വഴിതെറ്റി കേരളത്തിലെത്തിയ പതിനഞ്ചുകാരന് തുണയായി റെയില്‍വേ പൊലിസ്
കോട്ടയം: മുംബൈ കാണാനിറങ്ങി വഴിതെറ്റി കേരളത്തിലെത്തിയ പതിനഞ്ചുകാരനെ അമ്മയുടെ കൈകളില്‍ ഏല്‍പ്പിച്ച് റെയില്‍വേ പൊലിസ്.
മഹാരാഷ്ട്രയില്‍നിന്ന് ട്രെയിന്‍ മാറിക്കയറി കോട്ടയത്തെത്തിയ നാസിക് സ്വദേശി ഗണേഷ് ഭഗവാനെയാണ് കോട്ടയം റെയില്‍വേ പൊലിസ് സുരക്ഷിതമായി അമ്മയെ ഏല്‍പ്പിച്ചത്. ഈമാസം ഒന്നിനാണ് മുംബൈ കാണാനായി നാസിക്കില്‍നിന്ന് ഗണേഷ് ട്രെയിന്‍ കയറിയത്. പക്ഷേ, ഈ ട്രെയിന്‍ കേരളത്തിലേക്കുള്ളതായിരുന്നു. ട്രെയിന്‍ കോട്ടയത്തെത്തിയപ്പോള്‍ അപസ്മാര രോഗമുള്ള ഗണേഷ് ബോധംകെട്ട് വീണു.
ഉടന്‍ റെയില്‍വേ പൊലിസെത്തി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മറാത്തി ഭാഷ മാത്രം അറിയാവുന്ന ഗണേഷിനെ ചികിത്സിക്കാന്‍ സിവില്‍ പൊലിസ് ഓഫിസര്‍ ശ്രീദീപ്, വനിതാ സി.പി.ഒ നീതു എന്നിവര്‍ 12 ദിവസത്തോളം മാറിമാറി ആശുപത്രിയില്‍ കൂട്ടിരിപ്പുകാരായി. തുടര്‍ന്ന് കുട്ടിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. ദ്വിഭാഷിയുടെ സഹായത്തോടെ നാട്ടിലുള്ളവരുമായി ബന്ധപ്പെട്ടു. ഇതിനിടയില്‍ ബന്ധുക്കള്‍ മുംബൈ പൊലിസില്‍ പരാതി നല്‍കിയിരുന്നു.
കോട്ടയം റെയില്‍വേ പൊലിസ് വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഗണേഷിന്റെ അമ്മ ശോഭ ഭായ്, അച്ഛന് ഭഗവാന്, ബന്ധുക്കള്‍ എന്നിവര്‍ നാസിക് പൊലിസിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കൊപ്പം കോട്ടയത്തെത്തുകയായിരുന്നു. അസുഖമുള്ള ഏകമകനെ കാണാതായത് മുതല്‍ മനംനൊന്ത് ജീവിക്കുകയായിരുന്നു മാതാവ്. എന്നാല്‍, സുരക്ഷിതമായി മകനെ കണ്ടെത്തിയതോടെ ശോഭയ്ക്ക് സന്തോഷമടക്കാനായില്ല.
സ്വന്തം മകനെപ്പോലെ പരിചരിച്ച പൊലിസുകാരോട് എത്ര നന്ദി പറഞ്ഞിട്ടും അമ്മയ്ക്ക് മതിയായില്ല. എല്ലാവരില്‍നിന്നും സ്നേഹം മാത്രം കിട്ടിയ കേരളത്തെ ഒരിക്കലും മറക്കില്ലെന്നും കേരളത്തിലുള്ളവര്‍ നല്ലവരാണെന്നും ഗണേഷും പ്രതികരിച്ചു. ഗണേഷിനെ സഹായിച്ച പൊലിസുകാരെ മുംബൈ പൊലിസും അഭിനന്ദിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ഗണേഷുമായി ഇന്നലെ ഉച്ചയോടെ മാതാപിതാക്കള്‍ നാട്ടിലേക്ക് തിരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."