ഗള്‍ഫ് പ്രതിസന്ധി ചര്‍ച്ചകളിലൂടെ മാത്രമേ പരിഹരിക്കാനാകൂവെന്ന് ഖത്തര്‍
ദോഹ: ചര്‍ച്ചകളിലൂടെ മാത്രമേ ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനാവുകയുള്ളൂവെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് ആല്‍ഥാനി. 72-ാം യു.എന്‍ പൊതുസഭാ സമ്മേളനത്തിന്റെ ഭാഗമായി ന്യൂയോര്‍ക്കില്‍ വിവിധ രാജ്യങ്ങളുടെ മന്ത്രിമാരുമായും ഉന്നത നയതന്ത്ര പ്രതിനിധികളുമായും നടത്തിയ ചര്‍ച്ചകളിലാണ് വിദേശകാര്യമന്ത്രി ഖത്തറിന്റെ നിലപാട് വ്യക്തമാക്കിയത്.
സഊദി സഖ്യരാജ്യങ്ങളുടെ നിയമവിരുദ്ധ ഉപരോധത്തെക്കുറിച്ചും തുടര്‍ന്നുണ്ടായ മനുഷ്യാവകാശ ലംഘനങ്ങള്‍ ഉള്‍പ്പടെയുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചും മന്ത്രി ലോകനേതാക്കളോട് വിശദീകരിച്ചു. സോമാലിയ പ്രധാനമന്ത്രി ഹസന് അലി ഖൈര്‍, വിദേശകാര്യങ്ങള്‍ക്കും സുരക്ഷാനയങ്ങള്ക്കുമായുള്ള യൂറോപ്യന്‍ യൂനിയന്‍ പ്രതിനിധി ഫെഡറിക് മൊഗറിനി, ഇറ്റലി വിദേശകാര്യ-രാജ്യാന്തര സഹകരണ മന്ത്രി ആംഗെലിനോ അല്‍ഫാനോ, ഉക്രെയ്ന് വിദേശകാര്യമന്ത്രി പാവ്ലോ ക്ലിംകിന്, ആസ്ത്രേലിയന്‍ വിദേശകാര്യമന്ത്രി ജൂലി ബിഷപ്, രാജ്യാന്തര ക്രൈസിസ് ഗ്രൂപ്പ് പ്രസിഡന്റ് ഴാങ് മാരി ഗെഹ്നോ എന്നിവരുമായും ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് ആല്‍ഥാനി കൂടിക്കാഴ്ച നടത്തി.
പശ്ചിമേഷ്യയിലെ പുതിയ സംഭവവികാസങ്ങള്‍, സിറിയ, ലിബിയ, യമന്‍ എന്നിവിടങ്ങളിലെ പ്രശ്നങ്ങള്‍ എന്നിവ കൂടിക്കാഴ്ചകളില്‍ ചര്‍ച്ചയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."