അട്ടപ്പാടി ചുരം റോഡില്‍ അപകടം പതിയിരിക്കുന്നെന്ന് മുന്നറിയിപ്പ്
അഗളി : ഇപ്പോഴത്തെ സാഹചര്യത്തില്‍ അട്ടപ്പാടി ചുരം റോഡ് വഴിയുള്ള ഗതാഗതം വലിയ അപകടം വരുത്തിവെക്കുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. റോഡ് നിര്‍മ്മിച്ചതിനുശേഷം ഉണ്ടായിട്ടുള്ള ഏറ്റവും വലിയ നാശനഷ്ടമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. പാറക്കൂട്ടങ്ങളും മണ്ണും വ്യാപകമായി ഒലിച്ചിറങ്ങി കിലോമീറ്ററോളം പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണ്.
ചുരത്തിലെ ഏഴാം മൈലില്‍ നിന്നു തുടങ്ങി പത്താം മൈല്‍ വരേയുള്ള പ്രദേശത്ത് ഇപ്പോള്‍ റോഡിന്റെ അവശിഷ്ടങ്ങള്‍ മാത്രമാണുള്ളത്. ഏതുസമയത്തും വീഴാറായ പാറക്കൂട്ടങ്ങള്‍ ഈ വഴിയുള്ള യാത്രക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഇന്നുമുതല്‍ ചെറിയ വാഹനങ്ങള്‍ ചുരംറോഡില്‍ കടത്തിവാടമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും യാത്രക്കാര്‍ യാത്രക്കാര്‍ സ്വന്തം നിലക്ക് സുരക്ഷിതരായിട്ടില്ലെങ്കില്‍ കൂടുതല്‍ അപകടങ്ങള്‍ നേരിടേണ്ടിവരുമെന്നാണ് വിദഗ്ധര്‍ ഭയക്കുന്നത്. ഇപ്പോഴും മലയിടിച്ചില്‍ തുടരുന്നതുകൊണ്ട് ഏതുസമയത്തും റോഡ് ഗതാഗതം തടസ്സപ്പെടാം.
ചുരം റോഡ് ഗതാഗതയോഗ്യമല്ലെന്ന് പൊതുമരാമത്ത് അധികൃതര്‍ തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. എങ്കിലും അട്ടപ്പാടിക്കാര്‍ അത്യാവശ്യകാര്യങ്ങള്‍ക്ക് ചുരം റോഡിനെ ആശ്രയിക്കാതെ നിര്‍വ്വാഹമില്ലെന്ന സ്ഥിതിയിലാണുള്ളത്.
ചുരത്തില്‍ പുതിയതായി രൂപംകൊണ്ടിട്ടുള്ള വിള്ളലുകള്‍ ഏറെ ഗൗരവമുള്ള സാഹചര്യമാണ് ഉണ്ടാക്കിയിട്ടുള്ളത്. ചരക്ക് വാഹനങ്ങള്‍ ഈ റോഡ് വഴി ഇനിയൊരിക്കലും കടത്തിവിടാനാവില്ലെന്നാണ് വിലയിരുത്തല്‍.
കിലോമീറ്ററുകളോളം റോഡിന്റെ ഇരുവശവും ചെളിയും പാറക്കഷ്ണങ്ങളും വന്ന് നിറഞ്ഞിരിക്കുകയാണ്. ഇപ്പോള്‍ ചുരം വഴി കാല്‍ നടപോലും ഏറെ ദുഷ്‌ക്കരവും അപകടം നിറഞ്ഞതുമണ്. അനേകം ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്ന അട്ടപ്പാടിയിലേക്ക് ഇതുവഴി ഇനി സുഗമമായ ഗതാഗതം സാധ്യമാകുമോ എന്ന ആശങ്കയിലാണ് ഉടമകളും യാത്രക്കാരും.
ബസ്സുകള്‍ യാത്ര നടത്തിയിരുന്ന ഈ റൂട്ടില്‍ ചെറിയ വാഹനങ്ങളിലെങ്കിലും ആളുകളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനായില്ലെങ്കില്‍ അട്ടപ്പാടിക്കാരുടെ ജീവിതം താറുമാറാകുമെന്ന ആശങ്കയിലാണ് ജനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."