ഇന്ത്യയുടെ സഹിഷ്ണുതയ്ക്ക് എന്തുപറ്റിയെന്ന് ലോകം ചോദിക്കുന്നു: രാഹുല്‍ ഗാന്ധി
ന്യൂയോര്‍ക്ക്: ഇന്ത്യയിലെ സാഹോദര്യത്തിനും സഹിഷ്ണുതയ്ക്കും എന്തുപറ്റിയെന്നു ലോകം ചോദിക്കുന്നതായി കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. ന്യൂയോര്‍ക്കില്‍ പ്രവാസി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ കാര്യങ്ങള്‍ പറഞ്ഞ് രാജ്യത്തെ വിഘടിപ്പിക്കുന്നവര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അത് അത്യന്തം അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.
രണ്ടായിരത്തോളം പേര്‍ പങ്കെടുത്ത കണ്‍വന്‍ഷനില്‍ പ്രധാനമായും ഇന്ത്യയിലെ പ്രശ്‌നങ്ങളാണ് രാഹുല്‍ ചര്‍ച്ചയാക്കിയത്. മനുഷ്യത്വവും സാഹോദര്യവും പരസ്പരവിശ്വാസവും ലോകത്തിനു കാണിച്ചുകൊടുത്ത് മാതൃകകാണിച്ച രാജ്യമാണ് ഇന്ത്യയെന്നു പറഞ്ഞ അദ്ദേഹം, പുതിയ സാഹചര്യങ്ങള്‍ ഇന്ത്യയുടെ അഭിമാനത്തെയും പാരമ്പര്യത്തെയും തകര്‍ക്കുമെന്നും പറഞ്ഞു. വര്‍ഷങ്ങളായി ഇന്ത്യയ്‌ക്കൊരു പാരമ്പര്യമുണ്ട്. സാഹോദര്യവും സഹിഷ്ണുതയും ഉയര്‍ത്തിക്കാണിച്ച് ജീവിച്ച് ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ തലയുയര്‍ത്തിപ്പിടിച്ചവരാണ് ഇന്ത്യക്കാര്‍. ഇപ്പോഴത്തെ സാഹചര്യത്തില്‍ മറ്റു രാജ്യക്കാരുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ തലതാഴ്‌ത്തേണ്ട നില വരുമെന്നും അദ്ദേഹം പറഞ്ഞു.
അക്രമങ്ങളും അരാജകത്വവും നിറഞ്ഞുനിന്ന രാജ്യങ്ങള്‍ സമാധാനത്തിനായി ഇന്ത്യയെ കണ്ടു പഠിക്കുന്നതായിരുന്നു മുന്‍കാല അനുഭവമെന്നതു മറക്കരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. രണ്ടാഴ്ചത്തെ സന്ദര്‍ശനത്തിനായാണ് രാഹുല്‍ അമേരിക്കയിലെത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."