റെന്റ് എ കാര്‍ സ്ഥാപനങ്ങളില്‍ സമ്പൂര്‍ണ സഊദിവല്‍ക്കരണം പ്രഖ്യാപിച്ചു
റിയാദ്: സഊദിയിലെ റെന്റ് എ കാര്‍ സ്ഥാപനങ്ങളില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ചു. അടുത്ത മാര്‍ച്ച് മുതല്‍ ഇത്തരം സ്ഥാപനങ്ങള്‍ പൂര്‍ണമായും സഊദികളുടെ കീഴിലായിരിക്കും പ്രവര്‍ത്തിക്കുക. തൊഴില്‍ സാമൂഹിക വികസന മന്ത്രി അലി അല്‍ ഗഫിസാണ് ഇക്കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. നിയമം പ്രാബല്യത്തിലായാല്‍ മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനു വിദേശികള്‍ ഈ മേഖലയില്‍നിന്നു കുടിയൊഴിക്കപ്പെടും.
നേരത്തെ തന്നെ ഇതിനുള്ള തയാറെടുപ്പുകള്‍ സഊദി തൊഴില്‍ മന്ത്രാലയം ആരംഭിച്ചിരുന്നു. ഇതിനായി സഊദികള്‍ക്കിടയില്‍ അഭിപ്രായ സര്‍വേയും നടത്തിയിരുന്നു. സര്‍വേയില്‍ ലഭിച്ച അനുകൂല നിലപാടാണ് ഈ മേഖലയിലും സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം കൊണ്ടുവരാന്‍ കാരണം. ആറുമാസക്കാലത്തെ സമയ പരിധിയോടെയാണു മേഖലയില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ചിരിക്കുന്നത്. സ്ഥാപനങ്ങള്‍ക്കു തങ്ങളുടെ അവസ്ഥകള്‍ മെച്ചപ്പെടുത്താനും ആവശ്യത്തിനനുസരിച്ചുള്ള സ്വദേശികളെ നിയമിക്കാനുമടക്കമുള്ള കാര്യങ്ങള്‍ക്കാണ് ആറു മാസക്കാലയളവ് നല്‍കിയിരിക്കുന്നത്.
നിരവധി വിദേശികളാണ് മേഖലയില്‍ തൊഴിലെടുക്കുന്നതെന്നും നിര്‍ബന്ധ സ്വദേശിവല്‍ക്കരണം നടപ്പാക്കിയാല്‍ ആയിരക്കണക്കിന് സഊദികള്‍ക്ക് എളുപ്പത്തില്‍ തൊഴില്‍ ലഭിക്കുമെന്ന കണക്കുകൂട്ടലാണ് റെന്റ് ഇ കാര്‍ മേഖലയിലും സമ്പൂര്‍ണ സ്വദേശിവല്‍ക്കരണത്തിന് തൊഴില്‍ മന്ത്രാലയം മുതിരുന്നത്. കൂടാതെ, ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ പലതും ബിനാമി ബിസിനസായാണു പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രാലയം വിലയിരുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."