കാമറക്കണ്ണുകള്‍ കാര്യക്ഷമമാക്കണം
കൊട്ടാരക്കര: കൊട്ടാരക്കര താലൂക്കാശുപത്രയില്‍ സ്ഥാപിച്ചിരിക്കുന്ന കാമറ നിരീക്ഷണ സംവിധാനം വിപുലീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിലുള്ള കാമറകളുടെ എണ്ണം വര്‍ധിപ്പിച്ച് ആശുപത്രിയുടെ സുരക്ഷാ സംവിധാനം ശക്തമാക്കണമെന്നാണ് ഉയര്‍ന്നിരിക്കുന്ന ആവശ്യം.
2015-16 വര്‍ഷത്തെ ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് 4 കാമറകളാണ് ആശുപത്രിയില്‍ സ്ഥാപിച്ചത്. കാമറകള്‍ സ്ഥാപിച്ചെങ്കിലും സാമൂഹ്യവിരുദ്ധ ശല്യം കുറഞ്ഞിട്ടില്ലെന്നാണ് പരാതി ഉയരുന്നത്. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന്റെ മുന്നിലും റിസ്പ്ഷന്റെ മുന്നിലും ഓ.പി ടിക്കറ്റ് കൗണ്ടറിനു സമീപവും പ്രസവമുറിയുടെ വരാന്തയിലുമാണ് കാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. നിലവില്‍ പ്രവര്‍ത്തിക്കുന്ന ഈ കാമറകളോടൊപ്പം ആശുപത്രിയിലെ മറ്റു വാര്‍ഡുകളുടെ മുന്നിലും വരാന്തകളിലും പരിസരങ്ങളിലും കാമറകള്‍ സ്ഥാപിക്കണമെന്നാണ് ആവശ്യം. ആളുകള്‍ വന്നുപോകുന്നിടത്തു മാത്രമേ ഇപ്പോള്‍ കാമറകള്‍ സ്ഥാപിച്ചിട്ടുള്ളൂ എന്നാണ് പരക്കെ വരുന്ന ആക്ഷേപം.
സാമൂഹ്യ വിരുദ്ധരോ പ്രശ്‌നക്കാരോ ആരുംഈ ക്യാമറ ഉണ്ടായതിനാല്‍ ആ മേഖലയിലേക്ക് എത്താറില്ല. അവര്‍ മറ്റ് സ്ഥലങ്ങള്‍ ആണ് കേന്ദ്രീകരിക്കുക. അധികം ആളുകളുടെ സമ്പര്‍ക്കം ഇല്ലാത്ത മോര്‍ച്ചറി പരിസരങ്ങളിലും പൊതു ശുചിമുറിയുടെ പരിസരങ്ങളിലുമാണ് ഇത്തരക്കാരുടെ ശല്യമുള്ളത്. ഈ ഭാഗങ്ങളിലൊന്നും നിരീക്ഷണം നടത്താന്‍ ആശുപത്രി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കഴിയുന്നില്ല. ഈ മേഖലയിലാണ് കൂടുതലും സാമൂഹ്യവിരുദ്ധര്‍ തമ്പടിക്കുന്നത്. നേരത്തേ ഈ മേഖല രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പേടി സ്വപ്നമായിരുന്നു. പകലെന്നോ രാത്രിയെന്നോ ഇല്ലാതെ ഇവിടെ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം നടത്തി വന്നിരുന്നു.
ഇപ്പോള്‍ ഈ ഭാഗത്തേക്ക് രാത്രികാല പ്രവേശനം നിരോധിച്ചിരുന്നതിനാല്‍ പകല്‍ സമയങ്ങളിലാണ് സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമാകുന്നത്. ഈ കോമ്പൗണ്ടില്‍ തന്നെയാണ് ബ്ലഡ് ബാങ്കും, പേ വാര്‍ഡും സ്ഥിതിചെയ്യുന്നത്. നേരത്തേ കൊടും കുറ്റവാളികളുടെ ഒളിച്ചിരിപ്പു കേന്ദ്രമായി ആശുപത്രി പരിസരം മാറിയിരുന്നതായി മാധ്യമങ്ങളിലൂടെ വാര്‍ത്ത വന്നിരുന്നു.
ഇതേ തുടര്‍ന്ന് പൊലിസിന്റെ എയ്ഡ് പോസ്റ്റ് ആശുപത്രയില്‍ ഉണ്ടെങ്കിലും ഈ മേഖലയിലേക്കൊന്നും പകല്‍ സമയങ്ങളില്‍ പൊലിസിന്റെ സാന്നിധ്യം എത്താറില്ലെന്നും ആളുകള്‍ പറയുന്നത്. ആശുപത്രിയുടെ പരിസരങ്ങളിലും വാര്‍ഡുകളിലെ വരാന്തകളിലും കാമറാ നിരീക്ഷണം ശക്തമാക്കിയാല്‍ സാമൂഹ്യവിരുദ്ധ ശല്യം കുറയുമെന്ന് രോഗികളും കൂട്ടിരിപ്പുകാരും പറയുന്നു. ആശുപത്രി വികസന സമിതി ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ഇവരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."