ബി.ജെ.പിയുടെ ഉന്നം - തോക്കുകൊണ്ടും വാക്കുകൊണ്ടും
ചാള്‍സ് ഡിക്കന്‍സിന്റെ ഡേവിഡ് കോപ്പര്‍ഫീല്‍ഡ് എന്ന നോവലിലെ കഥാപാത്രമാണ് ബാര്‍കിസ്. അവിവാഹിതന്‍, ഏത് കല്യാണാലോചന വന്നാലും കെട്ടാന്‍ തയ്യാര്‍. ബാര്‍കിസിന് സമ്മതം (ആമൃസശ െശ െംശഹഹശിഴ) എന്ന പ്രയോഗം വന്നത് ഈ കഥാപാത്രവുമായും കഥയുമായും ബന്ധപ്പെട്ടാണ്. കോണ്‍ഗ്രസ്സിന്റെ നേതൃപദവി ഏറ്റെടുക്കാനും പ്രധാനമന്ത്രി പദത്തിനുവേണ്ടി മത്സരിക്കാനും ആദ്യമൊന്നും രാഹുല്‍ഗാന്ധിക്ക് സമ്മതമല്ലായിരുന്നു. അടുത്തകാലത്താണ് രാഹുല്‍ സമ്മതമറിയിച്ചത്. ബാര്‍കിസിന് സമ്മതമായപ്പോഴേക്കുമതാ ഡിക്കന്‍സിന്റെ നോവലിലെന്നപോലെ പലതരം വിസമ്മതങ്ങള്‍ രാഹുല്‍ ഗാന്ധിക്കെതിരായി ദേശീയതലത്തില്‍ എതിര്‍പ്പുകള്‍ രൂപപ്പെട്ടുവരികയാണ്. ഒന്നിനും കൊള്ളാത്ത ഒരാളെയാണ് കോണ്‍ഗ്രസ് അമ്പത്താറിഞ്ച് മാറിട വിസ്തീര്‍ണമുള്ള നരേന്ദ്രമോദിയെന്ന അതികായനോട് മത്സരിക്കാന്‍ വേണ്ടി രംഗത്തിറക്കുന്നത് എന്ന മട്ടിലാണ് ചര്‍ച്ചകളുടെ പോക്ക്. ബുദ്ധിജീവികളും മാധ്യമ വിശകലനക്കാരും രാഷ്ട്രീയ നിരീക്ഷകരുമെല്ലാം ബി.ജെ.പിയുടെ മോദിസ്തുതി ഏറ്റുപിടിച്ച് രാഹുലിന് പ്രതിപക്ഷ രാഷ്ട്രീയത്തിന്റെ നേതൃത്വമേറ്റെടുക്കാനുള്ള ശേഷിയില്ലെന്ന് പ്രചരിപ്പിക്കുന്നു. ആസൂത്രിതമായ ഈ നീക്കം പൊതുബോധത്തേയും സ്വാധീനിച്ചു തുടങ്ങി. 'കോണ്‍ഗ്രസ് മുക്തഭാരതം' എന്ന ആശയത്തിനപ്പുറത്തേക്ക് കടന്ന് 'പ്രതിപക്ഷമുക്ത ഇന്ത്യ' എന്ന തലത്തിലേക്ക് രാജ്യത്തെ നീക്കാന്‍ പാകത്തിലാണ് പ്രചാരണങ്ങളുടെ പോക്ക്. രാഹുല്‍ വിരുദ്ധര്‍ അദ്ദേഹത്തിനെതിരില്‍ മുന്നോട്ടുവയ്ക്കുന്നത് പ്രധാനമായും രണ്ട് ന്യായങ്ങളാണ്- ഒന്ന് ഇന്ത്യപോലെയുള്ള ഒരു രാജ്യത്തെ നയിക്കുന്നതിനാവശ്യമായ രാഷ്ട്രീയ വിദ്യാഭ്യാസമോ പക്വതയോ ബുദ്ധിശക്തിയോ രാഹുലിനില്ല. മോദിയുടെ മുമ്പിലെത്തുമ്പോള്‍ ആള്‍ വട്ടപ്പൂജ്യമായി മാറും. സംഘടിതമായ ഈ പ്രചരണം ഏറക്കുറേ നമ്മളൊക്കെ വിശ്വസിച്ചമട്ടാണ്. രാഹുലിന്റെ പല ചെയ്തികളും ഈ പ്രചാരണത്തെ ഉറപ്പിക്കാന്‍ പാകത്തിലുള്ളതാണുതാനും. ബലഹീനനായ ഒരു രാഷ്ട്രീയനേതാവ് എന്ന പ്രതിഛായയാണ് രാഹുല്‍ലോകത്തിന്റെ മുമ്പാകെ സമര്‍പ്പിച്ചിട്ടുള്ളത്. സ്വന്തം ദൗര്‍ബല്യങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഏറ്റുപറച്ചിലുകള്‍ ഈ പ്രതിഛായക്ക് ബലമേകുകയും ചെയ്യുന്നു. ബലഹീനതകള്‍ രാഹുല്‍ തന്നെ സമ്മതിക്കുന്നു എന്നാണ് വ്യാഖ്യാനം. ആത്മവിശ്വാസമില്ലാത്ത ഒരാള്‍ക്കെങ്ങനെ സ്വന്തം പടയെ നയിച്ച് വിജയത്തിലെത്തിക്കാനാവും? അതും പൊരുതുന്നത് മോദിയെപ്പോലെയൊരു വല്ലഭനോടാവുമ്പോള്‍. അതാണ് ഒന്നാമത്തെ ന്യായം.
രണ്ടാമത്തെ ന്യായമാണ് കൂടുതല്‍ കൗതുകകരം. രാഹുല്‍ സ്വന്തം ആത്മബലത്തെയല്ല തന്നെ പിന്തുണക്കുന്ന ഒരു സുഹൃദ് വൃന്ദത്തെ ആശ്രയിച്ചാണ് മുന്നോട്ട് നീങ്ങുന്നത്. ശശിതരൂര്‍, സാംപിട്രോസ, മുരളിദിയോറ തുടങ്ങിയ വിശ്വസ്തരുടെ സഹായമുപയോഗിച്ചാവും തന്റെ പ്രവര്‍ത്തനങ്ങള്‍ എന്ന് അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്. ശരിക്കും ഇത് ഒരു നേതാവിനു വേണ്ട ജനാധിപത്യബോധത്തെയും പങ്കാളിത്തബോധത്തേയുമാണ് വെളിപ്പെടുത്തുന്നത്. ഒപ്പമുള്ളവരുടെ കഴിവുകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള രാജ്യതന്ത്രം എന്ന ഉത്തമ മാതൃകയാണത്; പക്ഷേ അതിനെ മോദിയനുകൂല പ്രചരണവൃന്ദം, കൂട്ടുകാരില്ലെങ്കില്‍ രാഹുലിന് ഒന്നും ചെയ്യാനാവുകയില്ലെന്നും അദ്ദേഹം നിസ്സഹായനായിരിക്കുമെന്നും പറഞ്ഞാണ് താഴ്ത്തിക്കെട്ടുന്നത്.
ഏകാധിപത്യത്തിന്റെ വാഴ്ത്തുപാട്ട്
ഈ രണ്ട് പ്രചാരണങ്ങള്‍ക്കും അടിയില്‍ ജനാധിപത്യവിരുദ്ധതയുടെ ആശയങ്ങള്‍ ഒളിച്ചുവച്ചിട്ടുണ്ട്. മോദിയെന്ന നേതാവിന്റെ അപ്രമാദിത്വത്തിലാണ് അതിന്റെ ഊന്നല്‍. മോദി സകലകലാവല്ലഭനാണ് എന്ന ചിന്തയില്‍ നിന്നാണ് ഈ ഊന്നല്‍ പിറവിയെടുക്കുന്നത്. മോദിയുടേയും അതുവഴി ഹൈന്ദവ ഫാഷിസത്തിന്റേയും ഏകാധിപത്യവാഴ്ചയേയാണ് രാഹുല്‍ ഗാന്ധിയുടെ ബലഹീനതകളെക്കുറിച്ചുള്ള പ്രചരണങ്ങള്‍, സൂക്ഷ്മാര്‍ഥത്തില്‍ ഉയര്‍ത്തിപ്പിടിക്കുന്നത്; ഹിറ്റ്‌ലര്‍ ഇങ്ങനെ ഉയര്‍ത്തപ്പെട്ട വ്യക്തിത്വമാണ്. ഇത്തരം വ്യക്തികളോട് എതിര്‍ത്തു നില്‍ക്കുന്നവരെല്ലാവരും ദുര്‍ബലരും ഒന്നിനും കൊള്ളാത്തവരുമായി ചിത്രീകരിക്കപ്പെടുന്നു. രാഹുലിന്റെ ബലഹീനതകളെക്കുറിച്ചുള്ള പ്രചാരണങ്ങള്‍ ഒരു വ്യക്തിക്കെതിരായ അധിക്ഷേപങ്ങളല്ല, മറിച്ച് ഹൈന്ദവരാഷ്ട്രീയത്തിന്നെതിരായി രാജ്യത്ത് രൂപപ്പെടുന്ന രാഷ്ട്രീയ ബദലിന്നെതിരായുള്ള കരുനീക്കങ്ങളാണ്. മോദിയെ എതിരില്ലാത്ത ഏകാധിപതിയായി വാഴിക്കാനും അതുവഴി ഹൈന്ദവ ഫാഷിസത്തിന്റെ ആധിപത്യമുറപ്പിക്കാനുമുള്ള രാഷ്ട്രീയ തന്ത്രമാണ് രാഹുലിന്റെ കഴിവുകേടുകളെക്കുറിച്ചുള്ള പ്രചാരണങ്ങള്‍. രാഹുല്‍ഗാന്ധിയല്ല അവരുടെ ഉന്നം; ബി.ജെ.പി വിരുദ്ധ മതേതര ജനാധിപത്യത്തിന്റെ പ്രഹരശേഷി തകര്‍ക്കുക എന്നതു തന്നെയാണ്.
ഇനി, രാഹുല്‍ ബലഹീനനായ നേതാവാണെന്നുതന്നെ വയ്ക്കുക. സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇങ്ങനെ ബലഹീനനായ ഒരു നേതാവിനുപോലും ചരിത്രപരമായ ചില ദൗത്യങ്ങള്‍ നിറവേറ്റാനാവും എന്നതാണ് വസ്തുത. ബി.ജെ.പി തന്നെ പരോക്ഷമായി അത് സമ്മതിക്കുന്നുണ്ട്. ദേശീയതലത്തില്‍ കോണ്‍ഗ്രസ്സാണ് തങ്ങളുടെ പ്രധാന ശത്രുവെന്ന് ബി.ജെ.പിക്കറിയാം. 'കോണ്‍ഗ്രസ് മുക്ത ഭാരതം' എന്ന് പറയുന്നതിന്റെ പിന്നിലുള്ള യുക്തി അതാണ്. കോണ്‍ഗ്രസ്സിനെ ഇപ്പോഴത്തെ സാഹചര്യത്തില്‍ നെഹ്‌റു കുടുംബത്തില്‍നിന്നുള്ള ഒരാള്‍ക്ക് മാത്രമേ നയിക്കാനാവുകയുള്ളൂ; പഴയ നല്ലകാലത്തേക്ക് പാര്‍ട്ടിയെ കൊണ്ടുപോകണമെങ്കില്‍ ആ മൂലാഗ്രം അഴിച്ചു പണിയണമെന്നതും ഉള്‍പാര്‍ട്ടി ജനാധിപത്യം സ്ഥാപിക്കണമെന്നതും രാഹുലിനേക്കാള്‍ മിടുക്കന്മാരായ നേതാക്കളുടെ കൈകളില്‍ പാര്‍ട്ടി നേതൃത്വം അര്‍പ്പിക്കണമെന്നതുമൊക്കെ നൂറ്റുക്ക് നൂറ് നേരുതന്നെ. പക്ഷേ, ഇത് അതിന്നുള്ള സമയമല്ല. നെഹ്‌റു കുടുംബത്തില്‍നിന്നുള്ള ഒരാളുടെ, അതായത് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിന് മാത്രമേ ഇപ്പോള്‍ പാര്‍ട്ടിയെ ഒന്നിപ്പിച്ച് നിര്‍ത്താനാവൂ(കുടുംബവാഴ്ച പാര്‍ട്ടിയെ അത്രയ്ക്കു ഗ്രസിപ്പിച്ചു കഴിഞ്ഞു). ആ സാധ്യത രാഹുല്‍ ശരിയാംവണ്ണം ഉപയോഗപ്പെടുത്തുകയും ഇതര പ്രതിപക്ഷകക്ഷികളെ തന്റെ പാര്‍ട്ടിയുടെ കൂടെ അണിനിരത്താന്‍ അദ്ദേഹത്തിന് കഴിയുകയും ചെയ്താല്‍ 2019-ല്‍ തങ്ങള്‍ക്ക് ശരിക്കും വിയര്‍ക്കേണ്ടിവരുമെന്ന് ബി.ജെ.പിക്കറിയാം. അതുകൊണ്ടാണ് രാഹുലിന്നെതിരില്‍ ഇത്രയും വലിയ പട നയിക്കാന്‍ അവര്‍ മെനക്കെടുന്നത്. 'ബലഹീനനായ' രാഹുലിന്റെ ആന്തരികബലം അവര്‍ തിരിച്ചറിയുന്നു എന്നര്‍ഥം. രാഹുല്‍ ഗാന്ധിയുടെ 'ശക്തി' ഏറ്റവും കൂടുതല്‍ മനസ്സിലാക്കിയിട്ടുള്ളത് ബി.ജെ.പിയാണ് എന്ന് തീര്‍ച്ച.
ശക്തരായ ദുര്‍ബലര്‍
ദുര്‍ബലരായ ആളുകളുടെ ആന്തരികബലം ചരിത്രം തിരുത്തിക്കുറിച്ചതിന്റെ ഉദാഹരണങ്ങള്‍ ഇന്ത്യയില്‍ തന്നെ ധാരാളമുണ്ട്. സോണിയാഗാന്ധിയുടെ കാര്യമെടുക്കുക. തികഞ്ഞ അനിഷ്ടത്തോടെയാണ് വീട്ടമ്മയായ അവര്‍ കോണ്‍ഗ്രസ്സിന്റെ അമരക്കാരിയാവുന്നത്. രാഷ്ട്രീയ പാരമ്പര്യമില്ല, താല്പര്യവുമില്ല, തികച്ചും ദുര്‍ബല. അവര്‍ക്കെതിരായി മതം, ദേശീയത, വംശീയത തുടങ്ങിയ പല ആയുധങ്ങളുമെടുത്തു പയറ്റി എതിരാളികള്‍. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ അതികായരായ ശരത് പവാറും പി.എ സാഗ്മയുമെല്ലാം അവര്‍ക്കെതിരില്‍ നിന്നു. പക്ഷേ, പത്തുകൊല്ലം യു.പി.എയേയും കേന്ദ്ര ഗവണ്‍മെന്റിനേയും നിലനിര്‍ത്തിയത് 'ദുര്‍ബല'യായ സോണിയയുടെ 'ആത്മബല'മാണ്. രാജീവ്ഗാന്ധിയുടെ കാര്യത്തിലും ഇതുതന്നെ പറയാവുന്നതാണ്. രാഷ്ട്രീയ താല്പര്യം ഒട്ടുമില്ലായിരുന്നു രാജീവിന്. പ്രവര്‍ത്തന പരിചയവുമില്ലായിരുന്നു. പക്ഷേ, രാജ്യം കണ്ട മികച്ച പ്രധാനമന്ത്രിമാരിലൊരാള്‍ എന്ന് തെളിയിക്കാനും ഏറ്റവും സ്വീകാര്യരായ കോണ്‍ഗ്രസ് നേതാക്കളിലൊരാളായി വെളിപ്പെടാനും രാജീവ് ഗാന്ധിക്ക് കഴിഞ്ഞു. ഒറ്റയ്ക്ക് സഞ്ചരിച്ചുകൊണ്ടല്ല രാജീവ് ഈ നേട്ടങ്ങള്‍ കൈവരിച്ചത്. തന്റെ ദൗര്‍ബല്യങ്ങളുടെ പരിമിതികള്‍ നികത്താന്‍ മിടുക്കരായ പ്രൊഫഷനലുകളുടെ പങ്കാളിത്തം അദ്ദേഹം ഉപയോഗിച്ചു. വിവരാവകാശനിയമം, മഹാത്മാഗാന്ധി തൊഴിലുറപ്പുനിയമം, വിദ്യാഭ്യാസാവകാശനിയമം, ആദിവാസികളുടെ വനാവകാശനിയമം തുടങ്ങിയവയെല്ലാം നിലവില്‍ വന്നത് സോണിയയുടെയും രാജീവിന്റെയും മുന്‍കൈയിലാണെന്ന് ഓര്‍ക്കണം.
ഇന്ദിരാഗാന്ധിയുടെ കാര്യമോ- ഇന്ത്യ കണ്ട ശക്തരായ പ്രധാനമന്ത്രിമാരില്‍ അഗ്രിമസ്ഥാനത്താണ് അവര്‍. നടപടികളിലെ ശരിതെറ്റുകള്‍ എന്തായാലും ശരി, ശക്തയായിരുന്നു ഇന്ദിര എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ, പ്രധാനമന്ത്രിയായി വാഴിക്കപ്പെടുമ്പോള്‍ ഇന്ദിരാഗാന്ധി 'മൂകയായ ഒരു പാവക്കുട്ടി'യായിരുന്നു. തങ്ങള്‍ക്ക് ഇഷ്ടംപോലെ വളയ്ക്കാന്‍ കഴിയുന്ന ഒരാള്‍ എന്ന നിലയിലാണ് അന്നത്തെ കോണ്‍ഗ്രസ് നേതൃത്വം ഇന്ദിരയെ അവരോധിച്ചത്. തീര്‍ത്തും ദുര്‍ബലയായ ഇന്ദിരാഗാന്ധിയാണ് പില്‍ക്കാലത്ത് ശക്തിയുടെ പ്രതിരൂപമായ ദുര്‍ഗയായി മാറിയത്. ഇത്തരം ഇന്ത്യന്‍ ഉദാഹരണങ്ങളുടെ പശ്ചാത്തലത്തില്‍ രാഹുല്‍ഗാന്ധിയുടെ ബലഹീനതകള്‍ അപ്രസക്തമാണെന്നുതന്നെ പറയണം.
അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയുമെല്ലാം കറപുരണ്ട് അടിമുടി കറുത്ത് കിടക്കുമ്പോഴും ലിബറലിസത്തിന്റെ തെളിച്ചം കോണ്‍ഗ്രസ് രാഷ്ട്രീയത്തിനുണ്ട്. (കോണ്‍ഗ്രസ് പാര്‍ട്ടിക്കില്ലെങ്കില്‍ പോലും). കോണ്‍ഗ്രസ് രാഷ്ട്രീയ പാരമ്പര്യത്തിന്റെ ഈ ചരടാണ് ഇന്ത്യയില്‍ ജനാധിപത്യം സാധ്യമാക്കിയതും, സാധ്യമാക്കുന്നതും. ഗാന്ധിയെ കൊന്നതിലൂടെ ആ ചരടറുക്കാനാണ് ഹിന്ദുത്വശക്തികള്‍ ശ്രമിച്ചത്. പ്രസ്തുത മതേതര പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ് അവര്‍ രാഹുല്‍ ഗാന്ധിയില്‍ കാണുന്നത്. കോണ്‍ഗ്രസ്സില്‍ മറ്റൊരു നേതാവിനുമില്ലാത്ത മതേതര പാരമ്പര്യത്തുടര്‍ച്ച രാഹുല്‍ ഗാന്ധിയില്‍ അവര്‍ ദര്‍ശിക്കുന്നു; അത് ശരിയാണുതാനും. ഈ പാരമ്പര്യത്തെ ഹിന്ദുത്വത്തിന് തകര്‍ത്തേ തീരൂ. അതുകൊണ്ടാണ് പ്രചണ്ഡമായ പ്രചരണങ്ങളിലൂടെ അവര്‍ രാഹുലിനെ ഉന്നംവയ്ക്കുന്നത്; അദ്ദേഹത്തിന്റെ രംഗപ്രവേശം എന്ത് വിലയും കൊടുത്ത് തടയുന്നത് മഹാത്മാഗാന്ധിയെ തോക്കുകൊണ്ട് എപ്രകാരം ഉന്നംവച്ചുവോ ആ ഉന്നം രാഹുലിന് നേരെ വാക്കുകളിലൂടെ പ്രയോഗിക്കുന്നു എന്ന വ്യത്യാസം മാത്രമേയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."