ഗാന്ധിജയന്തി വാരാഘോഷം; ജില്ലയില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍
കല്‍പ്പറ്റ: ഗാന്ധി ജയന്തിവാരാഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ വിപുലമായ പരിപാടകള്‍ സംഘടിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ എസ് സുഹാസിന്റെ അധ്യക്ഷതയില്‍ കലക്ട്രേറ്റില്‍ ചേര്‍ന്ന സംഘാടക സമിതിയോഗം തീരുമാനിച്ചു.
ജില്ലാതല ഉദ്ഘാടനം ഒക്ടോബര്‍ മൂന്നിന് രാവിലെ 10ന് മാനന്തവാടി ഗവ.ബി.എഡ് കോളജില്‍ നടക്കും.
കോളനികളില്‍ ബോധവല്കരണ പരിപാടികള്‍, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ഗാന്ധിയന്‍ ആദര്‍ശത്തെ അധികരിച്ച് കോളജ് വിദ്യാര്‍ഥികള്‍ക്ക് ഉപന്യാസ മത്സരം, യു.പി വിദ്യാര്‍ഥികള്‍ക്ക് പെയിന്റിങ് മത്സരം, ഹൈസ്കൂള്‍- ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് ക്വിസ് മത്സരം എന്നിവ സംഘടിപ്പിക്കും. ഗാന്ധിജിയുടെ ജീവിതവുമായി ബന്ധപ്പെടുത്തി എക്സിബിഷന്, ലഹരിവിരുദ്ധ ബോധവല്കരണ ചിത്രപ്രദര്‍ശനം എന്നിവയും സംഘടിപ്പിക്കും. മത തീവ്രവാദം, വര്‍ഗീയത, ലഹരി എന്നിവക്കെതിരെ ജാഗ്രതാ സന്ദേശങ്ങള്‍ നല്‍കും. സമാപനത്തിന്റെ ഭാഗമായി കലക്ട്രേറ്റ് പരിസരത്ത് മതസൗഹാര്‍ദ ജ്വാല തെളിയിക്കും.
ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തില്‍ 300 കോളനികളില്‍ ഗാന്ധിയന്‍ ആദര്‍ശങ്ങളെ സംബന്ധിച്ച് ക്ലാസും പ്രേരക്മാര്‍ക്ക് ഉപന്യാസ മത്സരവും നടത്തും.
യുവജനക്ഷേമ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത ജില്ലയിലെ ക്ലബുകളുടെ നേതൃത്വത്തില്‍ ശുചീകരണ പരിപാടി, ജില്ലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ശുചീകരണം, എക്സൈസ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ലഹരിവിമുക്ത കേരളവുമായി ബന്ധപ്പെട്ട് പ്രത്യേക പരിപാടികള്‍, പഞ്ചായത്തുകളില്‍ ശുചീകരണ പരിപാടികള്‍ എന്നിവ സംഘടിപ്പിക്കും. ജില്ലാ ഭരണകൂടം, വിദ്യാഭ്യാസ -ആരോഗ്യ- എക്സൈസ്- പഞ്ചായത്ത് വകുപ്പുകള്‍, സാക്ഷരതാ മിഷന്, യുവജനക്ഷേമ ബോര്‍ഡ്, കുടുംബശ്രീ, നെഹ്റു യുവകേന്ദ്ര എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുക.
ജില്ലാ കലക്ടര്‍ ചെയര്‍മാനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കണ്‍വീനറുമായുള്ള ജില്ലാതല സംഘാടക സമിതി രൂപീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."