വനിതാബില്‍: കേന്ദ്രത്തിന് സോണിയയുടെ പിന്തുണ
ന്യൂഡല്‍ഹി: 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വനിതാസംവരണ ബില്‍ പാര്‍ലമെന്റില്‍ പാസാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കു പിന്തുണയുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി.
വനിതാ സംവരണബില്ലിലെ തടസങ്ങള്‍ നീക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണനല്‍കുമെന്ന് അറിയിച്ച് സോണിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കത്തുനല്‍കി. സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട സുപ്രധാന നീക്കങ്ങള്‍ക്ക് കോണ്‍ഗ്രസ് എന്നും പിന്തുണ നല്‍കിയിട്ടുണ്ടെന്നും തുടര്‍ന്നും പിന്തുണയ്ക്കുമെന്നും സോണിയ അറിയിച്ചു. 2010 മാര്‍ച്ച് ഒമ്പതിന് രണ്ടാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് വനിതാ സംവരണബില്ല് രാജ്യസഭ പാസാക്കിയിരുന്നുവെന്നും അവര്‍ കത്തില്‍ സൂചിപ്പിച്ചു.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ലോക്‌സഭയില്‍ സര്‍ക്കാരിനു ഭൂരിപക്ഷമുള്ളതിനാല്‍ അനുകൂല സമയം പ്രയോജനപ്പെടുത്തി ബില്‍ പാസാക്കണമെന്ന് സോണിയ അഭ്യര്‍ഥിച്ചു. ഭരണഘടനാ ഭേദഗതിയിലൂടെ രാജീവ്ഗാന്ധി വനിതകള്‍ക്ക് പഞ്ചായത്തുകളിലും മുനിസിപ്പല്‍ കോര്‍പറേഷനിലും അവസരം നല്‍കിയതിനെക്കുറിച്ചും കത്തില്‍ സോണിയ സൂചിപ്പിച്ചു.
1989ല്‍ പ്രതിപക്ഷം ഇതിനെ തടയാന്‍ ശ്രമിച്ചെങ്കിലും 1993ല്‍ പ്രതിസന്ധികള്‍ അതിജീവിച്ച് കോണ്‍ഗ്രസ് ബില്‍ പാസാക്കിയെന്നും സോണിയ ചൂണ്ടിക്കാട്ടി. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടുള്ള സുപ്രധാന നീക്കത്തെ കോണ്‍ഗ്രസ് എക്കാലത്തും പിന്തുണച്ചിട്ടുണ്ടെന്നും തുടര്‍ന്നും പിന്തുണയുണ്ടാവുമെന്നും സോണിയ വ്യക്തമാക്കി. പാര്‍ലമെന്റുള്‍പ്പെടെയുള്ള നിയമനിര്‍മാണ സഭകളില്‍ സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സീറ്റ് സംവരണം ചെയ്യുന്ന ബില്ലാണ് വനിതാബില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."