അലിന്‍ഡ് തുറന്നത് വിവാദത്തിലേക്ക്
കൊല്ലം: പതിറ്റാണ്ടുകളോളം കൊല്ലത്തിന്റെ വ്യവസായ ഭൂപടത്തില്‍ തലയുയര്‍ത്തി നിന്നിരുന്ന കുണ്ടറയിലെ അലിന്‍ഡ് വീണ്ടും തുറന്നത് വന്‍ വിവാദത്തില്‍.
വര്‍ഷങ്ങളോളം പൂട്ടിക്കിടന്ന കമ്പനി വീണ്ടും തുറന്നതിനു പിന്നില്‍ സ്ഥാപനത്തിന്റെ ഭൂമി വില്‍പന നടത്തി പണം തട്ടാനുള്ള സ്വകാര്യ ഗ്രൂപ്പിന്റെ ശ്രമമെന്ന ആരോപണമാണ് കമ്പനിയെ വിവദാത്തിന്റെ മുള്‍മുനയിലാക്കിയത്. കമ്പനിയുടെ കോടിക്കണക്കിന് വിലവരുന്ന ഭൂമി വ്യവസായലോബി തട്ടിയെടുക്കാനുള്ള ശ്രമം നടക്കുന്നതായുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ അവഗണിച്ചെന്നാണ് വാര്‍ത്ത.
ഒരുകാലത്ത് ജില്ലയുടെ ജീവനാഡിയായ അലുമിനിയം ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (അലിന്‍ഡ്) വീണ്ടും തുറന്നപ്പോള്‍ ഏറെ പ്രതീക്ഷകളാണ് നല്‍കിയത്. പാട്ടക്കാലാവധി കഴിഞ്ഞ കഴിഞ്ഞ സര്‍ക്കാര്‍ ഭൂമിയിലാണ് ഫാക്റ്ററി തുറക്കാന്‍ സൊമാനി ഗ്രൂപ്പിന് അനുമതി നല്‍കിയത്. വിവാദം ശക്തമായതോടെ വിവിധ കോണുകളില്‍ നിന്ന് വന്‍തോതിലുള്ള ഏതിര്‍പ്പുകളാണ് ഉണ്ടായിരിക്കുന്നത്. സര്‍ക്കാര്‍ നടപടിക്കെതിരേ വി.എസ് അച്യുതാനന്ദന്‍ രംഗത്ത് വരികയും ഭൂമികച്ചവടമാണ് പ്രൊമോട്ടര്‍മാരുടെ ലക്ഷ്യമെന്ന് തുറന്നടിക്കുകയും ചെയ്തു. പാര്‍ട്ടിയുടെയും മുന്നണിയുടെയും നിലപാടുകളെ തുടര്‍ന്നാണ് കമ്പനി കൈമാറ്റത്തെ എതിര്‍ത്ത് സംസാരിച്ചതെന്നുമായിരുന്നു വി.എസ് വ്യക്തമാക്കിയത്. അലിന്‍ഡ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് മുന്‍ വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ പ്രതികരിച്ചത്. എന്നാല്‍ മണ്ഡലത്തിലെ ജനപ്രതിനിധിയായ മന്ത്രി ജെ. മേഴ്‌സികുട്ടിയമ്മ ഇരുവരുടെയും നിലപാടുകളെ തള്ളി സൊമാലി ഗ്രൂപ്പിനെ ന്യായീകരിക്കുകയായിരുന്നു.
തൊഴിലാളികളുടേയും സര്‍ക്കാരിന്റെയും കുടിശിക വ്യവസായഗ്രൂപ്പ് നല്‍കിയെന്നാണ് മന്ത്രി പ്രതികരിച്ചത്. 1948ല്‍ തിരുവിതാംകൂറിന്റെ വൈദ്യുതീകരണത്തിനാണ് അലിന്‍ഡ് സ്ഥാപിച്ചത്.
1984 ഓടെ നഷ്ടത്തിലായ കമ്പനിയെ പീഡിത വ്യവസായമായി പ്രഖ്യാപിക്കുകയും കമ്പനികളുടെ കേസുകള്‍ പ രിഗണിക്കുന്ന കോടതി ബി.ഐ.എഫ്.ആര്‍ അലിന്‍ഡയെ 10 വര്‍ഷം കൊണ്ട് ലാഭത്തിലാക്കാന്‍ സോമാനി ഗ്രൂപ്പിനെ ഏല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ കമ്പനിക്ക് 141 കോടി ബാധ്യതയുണ്ടാക്കി ആസ്തിയും കൈക്കലാക്കി സോമാനി കടന്നു. ഇവരാണ് ഭൂമി വിലയിലുണ്ടായ വര്‍ധനയെത്തുടര്‍ന്ന് കമ്പനിയുടെ 152 ഏക്കറില്‍ കണ്ണുംനട്ട് ഇപ്പോള്‍ കമ്പനിയെ വിഴുങ്ങാന്‍ എത്തിയിരിക്കുന്നതെന്ന് ആരോപണം.
പാട്ടഭൂമി ഏറ്റെടുക്കണമെന്ന സര്‍ക്കാരിന്റെ തന്നെ മുന്‍ തീരുമാനം അട്ടിമറിച്ചു മുഖ്യമന്ത്രിയുടെ അധ്യ ക്ഷതയില്‍ ചേര്‍ന്ന യോഗം സൊമാനി ഗ്രൂപ്പിനെ സഹായിച്ചതായാണ് ആരോപണം. സര്‍ സിപിയുടെ കാലത്തു പാട്ടത്തിനുകൊടുത്തതാണ് കുണ്ടറയിലെ സര്‍ക്കാര്‍ ഭൂമിയിലുള്ള അലിന്‍ഡ് ഫാക്ടറി. 50 വര്‍ഷത്തെ പാട്ടക്കാലാവധി 1996ല്‍ അവസാനിച്ചു.
പാട്ടയിനത്തിലും നികുതിയിനത്തിലും തൊഴിലാളികളുടെ ആനുകൂല്യത്തിലും കോടികള്‍ കുടിശികയുണ്ടായിട്ടും ഒരു രൂപ പോലും അടയ്ക്കാതെ സൊമാനി ഗ്രൂപ്പിന് ഫാക്റ്ററി തുറക്കാന്‍ മുഖ്യമന്ത്രി അനുമതി നല്‍കിയെന്നാണ് ആരോപണം.
അലിന്‍ഡ് നഷ്ടത്തിലായതിനെ തുടര്‍ന്ന് 19 വര്‍ഷം മുന്‍പാണ് അടച്ചുപൂട്ടിയത്. ഫാക്റ്ററി തുറക്കാനുള്ള ശ്രമം പലപ്പോഴും നടന്നെങ്കിലും ഒന്നും ഫലവത്തായില്ല. ഫാക്ടറി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഈ സര്‍ക്കാരിന്റെ ആരംഭകാലത്ത് യൂനിയനുകള്‍ വ്യവസായമന്ത്രിയായിരുന്ന ഇ.പി ജയരാജനെ സമീപിച്ചിരുന്നു.
ഇ.പി ജയരാജന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സൊമാനി ഗ്രൂപ്പ് നിയമവിരുദ്ധമായി ഓഹരികളുടെ വില കുറച്ചതടക്കമുള്ള ക്രമക്കേടുകള്‍ വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചൂണ്ടിക്കാണിച്ചിരുന്നു.
പാട്ടക്കാലാവധി നീട്ടിക്കൊടുക്കേണ്ടതില്ലെന്നു യോഗം തീരുമാനിക്കുകയും ചെയ്തു. കമ്പനി ഏറ്റെടുക്കുന്ന കാര്യത്തില്‍ നിയമവശം പരിശോധിക്കാനും തീരുമാനമായി.
ഇ.പി ജയരാജന് മന്ത്രി സ്ഥാനം നഷ്ടമായതിനുശേഷം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന ഉന്നതതല യോഗത്തിലാണ് ഫാക്ടറി തുറക്കാന്‍ തീരുമാനിച്ചത്. ഇതേ തുടര്‍ന്ന് ചിങ്ങം ഒന്നിന് കൊട്ടിഘോഷിച്ച് ഫാക്റ്ററി വീണ്ടും തുറന്നു. എന്നാല്‍ ഇതുവരെയും ഉല്‍പാദനം ആരംഭിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."