പഴമയില്‍ മെനഞ്ഞ പുത്തന്‍വീട്
ഇതര ദേശക്കാരില്‍നിന്ന് മലയാളിയെ വ്യത്യസ്തനാക്കുന്ന സവിശേഷതകളില്‍ പ്രാധാന്യമര്‍ഹിക്കുന്നതാണു വീടിനോടുള്ള അവന്റെ പ്രണയം. മലയാളിയുടെ ജീനില്‍ തന്നെ ആ പ്രണയമുണ്ടെന്നാണു തോന്നുന്നത്. പണ്ടു വീടെന്നാല്‍ ഒന്നോ രണ്ടോ മുറിയും പുറത്തൊരു കുളിമുറിയുമായിരുന്നു. എന്നാല്‍ ഇന്നതില്‍നിന്ന് എത്രയോ കാതം ദൂരേക്ക് സഞ്ചരിച്ചിരിക്കുന്നു നമ്മള്‍.
വീടിനോടുള്ള ഈ ഇഷ്ടം കൊണ്ടു തന്നെയാകാം മലയാളത്തിലുള്ള അച്ചടി, ദൃശ്യ, ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങള്‍ക്കും വീടൊരു പ്രധാന വിഭവമായത്. മലയാളി ലോകം മുഴുവന്‍ വ്യാപിച്ച ഇക്കാലത്ത് അവന്‍ ജീവിക്കുന്ന ഭൂഗോളത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ള ഗൃഹ സങ്കല്‍പങ്ങളും അവന്‍ നാട്ടിലേക്ക് എത്തിച്ചിരിക്കുകയാണ്. ഇന്ന് വീടെന്നാല്‍ എലിവേഷന്‍(വീടിന്റെ മുഖവീക്ഷണം) എന്നത് ഒഴിവാക്കാന്‍ സാധിക്കാത്ത ഒന്നായിരിക്കുന്നു. വീടുകളുടെ പ്ലാസ്റ്റിക് സര്‍ജറിയെന്ന് ഇതിനെ വിളിക്കുന്നതായും കൂടുതല്‍ ഉചിതം.
പഴയ മനകളും തറവാടുകളുമെല്ലാം പൊളിച്ചെടുത്തു പുതിയ സ്ഥലത്ത് പുനര്‍നിര്‍മിക്കുന്നത് ഇന്ന് ഏറെ കണ്ടുവരുന്നുണ്ട്. നേരത്തെ പറഞ്ഞ വീടിനോടുള്ള പ്രണയം തന്നെയാണ് ഇതിലും പ്രകടമാകുന്നത്. എന്നാല്‍ പൂര്‍ണമായും പഴയ വസ്തുക്കള്‍ മാത്രം ഉപയോഗിച്ച് ഒരു വീട് നിര്‍മിച്ചെന്നു കേട്ടാല്‍ ആരും ആശ്ചര്യപ്പെട്ടുപോകും. കെട്ടിട നിര്‍മാണത്തിന് ഉപയോഗിച്ച മണല്‍ ഉള്‍പ്പെടെ പലതിനും നൂറ്റാണ്ടിന്റെ പഴക്കമുണ്ടെന്നു കേട്ടാല്‍ വാപൊളിച്ചു പോകും.
അത്തരമൊരു വീടാണ് കോഴിക്കോട് കുണ്ടുങ്ങല്‍ ചക്കിലകംപറമ്പില്‍ പണ്ടാരത്തോപ്പില്‍ മമ്മദ് കോയ സാക്ഷാല്‍ക്കരിച്ചിരിക്കുന്നത്. ഉപയോഗിച്ചുപഴകിയ ഫര്‍ണിച്ചറുകളുടെയും പഴകിയ ഉരുപ്പടികളുടെയും വ്യാപാരിയായ മമ്മദ് കോയ ഇല്ലങ്ങളും തറവാടുകളുമെല്ലാം വിലക്കെടുത്തു പൊളിക്കുന്ന പ്രവൃത്തിയിലും സജീവമാണ്. കേരളത്തിനു പുറത്ത് തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലും ഇദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖല പരന്നുകിടക്കുന്നു.
ആറുവര്‍ഷം മുന്‍പാണ് പഴയ സാധനസാമഗ്രികളുമായി മമ്മദ് കോയ വീടിന്റെ നിര്‍മാണം ആരംഭിച്ചത്. സുഹൃത്തും പ്രമുഖ ആര്‍കിടെക്ടുമായ ജയന്‍ ബിലാത്തിക്കുളത്തിനൊപ്പം കോഴിക്കോട്ടുനിന്ന് കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സ്വന്തം വീടെന്ന ചര്‍ച്ച കയറിവന്നത്. അപ്പോള്‍ തന്നെ ഒരു കടലാസില്‍ ജയന്‍ സുഹൃത്ത് മമ്മദിനായി ഡ്രോയിങ് വരച്ചു. ഈ പ്ലാന്‍ അടിസ്ഥാനത്തിലായിരുന്നു വീടിന്റെ ജോലികള്‍ക്ക് ആറുവര്‍ഷം മുന്‍പ് തുടക്കമിട്ടത്.
ഇന്നും വീടിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. രണ്ടു വര്‍ഷമായി താമസം തുടങ്ങിയിട്ടുണ്ടെങ്കിലും മൂന്നാം നിലയിലെ ഗോവണി ഉള്‍പ്പെടെയുള്ള ജോലികളും രണ്ടാം നിലയിലെ മുന്‍വശത്തെ പ്രവൃത്തികളുമെല്ലാം പൂര്‍ത്തീകരിക്കാനുണ്ട്. ജോലികള്‍ പൂര്‍ത്തിയായാല്‍ 2,500 ചതുരശ്രയടിയാവും വീടിന്റെ വിസ്തീര്‍ണം.
കോഴിക്കോട് റെയില്‍വേ സ്റ്റേഷന്റെ തെക്കുപടിഞ്ഞാറന്‍ മേഖലയായ കുണ്ടുങ്ങലാണ് മമ്മദും കുടുംബവും താമസിക്കുന്ന വീട് സ്ഥിതി ചെയ്യുന്നത്. വീട് നിര്‍മിക്കുന്ന ഭീമമായ ചെലവില്‍നിന്നു രക്ഷപ്പെടാന്‍ കൂടിയായിരുന്നു ഇത്തരം ഒരു ശ്രമത്തിന് തുടക്കമിട്ടതെന്ന് മമ്മദ് കോയ പറയുന്നു. ജയനായിരുന്നു പഴയ വസ്തുക്കളോടുള്ള തന്റെ ആഭിമുഖ്യം മനസിലാക്കി അത്തരത്തില്‍ ഒരു വീട് നിര്‍മിക്കുന്നതിനെ കുറിച്ച് ആലോചന ഇട്ടുതന്നതെന്നും മമ്മദ്‌കോയ.
കണ്ണൂര്‍ സിറ്റി ജുമുഅത്ത് കമ്മിറ്റിയുടെ കെട്ടിടം പൊളിച്ചപ്പോള്‍ ലഭിച്ച തൂണുകളും വാതിലുകളും ജനലുകളുമാണു വീടിന്റെ മുന്‍ഭാഗത്ത് ഉപയോഗിച്ചിരിക്കുന്നത്. വീടിന്റെ സമീപപ്രദേശമായ തങ്ങള്‍സ് റോഡില്‍ പൊളിക്കാനെടുത്ത വീടിന്റെ തറനിറച്ച മണലാണ് വീടിന്റെ നിര്‍മാണത്തിനെടുത്തത്. ഇവിടെനിന്നു ലഭിച്ച കല്ലുകളില്‍ വീടിന്റെ ചുവരുകളും പൊക്കിയെടുത്തു.
16 സെന്റ് സ്ഥലത്ത് പടര്‍ന്നുകിടന്ന ആ തറവാടിന്റെ തറ നിറക്കാന്‍ നാലടി ഉയരത്തിലായിരുന്നു മണല്‍ നിറച്ചത്. 40 വര്‍ഷം മുന്‍പ് ലോറിയില്‍ കൊണ്ടുവരുന്ന 90 വലിയ കുട്ട(140 അടി) മണലിന് 40 രൂപയായിരുന്നു വിലയെന്ന് മമ്മദ് കോയയുടെ പിതാവായ അബൂബക്കര്‍ പറയുന്നു. ഇന്ന് വെറും 70 അടി മണലിന് 9,000 രൂപ നല്‍കേണ്ട സ്ഥിതിയിലേക്ക് എത്തിയിരിക്കുന്നു കാര്യങ്ങള്‍. പത്തുമുപ്പതു വര്‍ഷം മുന്‍പുവരെ വീടിന്റെ തറനിറക്കാന്‍ പുഴയില്‍നിന്നുള്ള മണലായിരുന്നു തീരദേശങ്ങളില്‍ ഉപയോഗിച്ചിരുന്നത്. കടല്‍പ്പൂഴി ഉപയോഗിച്ചു തറനിറക്കുന്ന ശീലം ആരംഭിച്ചതു കാല്‍നൂറ്റാണ്ടു മുന്‍പായിരുന്നെന്നും അബൂബക്കറിന്റെ സാക്ഷ്യപ്പെടുത്തല്‍.
മമ്മദ് കോയയുടെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും വലിയ ദുരന്തമായിരുന്നു ആറുമാസം മുന്‍പ് പ്രമേഹം ബാധിച്ച് ഒരു കാല്‍മുട്ടിനു താഴെ മുറിച്ചുമാറ്റേണ്ടി വന്നത്. 18 വര്‍ഷമായി രോഗത്തിനു ചികിത്സ നടത്തിവരവേയാണു നാടുമുഴുവന്‍ ഓടിനടക്കുന്നതിനിടെ കാലിനടിയില്‍ സംഭവിച്ച ചെറിയൊരു പരുക്ക് ഇത്തരത്തില്‍ സങ്കീര്‍ണമായത്. കഴിഞ്ഞ കുറേ മാസങ്ങളായി വിശ്രമത്തിലായിരുന്ന മമ്മദ് കോയ ഇപ്പോള്‍ വീണ്ടും അംഗഭംഗം വകവയ്ക്കാതെ ഓടിനടക്കാന്‍ തുടങ്ങിയിട്ടുണ്ട്.
കോഴിക്കോട് മാനാഞ്ചിറയില്‍ പ്രവര്‍ത്തിക്കുന്ന ബി.ഇ.എം ഗേള്‍സ് സ്‌കൂളിന്റെ ഒരു ഭാഗം പൊളിച്ചുമാറ്റിയപ്പോള്‍ ലഭിച്ച ഗോവണിയാണ് വീടിന്റെ ഒന്നാം നിലയിലേക്ക് കയറാനായി പുനരുദ്ധരിച്ച് ഉപയോഗിച്ചിരിക്കുന്നത്. ഡൈനിങ് ടേബിളിന്റെ പ്രധാന തൂണിനായി ഉപയോഗിച്ചിരിക്കുന്നത് മനുഷ്യാവകാശ പ്രവര്‍ത്തക കെ. അജിതയുടെ പുഷ്പ ജങ്ഷനില്‍ നിലനിന്നിരുന്ന തറവാടിന്റെ തൂണുകളാണ്. നാലു വര്‍ഷം മുന്‍പായിരുന്ന അജിതയുടെ തറവാട് പൊളിച്ചുനീക്കിയത്. നേരത്തെ പറഞ്ഞ മറ്റു കെട്ടിടങ്ങളെല്ലാം വിലക്കെടുത്ത് പൊളിച്ചുനീക്കിയതും മമ്മദ്‌കോയ നേരിട്ടു തന്നെയായിരുന്നു.
വീടിനായി ഉപയോഗിച്ച മരത്തടികളെല്ലാം വിലകൂടിയ ഇനമായ വീട്ടി, തേക്ക്, പ്ലാവ് എന്നിവയിലുള്ളതാണ്. വാതിലുകളില്‍ ഉപയോഗിച്ച വിജാഗിരി, ഓടാമ്പല്‍ തുടങ്ങിയവയും പഴയതുതന്നെ. വീടില്‍ പുതിയ വസ്തുക്കളായി ഉപയോഗിച്ചത് ടൈലുകളും ആണി, സ്‌ക്രൂ തുടങ്ങിയ വളരെ കുറച്ചുവസ്തുക്കളും മാത്രമാണ്.
കടുത്ത ചൂടുകാലത്തും ആവശ്യമായ കാറ്റോട്ടവും കുളിരും ലഭിക്കുന്ന വീടിന്റെ സ്വസ്ഥതയില്‍ ഈ കോഴിക്കോട്ടുകാരനും കുടുംബവും ഇപ്പോള്‍ ഹാപ്പിയാണ്. ഭാര്യ സുഹറക്കും മക്കളായ ജനീഷ്, ജംഷീര്‍, അമീര്‍, ഇര്‍ഷാന റീന്‍ എന്നിവര്‍ക്കും പഴമകൊണ്ട് കെട്ടിപ്പൊക്കിയ ഈ പുത്തന്‍വീട് സന്തോഷത്തിന്റെയും സ്‌നേഹത്തിന്റെയും ഈടുവയ്പ്പാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."