്‍കാതെ മ്യാന്മര്‍
ജനീവ: മ്യാന്മറില്‍ റോഹിംഗ്യ മുസ്‌ലിംകള്‍ക്കെതിരേ നടക്കുന്ന വംശീയ ആക്രമണം അന്വേഷിക്കാന്‍ ഐക്യരാഷ്ട്രസഭ നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്കു പ്രവേശനാനുമതി നല്‍കാതെ മ്യാന്മര്‍ സര്‍ക്കാര്‍. തങ്ങളെ ഇതുവരെ പ്രദേശത്തേക്കു പ്രവേശിക്കാന്‍ അനുവദിച്ചിട്ടില്ലെന്നു കഴിഞ്ഞ ദിവസമാണ് അന്വേഷ സംഘത്തലവന്‍ മെര്‍സുകി ദെറുസ്മാന്‍ വെളിപ്പെടുത്തിയത്. യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിനോടായിരുന്നു ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
അന്വേഷണോദ്യോഗസ്ഥരെ റാഖൈനിലേക്ക് പ്രവേശിപ്പിച്ചില്ലെന്നു പറഞ്ഞ അദ്ദേഹം, സംഭവത്തില്‍ ഐക്യരാഷ്ട്രസഭയ്ക്കു റിപ്പോര്‍ട്ട് നല്‍കുന്നതിന് അവിടത്തെ സംഭവവികാസങ്ങള്‍ നേരിട്ടു കാണേണ്ടതുണ്ടെന്നും വെളിപ്പെടുത്തി. പ്രവേശനാനുമതി ലഭിക്കുമെന്ന പ്രതീക്ഷയുണ്ട്. അതിനു സര്‍ക്കാര്‍ നടപടിയെടുക്കുമെന്നാണ് തങ്ങള്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്‌നം നടക്കുന്ന പ്രദേശങ്ങള്‍ സ്വന്തം കണ്ണുകൊണ്ട് കണ്ടുമാത്രമേ ഞങ്ങള്‍ക്കു റിപ്പോര്‍ട്ട് തയാറാക്കാനാകൂ. അതിനായി നിയന്ത്രണവും വിലക്കുമില്ലാത്ത പ്രവേശനമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അവിടെ ഒട്ടേറെ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുണ്ട്, അത്തരം വിഷയങ്ങളില്‍ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തേയും ഐക്യരാഷ്ട്രസഭാ അന്വേഷണ സംഘത്തെ മ്യാന്മര്‍ സര്‍ക്കാര്‍ വിലക്കിയിരുന്നു.
അതേസമയം, രാജ്യത്ത് ഒരു വിഭാഗത്തിനു നേരെയും മനുഷ്യാവകാശ ലംഘനങ്ങള്‍ അനുവദിക്കില്ലെന്നു മ്യാന്മര്‍ ഭരണാധികാരി ഓങ് സാന്‍ സൂകി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. റോഹിംഗ്യ മുസ്‌ലിംകള്‍ക്കെതിരേ നടക്കുന്ന ക്രൂരമായ അക്രമസംഭവങ്ങളെ സാധാരണവല്‍ക്കരിച്ച സൂകി, അതു പരിഹരിക്കാന്‍ അറിയാമെന്നും ഇത്തരം വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി മറ്റു രാഷ്ട്രങ്ങള്‍ തങ്ങളെ പേടിപ്പിക്കേണ്ടതില്ലെന്നും സൂചിപ്പിച്ചിരുന്നു.
റോഹിംഗ്യകള്‍ക്കെതിരായ അക്രമം
നിര്‍ത്തണമെന്ന് യു.എന്‍
വാഷിങ്ടണ്‍: റോഹിംഗ്യന്‍ മുസ്‌ലികള്‍ക്കെതിരേ നടത്തുന്ന പട്ടാള ക്രൂരത അവസാനിപ്പിക്കണമെന്നു മ്യാന്‍മറിനോടു യു.എന്‍.
റോഹിംഗ്യന്‍ വിഷയത്തില്‍ മ്യാന്‍മര്‍ ഭരണാധികാരി ഓങ് സാന്‍ സൂകിയുടെ പ്രസ്താവനയോടു പ്രതികരിക്കവേ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസാണ് പട്ടാളത്തിന്റെ ക്രൂരത അവസാനിപ്പിക്കണമെന്നു മ്യാന്‍മറിനോട് ആവശ്യപ്പെട്ടത്.മുന്‍ യു.എന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നില്ലെന്ന സൂകിയുടെ വാദം ചൂണ്ടിക്കാട്ടിയ അദ്ദേഹം, അങ്ങനെയെങ്കില്‍ അവിടെ റോഹിംഗ്യകള്‍ക്കെതിരേ നടത്തുന്ന ആക്രമണം ഭരണകൂടം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
യു.എന്‍ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇത്തരത്തില്‍ ആവശ്യമുന്നയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."