ഇരുട്ടിന്റെ രോഗങ്ങളെ വെളിച്ചം കൊണ്ട് ചികിത്സിക്കുന്ന വിധം
ഇന്ത്യ അതിന്റെ സങ്കല്‍പത്തിലും ഭരണഘടനയിലും ഒരു മതേതര റിപബ്ലിക്കാണ്. പക്ഷെ, അടുത്ത കാലത്തായി വര്‍ഗീയ-ഫാസിസ്റ്റ് അജന്‍ഡയുമായി പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗം അവരുടെ അപക്വമായ സമീപനങ്ങള്‍ കൊണ്ടും പ്രവര്‍ത്തനങ്ങള്‍ കൊണ്ടും രാജ്യത്തിന്റെ സല്‍പേരിനു കളങ്കം വരുത്തിക്കൊണ്ടിരിക്കുന്നു. വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളെ കൈനീട്ടി സ്വീകരിച്ചിരുന്ന ഒരു രാജ്യത്തിന്റെ മതസൗഹാര്‍ദം, സഹിഷ്ണുത തുടങ്ങിയ പൂര്‍വകാല പാരമ്പര്യങ്ങളെ തുരങ്കം വച്ചുകൊണ്ടു കാലഹരണപ്പെട്ട അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും അധിഷ്ഠിതമായ സിദ്ധാന്തങ്ങളെ അനുസരിക്കാന്‍ ഒരു ജനതയെ മുഴുവന്‍ മര്‍ക്കടമുഷ്ടിയുപയോഗിച്ചു നിര്‍ബന്ധിക്കുന്നു. ഭരണകൂട പിന്തുണയോടെ നടത്തപ്പെടുന്ന ആസൂത്രിത വംശഹത്യകളിലൂടെയും പാര്‍ശ്വവല്‍ക്കരണത്തിലൂടെയും ഇക്കൂട്ടര്‍ ദുര്‍ബലരും അധസ്ഥിതരുമായ ന്യൂനപക്ഷങ്ങളെ തങ്ങളുടെ ആശയസംഹിതകളുടെ ഉടുമ്പുകാലുകള്‍ കൊണ്ടു പിടിമുറുക്കി ശ്വാസംമുട്ടിക്കുന്നു. അവരുടെ ഭക്ഷണശീലങ്ങളെപ്പോലും തങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചു നിയന്ത്രിച്ചുകൊണ്ട് ശുദ്ധവും അവിശുദ്ധവുമായ കാര്യങ്ങളുടെ വിവേചനാധികാരം തങ്ങളില്‍ മാത്രം നിക്ഷിപ്തമാണെന്ന അജന്‍ഡ നടപ്പില്‍വരുത്തുന്നു. ഇത്തരം അജന്‍ഡകളെയും അധിനിവേശങ്ങളെയും രൂക്ഷമായ വിചാരണയ്ക്കു വിധേയമാക്കുകയാണ് യുവ എഴുത്തുകാരന്‍ ഷെരീഫ് സാഗര്‍ 'ഫൂക്ക' എന്ന നോവലിലൂടെ.
ഫൂക്ക എന്നത് ഒരു ക്രൂരതയുടെ പേരാണ്. പശുക്കളില്‍നിന്നു കൂടുതല്‍ പാലു കിട്ടാനായി ഉത്തരേന്ത്യയില്‍ നടക്കുന്ന പ്രാകൃതമായ ഒരു പരീക്ഷണത്തിന്റെ പേരാണത്. ഉരവുള്ള വൈക്കോല്‍ ഒരു കോലില്‍ ചുറ്റി പശുവിന്റെ യോനീദ്വാരത്തില്‍ കടത്തി തിരിക്കുന്നു. എത്ര ആഴത്തില്‍, എത്രനേരം എന്നതൊക്കെ അതു ചെയ്യുന്ന വ്യക്തിയുടെ പാരമ്പര്യമായ അറിവാണ്. പശുക്കളുടെ മുരളലിനും പിടച്ചിലിനും നിലവിളിക്കുമിടയില്‍ പുറത്തുവരുന്ന ചോരയുടെ ലക്ഷണം നോക്കി ഉരുവിന്റെ പാലുല്‍പാദന ശേഷി കണക്കാക്കുന്നു. ഫൂക്ക എന്താണെന്ന് നോവല്‍ തുടങ്ങുന്നതിനുമുന്‍പുള്ള താളില്‍ നോവലിസ്റ്റ് വിശദീകരിക്കുന്നുണ്ടെങ്കിലും നോവലിലൊരിടത്തും അതിനെക്കുറിച്ച് ഒരു പരാമര്‍ശം പോലുമില്ല എന്നതു ശ്രദ്ധേയമാണ്. അതായത്, പുതിയകാല ഇന്ത്യയോട് തല്‍പരകക്ഷികള്‍ എങ്ങനെയാണു പെരുമാറുന്നത് എന്നതു പ്രതീകാത്മകമായി പറയാനാണ് നോവലിസ്റ്റ് ആ പേരിനെ ഉപയോഗിച്ചിരിക്കുന്നത് എന്നര്‍ഥം.
ഗോതമ്പും സൂര്യകാന്തിപ്പൂക്കളും വിളഞ്ഞുനില്‍ക്കുന്ന പാടങ്ങളുള്ള തിനിയ എന്ന ഉത്തരേന്ത്യന്‍ ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് ഷെരീഫ് സാഗര്‍ കഥ പറഞ്ഞുതുടങ്ങുന്നത്. പശുക്കളെ വളര്‍ത്തി ജീവിക്കുന്ന ബിലാല്‍ എന്ന സാധുവായ യുവാവാണു കേന്ദ്രകഥാപാത്രം. അയാള്‍ക്കു ഭാര്യയുണ്ട്. മുനീബ് എന്നു പേരുള്ള പത്തുവയസുകാരനായ മകനുണ്ട്. അസ്മാന്‍ എന്നും ദരിയ എന്നും പേരുള്ള പശുക്കളുണ്ട്. പശുക്കളെ നോക്കാന്‍ പുല്‍മേടുകള്‍ തേടിപ്പോയ ഒരു വരണ്ട ദിനത്തില്‍ മുനീബിനെ ഗോരക്ഷാപ്രവര്‍ത്തകര്‍ എന്നു സ്വയംപ്രഖ്യാപിച്ച ഒരു സംഘം പിതാവിന്റെ മുന്‍പില്‍വച്ചു മരക്കൊമ്പില്‍ കെട്ടിത്തൂക്കി കൊല്ലുകയാണ്. ഗോക്കളെ കൊന്നുതിന്നുന്നവരാണു നിങ്ങളെന്നും ഗോമാതാവിനെ കൊന്നുതിന്നുന്നവര്‍ക്കു മരണമാണു ശിക്ഷയെന്നും അവര്‍ പ്രഖ്യാപിക്കുന്നു. 'ഞങ്ങള്‍ ഗോക്കളെ പരിപാലിക്കുന്നവരാണ്, തിന്നുന്നവരല്ല' എന്ന ബിലാലിന്റെ ആണയിടല്‍ അവര്‍ മുഖവിലയ്‌ക്കെടുക്കുന്നതേയില്ല. തന്റെ മകന്‍ കണ്‍മുന്നില്‍ പിടഞ്ഞുമരിക്കുന്നതു കാണേണ്ടിവന്ന നിസഹായത ബിലാലിനെ ഭ്രാന്തിന്റെ വക്കോളമെത്തിക്കുകയാണ്. ഭരണകൂടമോ നിയമവ്യവസ്ഥയോ അയാള്‍ക്കു തുണയാകുന്നില്ല. ഫാസിസത്തിന്റെ വേരുകള്‍ തേടിയും മനുഷ്യനന്മയുടെ ഉറവകള്‍ തേടിയും സമാനമനസ്‌കരും സമാനദുഖിതരുമായ ഏതാനും പേരോടൊപ്പം വീടും നാടും ഉപേക്ഷിച്ചു തങ്ങളുടേതായ അന്വേഷണവഴിയിലൂടെ ബിലാല്‍ നടത്തുന്ന യാത്രയാണു പിന്നീട് നോവലില്‍ വിഷയമാകുന്നത്.
നെഞ്ചുകീറുന്ന വായന തരുന്ന നോവലാണ് 'ഫൂക്ക' എന്നു വായനക്കാര്‍ക്കു തോന്നുന്നുവെങ്കില്‍ അക്കാര്യത്തില്‍ ഈ കൃതി ചര്‍ച്ച ചെയ്യുന്ന കാലികവും രൂക്ഷവുമായ പ്രമേയം മാത്രമല്ല കവിതയോളം ഉയര്‍ന്നുനില്‍ക്കുന്ന ആഖ്യാനരീതി കൂടി പങ്കുവഹിച്ചിട്ടുണ്ട് എന്നു പറയേണ്ടിവരും. നോവല്‍ എന്ന വ്യവഹാരരൂപത്തിനു പരമ്പരാഗതമായി സ്വീകരിച്ചുപോരുന്ന സ്ഥൂലമായ ആഖ്യാനരീതിയെ നിരാകരിച്ചുകൊണ്ട് ഋജുവും അതേസമയം ധ്വന്യാത്മകവുമായ ഒരു ഭാഷകൊണ്ട് ഫലപ്രദമായി ഒരു നോവല്‍ ശരീരം പണിതുവയ്ക്കുന്നു ഷെരീഫ് സാഗര്‍. ചിലയിടത്ത് ആഖ്യാനം കവിത തന്നെയാകുന്നു. ഒരു ഉദാഹരണം നോക്കൂ:
'ഇരുട്ടത്ത് ബിലാല്‍ നടക്കുകയാണ്. ഇരുട്ടില്‍ ബിലാല്‍ തുഴയുകയാണ്. ഇരുട്ടില്‍ അയാള്‍ ഇഴയുകയാണ്. എത്ര വകഞ്ഞിട്ടും വിട്ടുമാറാത്ത ഇരുട്ട്. ബിലാല്‍ ഓര്‍ക്കാതിരുന്നില്ല, ചുറ്റുമെന്നപോലെ ഇരുട്ടാണല്ലോ ഉള്ളിലുമെന്ന്. പ്രപഞ്ചമൊന്നാകെ മിണ്ടാതെ മിണ്ടാതെയായി. ഇരുട്ടും മൗനവും ഇണചേരുന്നതിന്റെ ഒച്ചകളല്ലാതെ ചുറ്റും ഒന്നുമില്ലാതായി. ഇരുട്ടുകൊണ്ട് സൃഷ്ടിക്കപ്പെട്ട ഒരാളെപ്പോലെ ബിലാല്‍ കറുകറുത്ത ഉടലായി.
ബിലാല്‍ എവിടെയൊക്കെയോ തട്ടിത്തടഞ്ഞു. കാലുപൊട്ടി ചോരയൊലിച്ചു. ഹൃദയം പൊട്ടിയ പൊട്ടലുകളുടെ കാഠിന്യത്താല്‍ ബിലാല്‍ അതൊന്നും അറിഞ്ഞതേയില്ല. അയാളുടെ ചോരയൊലിക്കുന്ന കാലുകള്‍ അതൊന്നും പറഞ്ഞതേയില്ല. നടക്കൂ..നടക്കൂ.. എന്ന് കാലുകള്‍ പറഞ്ഞു. നടക്കൂ..നടക്കൂ..എന്ന് ഇലകള്‍ പറഞ്ഞു. നടക്കൂ..നടക്കൂ..എന്ന് മണ്ണട്ടകള്‍ മൊഴിഞ്ഞു. ഇനി എങ്ങോട്ടാണ് നടക്കേണ്ടതെന്നു ബിലാല്‍ അവയോടൊക്കെയും ചോദിച്ചു.
കാലുകള്‍ പറഞ്ഞു: വഴിവെട്ടി നടക്കൂ..
ഇലകള്‍ പറഞ്ഞു: പച്ചപ്പുകളിലേക്കു നടക്കൂ..
മണ്ണട്ടകള്‍ പറഞ്ഞു: മണ്ണറിഞ്ഞു നടക്കൂ..
ഇരുളും മെല്ലെ വെളിച്ചമായ് വന്നു. ബിലാല്‍ വഴിവെട്ടി നടന്നു. ബിലാല്‍ പച്ചപ്പുകളിലേക്ക് നടന്നു. ബിലാല്‍ മണ്ണറിഞ്ഞു നടന്നു.''
അപകടകരമായ ആശയസംഹിതകളില്‍ പങ്കുചേര്‍ക്കപ്പെട്ടതുമൂലം സ്വന്തം അസ്തിത്വം നഷ്ടപ്പെടുന്നവരുടെ പശ്ചാത്താപം നോവലിസ്റ്റ് സ്വപ്‌നം കാണുന്നുണ്ട്. ഇരുളില്‍നിന്നു മാറിയാലേ വെളിച്ചത്തെ അറിയാനാകൂ എന്ന സന്ദേശമാണ് അതു നല്‍കുന്നത്. ബിലാലും ജിയാദും നിലീനയും മുഫീദയുമടങ്ങുന്ന സംഘം ഓരോ കൊലപാതകിയെയും അവരുടെ തട്ടകങ്ങളില്‍ പോയി കാണുന്നതു പ്രതികാരം ചെയ്യാനൊന്നുമല്ല. തങ്ങളുടെ പ്രിയപ്പെട്ടവരെ മരണത്തിനു സമര്‍പ്പിക്കാന്‍ മാത്രം ഘാതകരോട് ആ പാവങ്ങള്‍ എന്തു തെറ്റുചെയ്തു എന്നറിയാനാണ്. ആ ചോദ്യത്തിനു മുന്‍പില്‍ ഉത്തരംമുട്ടി നില്‍ക്കുന്ന വേട്ടക്കാരന്റെ നിസഹായതയിലാണ് അവരുടെ പ്രതികാരസുഖം.
കൂട്ടത്തില്‍നിന്ന് ഒറ്റപ്പെടുത്തുമ്പോള്‍ ക്രൂരനായ വേട്ടക്കാരന്‍ പോലും വെറും സാധു മനുഷ്യനാകുന്നതിന്റെ മാജിക്ക് പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് നോവല്‍ അവസാനിക്കുന്നത്. Darkness can't drive out darkness; only light can do that. Hate can't drive out hate; only love can do that എന്ന മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങിന്റെ വാക്കുകളും സ്വപ്‌നങ്ങളും തന്നെയാണ് ഷെരീഫ് സാഗര്‍ എന്ന നോവലിസ്റ്റിന്റെ മനസിനെയും ഭരിക്കുന്നത്. ഈ പുസ്തകത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട നന്മയായി ഉയര്‍ത്തിക്കാണിക്കാനുള്ളതും അതുതന്നെയാണ്. കെ.പി രാമനുണ്ണിയുടെ കുറിപ്പും കരീം ഗ്രാഫിയുടെ കവര്‍ചിത്രവും വി.ആര്‍ രാഗേഷിന്റെ ചിത്രങ്ങളും ഫൂക്കയുടെ രാഷ്ട്രീയത്തിനു തിളക്കമേറ്റുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."