പള്ളിക്കര മേല്‍പാലം: നിര്‍മാണം ഇ.പി.സി മാതൃകയില്‍
നീലേശ്വരം: സംസ്ഥാനത്തെ ആദ്യ ആറുവരി റെയില്‍വേ മേല്പാലമായ പള്ളിക്കര മേല്‍പാലം നിര്‍മിക്കുക ഇ.പി.സി മാതൃകയില്‍. വേഗത്തിലും എളുപ്പത്തിലും പണി തുടങ്ങി പൂര്‍ത്തിയാക്കുന്നതിനു രൂപകല്പനയും നിര്‍മാണവും നിര്‍വഹണവും പൂര്‍ത്തീകരണവും കൈമാറ്റവും കരാറുകാരനില്‍ തന്നെ നിക്ഷിപ്തമാകുന്ന രീതിയാണിത്. കാലതാമസമില്ലാതെ നിര്‍മാണ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് ഒറ്റപ്പെട്ട പ്രവൃത്തിയായി കണ്ടു മേല്‍പാലം പണി തുടങ്ങാനാണ് ആലോചന.
ദേശീയപാതയില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ദുരിതം കണക്കിലെടുത്ത് അതിവേഗ പദ്ധതിയായി പരിഗണിച്ചാണ് എന്‍.എച്ച്.എ.ഐ കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. ഇരുപതു മീറ്റര്‍ വീതം വീതിയുള്ള രണ്ടു മേല്പാലങ്ങളായിരിക്കും നിര്‍മിക്കുക. ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന സമീപന പാത ഉള്‍പ്പെടെ ആറുവരി മേല്പാലമായിരിക്കും പള്ളിക്കരയിലേത്. ദേശീയപാത വീതി കൂട്ടുന്നതിനു മുന്‍പു തന്നെ മൂന്നുവരി മേല്‍പാലം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പണിയും. ദേശീയപാത ആറുവരിയാക്കുന്നതിന്റെ ഭാഗമായി ശേഷിക്കുന്ന ഭാഗവും നിര്‍മിക്കും. മേല്‍പാല നിര്‍മാണത്തിനായി നീലേശ്വരം, പേരോല്‍ വില്ലേജുകളിലായി 2.38 ഹെക്ടര്‍ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."