മത്സ്യത്തൊഴിലാളി മേഖലയില്‍ വിദ്യാഭ്യാസത്തിന് പ്രത്യേക പരിഗണന: മന്ത്രി
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ മക്കളുടെ മികച്ച വിദ്യാഭ്യാസം സര്‍ക്കാരിന്റെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്നാണെന്ന് ഫിഷറിസ് വകുപ്പ് മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ.
കഴിഞ്ഞ വര്‍ഷം വരെ ഈ വിഭാഗത്തില്‍ പെട്ട വിദ്യാര്‍ഥികളുടെ ഫീസ് ആനുകൂല്യം ഒ.ഇ.സികാര്‍ക്ക് മാത്രമാണ് ലഭിച്ചിരുന്നത്.
ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ എല്ലാ വിഭാഗത്തിലുള്ള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കും ആനുകൂല്യം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചതായും മന്ത്രി അറിയിച്ചു. ഹിന്ദു, ക്രിസ്ത്യന്‍, മുസ്‌ലിം വിഭാഗത്തിലെ നിരവധി കൂട്ടികള്‍ക്ക് ഇതോടെ ഉന്നത വിദ്യാഭ്യാസം പ്രാപല്യമാകുമെന്നും അവര്‍ പറഞ്ഞു.
വിഴിഞ്ഞം സെന്റ് മേരീസ് എച്ച്.എസ്.എസില്‍ 'സ്വച്ഛ് സഹേലി' പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ഈ മേഖലയിലെ സ്‌കൂളുകളുടെ പശ്ചാത്തല വികസനത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുണ്ടെന്നും കഴിഞ്ഞ വര്‍ഷം 40 കുട്ടികളെ ഒരു ലക്ഷം രൂപ വീതം ചെലവില്‍ എന്‍ട്രന്‍സ് പരിശീലനത്തിയച്ചതായും അവര്‍ പറഞ്ഞു. അതില്‍ 14 പേര്‍ മികച്ച വിജയം കരസ്ഥമാക്കി. ഇത് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്. കുടിശ്ശിക ആയിരുന്ന ലംപ്‌സം ഗ്രാന്റ് മുഴുവന്‍ വിതരണം ചെയ്തു കഴിഞ്ഞു. ഈ വര്‍ഷം മുതല്‍ ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ നല്‍കേണ്ടത്.
അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഗ്രാന്റ് ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.
തീരദേശമേഖലയിലെ ഏഴ് സ്‌കൂളുകളിലാണ് ദേശീയ പിന്നാക്ക വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ 4.64 കോടിയുടെ സ്വച്ഛ് സഹേലി പദ്ധതി മത്സ്യഫെഡ് നടപ്പിലാക്കുക. ജില്ലയിലെ മൂന്ന് സ്‌കൂളുകളും കൊല്ലം ജില്ലയിലെ നാല് സ്‌കൂളുകളെയും ഇതിനായി തിരഞ്ഞെടുത്തിട്ടുണ്ട്. വിദ്യാര്‍ഥികളുടെ വ്യക്തി ശുചിത്വം കൂടി മുന്‍ നിര്‍ത്തിയുള്ള പദ്ധതിയാണിത്. ഇതിന്റെ ഭാഗമായി വിഴിഞ്ഞം സെന്റ് മേരീസ് എച്ച്.എസ്.എസില്‍ സ്ഥാപിച്ച നാപ്കിന്‍ വെന്‍ഡിങ് മെഷീനിന്റെയും ഇന്‍സിനറേറ്ററിന്റെയും താക്കോല്‍ കൈമാറി മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചു.
എം. വിന്‍സെന്റ് എം.എല്‍.എ അധ്യക്ഷനായി. കൗണ്‍സിലര്‍ ഷൈനി വില്‍ഫ്രഡ്, മത്സ്യഫെഡ് ഡയരക്ടര്‍ ഡോ. ലോറന്‍സ് ഹാരോള്‍ഡ്, ജനറല്‍ മാനേജര്‍ എല്‍.എ ഗ്രിഗോറിയസ്, ഫാദര്‍ സുരേഷ് പയസ്, പ്രഥമാദ്ധ്യാപകന്‍ വി. രാജു സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."