ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തില്ല: പച്ചക്കറിതൈകള്‍ ഉണങ്ങി നശിച്ചു
മാനന്തവാടി: യഥാസമയം ഗുണഭോക്താക്കള്‍ക്ക് തൈവിതരണം നടത്താത്തതിനാല്‍ ആയിരക്കണക്കിന് പച്ചക്കറി തൈകള്‍ ഉണങ്ങി നശിച്ചു.
മാനന്തവാടി കൃഷിഭവനിലാണ് മുരിങ്ങ തൈ ഉള്‍പ്പെടെ വിവിധയിനം കൂടയില്‍ നിറച്ച പച്ചക്കറിതൈകള്‍ ഉണങ്ങി നശിക്കുന്നത്.
നഗരസഭയുടെ വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി രണ്ട് ലക്ഷം രൂപ ചിലവില്‍ നടപ്പിലാക്കിയ ദീര്‍ഘകാല പച്ചക്കറി പദ്ധതിയാണ് അധികൃതരുടെ അനാസ്ഥ കാരണം ഫലം കാണാതെ പോയത്.
പദ്ധതി പ്രകാരം വാര്‍ഡ് തലത്തിലെ ഗ്രാമ സഭകള്‍ തിരഞ്ഞെടുക്കുന്ന പച്ചക്കറി കൃഷി ചെയ്യാന്‍ താല്‍പ്പര്യമുള്ള കര്‍ഷകര്‍ക്ക് നാല്‍പ്പത് രൂപ ഗുണഭോക്തൃ വിഹിതം അടച്ച് തൈകള്‍ നല്‍കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.
ഇത് പ്രകാരം ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനും തൈകള്‍ എത്തിക്കുന്നതിലും സംഭവിച്ച പാകപ്പിഴകളാണ് തൈകള്‍ ആരും കൊണ്ടു പോകാനില്ലാതെ നശിക്കാനിടയാക്കിയത്.
കഴിഞ്ഞ മാര്‍ച്ചിന് മുന്‍പായി നടപ്പിലാക്കേണ്ടിയിരുന്ന പദ്ധതിക്ക് തൈകള്‍ എത്തിക്കുന്നതില്‍ സംഭവിച്ച കാലതാമസവും ഗുണഭോക്താക്കള്‍ തൈകള്‍ ഏറ്റു വാങ്ങാത്ത സാഹചര്യത്തിനിടയാക്കിയതായി പറയപ്പെടുന്നു.
ഗുണഭോക്താക്കള്‍ എത്താത്ത കാര്യം യഥാസമയം നഗരസഭയെ അറിയിച്ചിട്ടുണ്ടെന്നാണ് കൃഷി ഓഫിസ് ജീവനക്കാര്‍ പറയുന്നത്.
അതേ സമയം ഇക്കാര്യം പഠികണമെന്നാണ് നഗരസഭ അധികൃതരുടെ വിശദീകരകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."