എസ്.ഐയെ ആക്രമിച്ച കേസിലെ പ്രതി പിടിയില്‍
കൊല്ലം: ഇരവിപുരം പൊലിസ് സ്റ്റേഷന് അതിര്‍ത്തിയില്‍ രാത്രിയില്‍ അറസ്റ്റ് ചെയ്യാനെത്തിയ എസ്.ഐയെ ആക്രമിച്ച് രക്ഷപെടാന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയിലായി. കൊല്ലം വാളത്തുംഗല്‍ പേരൂര്‍ പുത്തന്‍ വീട്ടില്‍ വിഷ്ണുവിനെ രാത്രി വീട്ടിലെത്തി മാരകായുധങ്ങളുമായി ആക്രമിച്ച കേസിലെ പ്രതി ഇരവിപുരം പുത്തന്‍ചന്ത ഹൈദരാലി നഗര്‍ 105 പെരുമനതൊടിയില് വീട്ടില്‍ സയ്ദലി ബാസിത്താ(21)ണ് പിടിയിലായത്.
കൊല്ലം സിറ്റി പൊലിസ് കമ്മീഷണര്‍ അജിതാ ബീഗത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഷാഡോ പൊലിസ് ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ ഇയാള്‍ രാത്രി കാലങ്ങളില്‍ മാരകായുധങ്ങളുമായി എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ആക്രമണം നടത്തുന്നതാണ് രീതി. പൊലിസ് എത്തുമ്പോള്‍ വളരെ വേഗത്തില്‍ ബൈക്കോടിച്ച് രക്ഷപെടുന്ന ഇയാളെ തന്ത്രപരമായ നീക്കത്തിലൂടെയാണ് പിടികൂടിയത്.
വളരെ ചെറുപ്രായത്തില്‍ തന്നെ മദ്യത്തിനും, ലഹരിയ്ക്കും അടിമപ്പെട്ട ഇയാള്‍ക്ക് എതിരെ കൊല്ലം ഈസ്റ്റ്, കിളികൊല്ലൂര്‍, ഇരവിപുരം എന്നീ സ്റ്റേഷനുകളില്‍ കൊലപാതക കേസ് ഉള്‍പ്പെടെ നിരവധി ക്രിമനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാള്‍ ഒരു വന്മാഫിയ സംഘത്തിലെ കണ്ണിയാണെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ പേര് അറസ്റ്റിലാകുമെന്നും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം റിമാന്റ് ചെയ്ത ഇയാളെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കു വേണ്ടി കസ്റ്റഡിയില്‍ വാങ്ങുമെന്നും ഇരവിപുരം ഇന്‍സ്പെക്ടര്‍ പങ്കജാക്ഷന് അറിയിച്ചു. കൊല്ലം സിറ്റി സ്പെഷ്യല്‍ ബ്രാഞ്ച് എ.സി.പി ഷിഹാബുദ്ദീന്, കൊല്ലം എ.സി.പി ജോര്‍ജ്കോശി, ഇരവിപുരം ഇന്‍സ്പെക്ടര്‍ പങ്കജാക്ഷന്, കൊല്ലം സിറ്റി ഷാഡോ എസ്.ഐ വിപിന്‍കുമാര്‍, ഇരവിപുരം എസ്.ഐ അബ്ദുള്‍ റഹ്മാന്, എസ്.സി.പി ഒ. രാജേന്ദ്രന്, ഷാഡോ പൊലിസുകാരായ ഹരിലാല്‍, വിനു, സീനു, മനു, സജു, മണികണ്ഠന്, പ്രശാന്ത്, രാജന് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."