മരുന്ന് മാറിയത് ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റുകളുടെ അഭാവം: ഫാര്‍മസി കൗണ്‍സില്‍
തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ രോഗിക്ക് മരുന്നുമാറിയയത് ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റിന്റെ അഭാവം മൂലമാണെന്ന് സംസ്ഥാന ഫാര്‍മസി കൗണ്‍സില്‍.
ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന രോഗികള്‍ക്ക് നഴ്‌സുമാര്‍ മരുന്ന് വിതരണം ചെയ്യുന്ന രീതിയാണ് നിലവിലുള്ളത്. മരുന്നുകളുടെ പ്രവര്‍ത്തനരീതിയെക്കുറിച്ച് അറിവില്ലാത്ത നഴ്‌സുമാര്‍ ഇത് ചെയ്യുന്നത് തീര്‍ത്തും അശാസ്ത്രീയമായ നടപടിയാണ്.
മരുന്ന് മാറിനല്‍കല്‍ പോലുള്ള സംഭവങ്ങള്‍ക്ക് ഇതാണ് കാരണം. വിദേശ രാജ്യങ്ങളില്‍ ഉള്ളതുപോലെ ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റിനെ ഇതിനായി നിയമിക്കുകയാണ് വേണ്ടതെന്നും ഫാര്‍മസി കൗണ്‍സില്‍ പ്രതിനിധികള്‍ പറയുന്നു.
സംസ്ഥാനത്ത് ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റ് തസ്തിക സൃഷ്ടിക്കണമെന്നത് ദീര്‍ഘനാളായുള്ള ആവശ്യമാണ്. എന്നാല്‍, സര്‍ക്കാര്‍തലത്തില്‍ ഇതുവരെയും അനുകൂലമായ പ്രതികരണമുണ്ടായിട്ടില്ല.
ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റിന് വേണ്ട ഫാംഡി കോഴ്‌സ് സര്‍ക്കാര്‍ മേഖലയില്‍ നടത്താത്തതുകൊണ്ട് തസ്തിക സൃഷ്ടിക്കാനാവില്ലെന്നാണ് വിഷയത്തില്‍ ധനകാര്യവകുപ്പിന്റെ നിലപാട്. നിലവില്‍ സംസ്ഥാനത്തെ 19 സ്വകാര്യ സ്ഥാപനങ്ങള്‍ ഫാംഡി കോഴ്‌സ് നല്‍കുന്നുണ്ട്.
2009ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഫാംഡി കോഴ്‌സിന് കേന്ദ്ര ഫാര്‍മസി കൗണ്‍സില്‍ അനുമതി നല്‍കിയിരുന്നു. അപ്പോഴും ധനകാര്യവകുപ്പ് തടസവാദം ഉന്നയിച്ചു.
ജനങ്ങളുടെ ആരോഗ്യ സുരക്ഷയെ സംബന്ധിച്ച് സര്‍ക്കാരിന് അല്‍പമെങ്കിലും ആത്മാര്‍ഥതയുണ്ടെങ്കില്‍ മരുന്ന് വിതരണം ശാസ്ത്രീയാടിസ്ഥാനത്തിലാക്കണമെന്ന് ഫാര്‍മസി കൗണ്‍സില്‍ പ്രസിഡന്റ് ബി. രാജന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."