കൊട്ടിപ്പാറയില്‍ ജനവാസമേഖലയില്‍ റബ്ബര്‍ തോട്ടത്തില്‍ മാരക വിഷ സ്പ്രേ
ദേശമംഗലം: കൊട്ടിപ്പാറയില്‍ സ്വകാര്യ വ്യക്തിയുടെ റബ്ബര്‍ തോട്ടത്തില്‍ പുല്ല് കരിയിക്കുന്നതിന് വേണ്ടി മാരകമായ വിഷ പദാര്‍ഥങ്ങളടങ്ങിയ സ്പ്രേ ചെയ്യുന്നതായി പരാതി. ഇത് മൂലം ജനങ്ങളുടെ ആരോഗ്യം തന്നെ ഭീക്ഷണിയിലാകുന്ന സ്ഥിതിയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ജനങ്ങള്‍ക്ക് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോഴും അധികൃതര്‍ ആവശ്യമായ നടപടി കൈകൊള്ളുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. ശ്വാസതടസം, കണ്ണ് വേദന, ചുമ തുടങ്ങിയ അസുഖങ്ങള്‍ മൂലം നിരവധി പേര് ഇതിനകം തന്നെ ചികിത്സ തേടി.
വളര്‍ത്ത് മൃഗങ്ങള്‍ക്കും അസ്വസ്ഥത ഉണ്ടാവുന്നുണ്ട്. മഴ പെയ്താല്‍ കുന്നിന് മുകളില്‍ നിന്ന് വിഷം കലര്‍ന്ന വെള്ളം ഒലിച്ചെത്തി ജലസ്രോതസുകളില്‍ എത്തുന്നതു മൂലം കുടിവെള്ളവും വിഷമയമാവുകയാണ്. സ്ഥലം ഉടമയോട് ജനങ്ങള്‍ വിഷ സ്പ്രേ നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ജനങ്ങളെ വെല്ലുവിളിച്ച് വിഷം സ്പ്രേ ചെയ്യുന്നത് തുടരുകയാണ്. ഇതിനെ തുടര്‍ന്ന് ഇന്നലെ മേഖലയിലെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന നാട്ടുകാര്‍ സംഘടിച്ചെത്തി പ്രവര്‍ത്തി തടഞ്ഞു. പ്രതിഷേധം സംഘര്‍ഷത്തിലേക്ക് വഴിമാറിയതോടെ ചെറുത്തുരുത്തി പൊലിസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. മരുന്ന് സ്പ്രേ താല്കാലികമായി നിര്‍ത്തിവയ്ക്കാന്‍ പൊലിസ് ആവശ്യപ്പെട്ടു. തുടര്‍ന്നും സ്പ്രേ ചെയ്താല്‍ ശക്തമായി നേരിടുമെന്നാണ് നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."