ജയലളിതയുടെ ചികിത്സ: പറഞ്ഞതെല്ലാം കള്ളമായിരുന്നുവെന്ന് തമിഴ്‌നാട് വനം മന്ത്രി
ചെന്നൈ: ജയലളിതയുടെ മരണത്തില്‍ കൂടുതല്‍ ദുരൂഹത നിറച്ച് തമിഴ്‌നാട് മന്ത്രിയുടെ വെളിപ്പെടുത്തല്‍. ജയലളിത ആശുപത്രിയില്‍ കിടക്കുമ്പോള്‍ പാര്‍ട്ടി നേതാക്കള്‍ പറഞ്ഞതെല്ലാം തെറ്റായിരുന്നുവെന്നും ഇതിനെല്ലാം ജനങ്ങളോട് മാപ്പുചോദിക്കുന്നതായും വനം മന്ത്രി ദിണ്ഡിഗല്‍ ശ്രീനിവാസന്‍ അറിയിച്ചു.
ജയലളിതയെ ആരും അപ്പോളോ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നില്ല. ശശികല അല്ലാതെ ആരേയും മുറിക്കുള്ളില്‍ അനുവദിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജയലളിതയെ സന്ദര്‍ശിച്ചെന്നും അവരുടെ ആരോഗ്യസ്ഥിതി മികച്ചതാണെന്നും ഇഡ്ഡലി കഴിച്ചുവെന്നുമെല്ലാം പറയാന്‍ അണ്ണാഡി.എം.കെ നേതാക്കളെ നിര്‍ബന്ധിതതരാക്കുകയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
ശശികലയും ബന്ധുക്കളും പറഞ്ഞ കാര്യങ്ങളാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ജയലളിതയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് അണ്ണാഡി.എം.കെ നേതാക്കള്‍ പറഞ്ഞത്. എല്ലാം കള്ളമായിരുന്നെന്നും ആര്‍ക്കും ആശുപത്രിയില്‍ ജയയെ കാണാന്‍ അവസരം ലഭിച്ചിരുന്നില്ലെന്നും ശ്രീനിവാസന്‍ പറയുന്നു. കാണാനെത്തിയവര്‍ക്കെല്ലാം ശശികലയുടെ ബന്ധുക്കളുടെ വിവരണങ്ങള്‍ മാത്രം കേട്ട് മടങ്ങേണ്ടി വന്നു. ജയലളിതയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് കള്ളം പറയേണ്ടി വന്നതില്‍ ജനങ്ങളോട് മാപ്പ് ചോദിക്കുകയാണെന്നും വനം മന്ത്രി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 22നാണ് ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡിസംബര്‍ അഞ്ചിനാണ് ജയലളിത മരിച്ചത്.
2016 ഒക്ടോബര്‍ ഒന്നിനു ശേഷം ശശികല ജയലളിതയെ കണ്ടിട്ടില്ലെന്ന ടി.ടി.വി ദിനകരന്റെ പ്രസ്താവന ശരിയല്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."