ബഹ്‌റൈനില്‍ ജി.പി.സെഡ് നിര്‍മാണ കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തി; തൊഴിലാളികളില്‍ ഇന്ത്യക്കാരും
മനാമ: ബഹ്‌റൈനിലെ പ്രമുഖ കണ്‍സ്ട്രക്ഷന്‍ കമ്പനിയായ ജി.പി.സെഡിനെ തൊഴില്‍ മന്ത്രാലയം കരിമ്പട്ടികയിലുള്‍പ്പെടുത്തി. ഇതോടെ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ ഈ കമ്പനിക്ക് പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ അനുവാദമുണ്ടായിരിക്കുന്നതല്ലെന്ന് തൊഴില്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സബാഹ് അല്‍ ദോസരി ഇവിടെ വ്യക്തമാക്കി.
കമ്പനിയില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് വേതനം നല്‍കുന്നതില്‍ അക്ഷന്തവ്യമായ വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അധികൃതരുടെ ഈ നടപടി. മാസങ്ങളോളമായി മുടങ്ങി കിടക്കുന്ന ശമ്പളം ഇനിയും ലഭ്യമാക്കാനായി കമ്പനിയുടെ ഭാഗത്തുനിന്നു അനുകൂലമായൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും അതുകൊണ്ടാണ് കര്‍ശന നടപടി സ്വീകരിക്കേണ്ടി വന്നതെന്നും തൊഴില്‍മന്ത്രാലയം അണ്ടര്‍ സെക്രട്ടറി വ്യക്തമാക്കി.
ഇന്ത്യന്‍ പ്രവാസികളടക്കമുള്ള 500 ലേറെ പേര്‍ ഈ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലി ചെയ്തു വരുന്നുണ്ട്. തുച്ഛമായ ശമ്പളത്തില്‍ ജോലി ചെയ്യുന്ന കണ്‍സ്ട്രക്ഷന്‍ തൊഴിലാളികള്‍ മുതല്‍ ഉയര്‍ന്ന തസ്തികയിലുള്ള എഞ്ചിനീയര്‍മാര്‍ വരെ ഉള്‍പ്പെടുന്നവര്‍ക്ക് മാസങ്ങളോളമായി ശമ്പളം മുടങ്ങി കിടക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഈ സ്ഥാപനത്തിലെ തൊഴിലാളികള്‍ സംഘം ചേര്‍ന്ന് തെരുവിലിറങ്ങുകയും ബഹ്‌റൈന്‍ തൊഴില്‍ മന്ത്രാലയത്തിലേക്ക് പ്രതിഷേധ പ്രകടനം നടത്തി മന്ത്രാലയത്തില്‍ പരാതി സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് തൊഴിലാളികളുടെ പ്രശ്‌നം തൊഴില്‍ മന്ത്രാലയലയം ശ്രദ്ധിച്ചതും പ്രശ്‌ന പരിഹാരങ്ങള്‍ക്കായി ശ്രമങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തിയതും.
എന്നാല്‍ മുഴുവന്‍ തൊഴിലാളികള്‍ക്കും നല്‍കാനാവശ്യമായ ശമ്പളത്തുക കമ്പനിയുടെ പക്കലില്ലെന്നും വൈകാതെ പ്രശ്‌നപരിഹാരത്തിനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. എന്നാല്‍ തുടര്‍ന്നും ശമ്പളം കുടിശ്ശികയായതോടെ നിരവധി പേര്‍ ജോലി രാജിവെച്ച് ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനായി ശ്രമിച്ചെങ്കിലും അതും വിജയിച്ചില്ല. തുടര്‍ന്ന് ഇന്ത്യ, ഫിലിപ്പീന്‍സ്, പാക്കിസ്താന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളിലുള്ള നിരവധി തൊഴിലാളികള്‍ അതാതു എംബസികളള്‍ക്കും പരാതി സമര്‍പ്പിച്ചു. കമ്പനി അധികൃതരുമായി ബന്ധപ്പെട്ട് എംബസി തലത്തില്‍ നടന്ന ചര്‍ച്ചകളും ഫലം കണ്ടില്ല.
തങ്ങളുടെ കരാര്‍ ജോലികളുടെ തുക സര്‍ക്കാരില്‍നിന്നും പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്നും പിരിഞ്ഞുകിട്ടാത്തതിനാലാണ് ശമ്പളം മുടങ്ങിയതെന്നായിരുന്നു കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ വിശദീകരണം. ഇതോടെ പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് തൊഴിലാളികള്‍ക്ക് ശമ്പള കുടിശിക നല്‍കുന്നതിലേക്കായി ഉടനടി 5,00,000 ദിനാര്‍ അനുവദിക്കാന്‍ ധനകാര്യമന്ത്രാലയം തീരുമാനിക്കുകയും ഇവര്‍ക്ക് വീതിച്ചു നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ മാസങ്ങളോളമായി മുടങ്ങിയിരുന്ന ശമ്പള കുടിശ്ശിക മുഴുവന്‍ കൊടുത്തു തീര്‍ക്കാന്‍ അതുകൊണ്ടു സാധിച്ചിരുന്നില്ല. ഇതോടെ സ്ഥിതി വീണ്ടും പഴയപടിയായി.
ഇതിനിടെ ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് ഭക്ഷണം ലഭിക്കാതെയും തൊഴിലാളികള്‍ ദുരിതത്തിലായി. ഇവര്‍ക്കായി ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആര്‍.എഫ്), മൈഗ്രന്റ് വര്‍ക്കേഴ്‌സ് പ്രൊട്ടക്ഷന്‍ സൊസൈറ്റി (എം.ഡബ്ല്യു.പി.എസ്) അടക്കമുള്ള നിരവധി സംഘടനകളുടെ നേതൃത്വത്തില്‍ ഭക്ഷണസാധനങ്ങള്‍ വിതരണം ചെയ്തിരുന്നു.
2016 നവംബര്‍ മുതലുള്ള ശമ്പളമാണ് തൊഴിലാളികള്‍ക്ക് മുടങ്ങിയിരിക്കുന്നത്. തങ്ങളുടെ മുടങ്ങിപ്പോയ ശമ്പളം എങ്ങിനെയെങ്കിലും ലഭ്യമാക്കി തങ്ങളെ നാട്ടിലയക്കണമെന്നതാണ് ചില പ്രവാസി തൊഴിലാളികളുടെ അഭ്യര്‍ത്ഥന.
എന്നാല്‍ തങ്ങള്‍ കരാര്‍ ഏറ്റെടുത്തു നിര്‍മ്മാണം പൂര്‍ത്തീകരിച്ച നിരവധി പ്രൊജക്റ്റുകളുടെ പണം ഇനിയും ലഭിക്കാനുണ്ടെന്നും അതു ലഭിക്കുന്ന മുറക്ക് ശമ്പള വിതരണം പൂര്‍ത്തിയാകുമെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്. ശമ്പള വിതരണകാര്യത്തില്‍ അനിശ്ചിതത്വം തുടരുന്ന ഈ സാഹചര്യത്തിലാണ് കമ്പനിയെ തൊഴില്‍ മന്ത്രാലയം കരിമ്പട്ടികയിലുള്‍പ്പെടുത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."