വേറിട്ട മാതൃകയായി താമരക്കുടി ശിവ വിലാസം സ്കൂള്‍
കൊട്ടാരക്കര: ക്ലാസ് മുറികളിലെ പഠനത്തോടൊപ്പം സ്വയം തൊഴില്‍ പരീക്ഷിച്ച് വിദ്യാര്‍ഥികള്‍.
പരിശീലിച്ച തൊഴില്‍ നാടിന്റെ നന്മയ്ക്കായി വിനിയോഗിക്കുവാന്‍ നേതൃത്വം നല്കിയ അധ്യാപകര്‍. താമരക്കുടി ശിവവിലാസം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരുമാണ് ഈ സത്കര്‍മങ്ങള്‍ക്ക് മാതൃകയാകുന്നത്.
സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ഇക്കോ-ക്ലബിന്റെയും എന്‍.എസ്.എസ്. ലെയും വിദ്യാര്‍ഥികള്‍ക്ക് ബുക്ക് ബയിന്റിങിലാണ് പരിശീലനം നല്‍കിയത്. ഈ രംഗത്തെ വിദഗ്ധരുടെ സഹായത്തോടെയായിരുന്നു പരിശീലനം. ആദ്യ ഘട്ടത്തില്‍ 10 വിദ്യാര്‍ഥികള്‍ക്കും പിന്നീട് 20 വിദ്യാര്‍ഥികള്‍ക്കും പരിശീലിച്ച തൊഴില്‍ പ്രയോജനപെടുത്താന്‍ ഇവര്‍ തെരഞ്ഞെടുത്തത് ഗ്രന്ഥശാലകളെയാണെന്നതും പ്രത്യേകതയായി ഗ്രന്ഥശാലകളില്‍ മിക്കവയിലും കാലപ്പഴക്കം ചെന്ന ഗ്രന്ഥങ്ങള്‍ സംരക്ഷിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.
ബുക്ക് ബയിന്റിങിന് ആളെ കിട്ടാത്തതാണ് ഈ പ്രതിസന്ധിക്ക് കാരണം. ഇത് മനസ്സിലാക്കിയാണ് ഗ്രന്ഥശാലകളെ തെരഞ്ഞെടുത്തതെന്ന് അധ്യാപകര്‍ വ്യക്തമാക്കി. തികച്ചും സൗജന്യമായാണ് ഗ്രന്ഥശാലകളിലെത്തി ബുക്കുകള്‍ ബയിന്റു ചെയ്ത് നല്‍കുന്നത്.
അവധി ദിവസങ്ങളിലാണ് ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടങ്ങുന്ന സംഘം ഈ സേവനം ചെയ്തു വരുന്നത്. തുടക്കത്തില്‍ താമരക്കുടി വിജ്ഞാനോദയം ദുരന്തശാലയിലെ കാലപ്പഴക്കം ചെന്ന പുസ്തകങ്ങളാണ് ബയിന്റു ചെയ്ത് നല്‍കിയത്. നൂറോളം പുസ്തകങ്ങള്‍ക്കാണ് ഇവിടെ പുതുജീവന്‍ വച്ചത്.
രണ്ടു ദിവസം കൊണ്ട് മുന്നൂറിലധികം ഗ്രന്ഥങ്ങള്‍ ഇവിടെ ബയിന്റു ചെയ്ത് സംരക്ഷിക്കാന്‍ കുട്ടികള്‍ക്കു കഴിഞ്ഞു.
ഇപ്പോള്‍ ഇവരുടെ പ്രവര്‍ത്തനം കേട്ടറിഞ്ഞ് നിരവധി ഗ്രന്ഥശാലകള്‍ സേവനം ആവശ്യപ്പെട്ട് സമീപിച്ചുകൊണ്ടിരിക്കുകയാണെന്ന് അധ്യാപകര്‍ പറഞ്ഞു. ബയിന്റിങ് രംഗത്ത് ആളുകള്‍ വിരളമായതിനാല്‍ കുട്ടികള്‍ക്ക് പഠനത്തിനിടയില്‍ ഇതൊരു സ്വയം തൊഴില്‍ വരുമാനത്തിന് സാധ്യത തെളിയുമെന്നാണ് അധ്യാപകരുടെ പ്രത്യാശ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."